Football

സെൽഫ് ഗോൾ തോൽവി! സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സ് പുറത്ത്, മുംബൈ സെമിയിൽ

മഡ്ഗാവ്: സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് സെമി കാണാതെ പുറത്ത്. ഗ്രൂപ്പ് ഡിയിലെ നിർണായക മത്സരത്തിൽ മുംബൈ സിറ്റി എഫ്.സിയോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് മഞ്ഞപ്പട തോറ്റത്.

സെമിയിലെത്താൻ സമനില മതിയെന്നിരിക്കെ പൊരുതിന്ന ബ്ലാസ്റ്റേഴ്സ് മത്സരത്തിന്‍റെ അവസാന മിനിറ്റിൽ സെൽഫ് ഗോൾ വഴങ്ങുകയായിരുന്നു. 88ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ബോക്സിനുള്ളിൽ നടന്ന കൂട്ടപൊരിച്ചിലിനൊടുവിൽ ജോർജ് പെരേരെ ഡയസ് ഉയർത്തി നൽകിയ പന്ത് ക്ലിയർ ചെയ്യുന്നതിൽ സഹീഫിനും ഫ്രെഡ്ഡിക്കും വന്ന ആശയക്കുഴപ്പമാണ് ഓൺ ഗോളിലെത്തിയത്.

ഫ്രെഡ്ഡിയുടെ ശരീരത്തിൽ തട്ടിയ പന്ത് ഗോളിയെയും മറികടന്ന് നേരെ വലയിലേക്ക്. നേരത്തെ 48ാം മിനിറ്റിൽ രണ്ടാം മഞ്ഞകാർഡും വാങ്ങി സന്ദീപ് സിങ് പുറത്തുപോയതോടെ മത്സരത്തിന്‍റെ പകുതിയും പത്തുപേരുമായാണ് ബ്ലാസ്റ്റേഴ്സ് കളിച്ചത്. ഗ്രൂപ്പിൽ ബ്ലാസ്റ്റേഴ്സിനും മുംബൈക്കും ആറു പോയന്‍റാണെങ്കിലും നേർക്കുനേർ ഫലം നോക്കിയാണ് മുംബൈ സെമി ബെർത്ത് ഉറപ്പിച്ചത്. ബ്ലാസ്റ്റേഴ്സ് പുറത്തേക്കും.

സൂപ്പർ കപ്പ് ഫുട്ബാളിന്റെ ചരിത്രത്തിലാദ്യമായി സെമി ഫൈനലിൽ കടക്കാനുള്ള അവസരമാണ് ബ്ലാസ്റ്റേഴ്സ് നഷ്ടപ്പെടുത്തിയത്. ആദ്യ രണ്ട് മത്സരങ്ങളിൽ യഥാക്രമം രാജസ്ഥാൻ യുനൈറ്റഡിനെയും സ്പോർട്ടിങ് ഡൽഹിയെയും ബ്ലാസ്റ്റേഴ്സ് തോൽപിച്ചിരുന്നു.



© Madhyamam

Madhyamam

Madhyamam

Senior Editor and Contributor at Scoreium.