കൊച്ചി: ഐ.എസ്.എൽ സീസണ് മുന്നോടിയായി ആക്രമണനിര ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സ്പാനിഷ് താരം വിക്ടർ ബെർട്ടോമിയു കേരള ബ്ലാസ്റ്റേഴ്സിൽ. മുന്നേറ്റനിരയിൽ സ്ട്രൈക്കറായും വിങ്ങറായും ഒരുപോലെ കളിക്കാൻ മികവുള്ള താരമാണ്.
യൂറോപ്പിലും ഏഷ്യയിലുമായി വിവിധ ലീഗുകളിൽ കളിച്ച അനുഭവസമ്പത്തുമായാണ് ബെർട്ടോമിയു ബ്ലാസ്റ്റേഴ്സിലെത്തുന്നത്. സ്പെയിനിലെ ജിംനാസ്റ്റിക് ഡി ടരാഗോണ, സി.എഫ് അസ്കോ, എ.ഇ പ്രാറ്റ് തുടങ്ങിയ ക്ലബുകൾക്ക് പുറമെ ഹോങ്കോങ് പ്രീമിയർ ലീഗിലെ ഈസ്റ്റേൺ എഫ്.സി, ഇന്തോനേഷ്യൻ ക്ലബായ ഗ്രെസിക് യുനൈറ്റഡ് എഫ്.സി എന്നിവക്കായും പന്തുതട്ടിയിട്ടുണ്ട്.
വേഗതയേറിയ നീക്കങ്ങളും ആക്രമണ ശൈലിയും ബെർട്ടോമിയുവിനെ ശ്രദ്ധേയനാക്കുന്നു. ആക്രമണനിരയിൽ ഏത് റോളും കൈകാര്യം ചെയ്യാൻ മികവുള്ള വിക്ടർ ബെർട്ടോമിയു ടീമിന് പുതിയൊരു ഊർജം നൽകുമെന്ന് ബ്ലാസ്റ്റേഴ്സ് സി.ഇ.ഒ അഭിക് ചാറ്റർജി പറഞ്ഞു. വിക്ടർ ബെർട്ടോമിയു ഉടൻ ടീമിനൊപ്പം ചേരും.
റഹീം സ്റ്റെർലിങ് ചെൽസി വിട്ടു
ലണ്ടൻ: ഇംഗ്ലണ്ടിന്റെ അന്താരാഷ്ട്ര വിങ്ങർ റഹീം സ്റ്റെർലിങ് പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസി വിട്ടു. 2027 വരെ കരാറുണ്ടായിരുന്ന 31കാരൻ പരസ്പര ധാരണപ്രകാരമാണ് നീല ജഴ്സിയൂരുന്നത്.
2022ൽ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നെത്തിയ സ്റ്റെർലിങ്ങിന് ചെൽസിയിൽ പക്ഷേ, പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. കഴിഞ്ഞ വർഷം ലോണിൽ ആഴ്സനലിൽ പോയപ്പോഴും നിരാശയായിരുന്നു ഫലം. ചെൽസിക്കായി 59 മത്സരങ്ങളിൽ 14 ഗോളാണ് സമ്പാദ്യം. ഫ്രീ ഏജന്റായാണ് ക്ലബ് വിടുന്നത്.
