നിസ്സഹായാവസ്ഥയിൽ എ.ഐ.എഫ്.എഫ്; കേന്ദ്ര കായിക മന്ത്രിയുടെ സഹായം തേടി ഐ.എസ്.എൽ-ഐ ലീഗ് ക്ലബുകൾ

ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബാളിലെ പ്രതിസന്ധി മറികടക്കാനുള്ള അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്‍റെയും (എ.ഐ.എഫ്എഫ്) ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ) സി.ഇ.ഒയുടെയും ശ്രമങ്ങൾ പരാജയപ്പെട്ടതോടെ കേന്ദ്ര കായിക മന്ത്രിയുടെ സഹായം തേടി ക്ലബുകൾ.

മന്ത്രി മാൻസുക് മാണ്ഡവ്യ അധ്യക്ഷത വഹിക്കുന്ന യോഗത്തിലേക്ക് ഐ ലീഗ് ക്ലബുകളെയും ക്ഷണിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ നടക്കുന്ന യോഗത്തിൽ ഐ.എസ്.എൽ-ഐ ലീഗ് ക്ലബ് പ്രതിനിധികൾ പങ്കെടുക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഇന്ത്യൻ ഫുട്ബാളിലെ നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ കായിക മന്ത്രി ഐ.എസ്.എൽ-ഐ ലീഗ് ക്ലബുകളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുമെന്ന് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്ത ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു. എ.ഐ.എഫ്.എഫ് തലവനും പശ്ചിമ ബംഗാളിൽനിന്നുള്ള ബി.ജെ.പി നേതാവുമായ കല്യാൺ ചൗബെ യോഗത്തിൽ പങ്കെടുക്കുമോ എന്നകാര്യത്തിൽ ഉറപ്പില്ല. ഐ.എസ്.എൽ, ഐ ലീഗ് ഉൾപ്പെടെയുള്ള ടൂർണമെന്‍റുകൾക്ക് ഒരു പൊതുവായ സ്പോൺസറെ കണ്ടെത്തണമെന്ന് എ.ഐ.എഫ്.എഫ് ജനറൽ സെക്രട്ടറി എം. സത്യനാരായണന് അയച്ച കത്തിൽ ഐ ലീഗ് ക്ലബ് പ്രതിനിധികൾ ആവശ്യപ്പെട്ടു.

ഐ.എസ്.എൽ പുതിയ സീസണിന്‍റെ സംഘാടനം അനിശ്ചിതത്വത്തിലായതോടെ തുറന്ന കത്തുമായി താരങ്ങൾ കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. ഐ.എസ്.എൽ സ്പോൺസർഷിപ്പിനായി അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ ടെൻഡർ ക്ഷണിച്ചിട്ടും ആരും താൽപര്യമറിയിച്ച് രംഗത്തുവരാതിരുന്നതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ടൂർണമെന്റ് പുനരാരംഭിക്കാൻ എ.ഐ.എഫ്.എഫ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മുതിർന്ന താരം സുനിൽ ഛേത്രി, സന്ദേശ് ജിങ്കാൻ, ഗുർപ്രീത് സിങ് സന്ധു, ലാലിയാൻസുവാല ചാങ്തെ, ആഷിഖ് കുരുണിയൻ, കേരള ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാൻ ലൂണ ഉൾപ്പെടെ താരങ്ങൾ അഭ്യർഥിക്കുകയായിരുന്നു.

യോഗത്തെ കുറിച്ച് ഒന്നും പറയാനാകില്ലെന്നും അത് അനുചിതമാകുമെന്നും ചൗബെ പ്രതികരിച്ചു. അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ സ്പോൺസർ ഷിപ്പ് ടെൻഡറിന്റെ അവസാന തീയതി നവംബർ ഏഴിനായിരുന്നു. എന്നാൽ, നേരത്തെ സന്നദ്ധത അറിയിച്ച കമ്പനികൾ ഉൾപ്പെടെ ആരും ടെൻഡർ സമർപ്പിച്ചില്ല. ഇതോടെ വലിയ പ്രതിസന്ധിയാണ് ഇന്ത്യൻ ഫുട്ബാളിനെ വരിഞ്ഞുമുറുക്കുന്നത്. ടൂർമെന്റ് കിക്കോഫ് അനിശ്ചിതമായി മുടങ്ങിയോടെ കേരള ബ്ലാസ്റ്റേഴ്സ്, മോഹൻ ബഗാൻ, ചെന്നൈയിൻ എഫ്.സി, ഇന്റർ കാശി തുടങ്ങിയ ക്ലബുകൾ തങ്ങളുടെ പ്രവർത്തനവും നിർത്തി വെച്ചിരുന്നു. മത്സരങ്ങളില്ലാതായതോടെ താരങ്ങളുടെ പരിശീലനവും നിലച്ച മട്ടാണ്. വിവിധ ക്ലബുകൾ താരങ്ങളെ വീടുകളിലേക്ക് മടക്കി അയച്ചതും ഇന്ത്യൻ ഫുട്ബാളിന്റെ ഭാവിയെ തന്നെ ചോദ്യചിഹ്നമായി.

‘ഞങ്ങളുടെ ദേഷ്യവും, നിരാശ, ദുഃഖവും ഇപ്പോൾ പൂർണ നിരാശയിലേക്ക് പതിച്ചിരിക്കുന്നു. ഏറ്റവും പ്രിയപ്പെട്ട കളി കുടുംബത്തിനും ആരാധകർക്കും മുന്നിൽ കളിക്കാനാവില്ലേ എന്ന നിരാശയിലേക്ക് മാറിയിരിക്കുന്നു. രാജ്യത്തെ കായികമ സംഘാടകരോട് എല്ലാമായുള്ള അഭ്യർത്ഥനയാണിത്. ഇന്ത്യയുടെ മുൻനിര ഫുട്ബാൾ സീസൺ മുടങ്ങാതിരിക്കാൻ സാധ്യമായതെല്ലാം ചെയ്യുക. എക്കാലത്തേക്കാളും ഇന്ത്യക്ക് ഇപ്പോൾ ഫുട്ബാൾ ലീഗ് ആവശ്യമാണ്’ -താരങ്ങൾ സാമൂഹിക മാധ്യമ കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

ബൽ കൺസൾട്ടൻസി കമ്പനിയായ കെ.പി.എം.ജി നേതൃത്വത്തിൽ തയാറാക്കിയ എ.ഐ.എഫ്.എഫിന്റെ ബിഡ് നിബന്ധനകളാണ് സ്പോൺസർഷിപ്പിന് വിലങ്ങു തടിയാകുന്നത്. വർഷം 37.5 കോടി രൂപ അല്ലെങ്കിൽ ആകെ വരുമാനത്തിന്റെ അഞ്ചു ശതമാനം എ.ഐ.എഫ്.എഫിന് നൽകണമെന്നാണ് വ്യവസ്ഥ. എന്നാൽ, പ്രതിവർഷം 200-300 കോടി വരെ നഷ്ടമുള്ള ഐ.എസ്.എലിന്റെ വിപണി സാധ്യതകൾ വിശകലനം ചെയ്യുമ്പോൾ ഫുട്ബാൾ ഫെഡറേഷന്റെ ആവശ്യം ഉൾകൊള്ളാൻ കഴിയില്ല.



© Madhyamam