ഒടുവിൽ ആവേശകരമായ പോരാട്ടത്തിനൊടുവിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ പ്രവേശിച്ചു! സ്വന്തം തട്ടകത്തിൽ ഇന്നലെ നടന്ന രണ്ടാം സെമി ഫൈനൽ മത്സരത്തിൽ ജംഷഡ്പൂർ എഫ്സിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് മോഹൻ ബഗാൻ ഫൈനലിൽ പ്രവേശിച്ചത്. ഇതോടെ ഇരുപാദങ്ങളിലുമായി 3-2 എന്ന അഗ്രിഗേറ്റ് സ്കോറോടെ അവർ ഫൈനലിന് യോഗ്യത നേടി. ഇത് മോഹൻ ബഗാന്റെ തുടർച്ചയായ മൂന്നാം ഐഎസ്എൽ ഫൈനൽ ആണ് എന്നതും ശ്രദ്ധേയമാണ്.
ഇനി ഫൈനലിൽ അവർക്ക് ബംഗളൂരു എഫ്സിയാണ് എതിരാളി. കൊൽക്കത്തയിലെ മോഹൻ ബഗാൻ ഹോം ഗ്രൗണ്ടിലാകും ഈ വാശിയേറിയ കലാശപ്പോരാട്ടം അരങ്ങേറുക.
കളിയിൽ ജംഷഡ്പൂരിന്റെ പ്രതിരോധത്തിൽ ചില പ്രശ്നങ്ങളുണ്ടായി. അവർക്ക് കിട്ടിയ അവസരങ്ങൾ ഗോൾ ആക്കി മാറ്റാൻ കഴിഞ്ഞില്ല. ജംഷഡ്പൂരിന്റെ താരം പ്രണയ് ഹാൾദർക്ക് രണ്ട് പിഴവുകൾ സംഭവിച്ചത് ടീമിന് വലിയ തിരിച്ചടിയായി. ഒരു ഹാൻഡ്ബോൾ പെനാൽറ്റിക്കും, കളി അവസാനിക്കുന്നതിന് തൊട്ടുമുൻപ് ഒരു പാസ് പിഴച്ച് അത് എതിർ ടീമിന്റെ ഗോളിനും കാരണമായി.
51-ാം മിനിറ്റില്‍ ജേസണ്‍ കമ്മിങ്സ് പെനാല്‍റ്റി ഗോളാക്കി മാറ്റി സ്കോറിങിന് തുടക്കമിട്ടു. മോഹൻ ബഗാന്റെ രണ്ടാം ഗോൾ വളരെ മികച്ചതായിരുന്നു. അധിക സമയത്തിന്റെ നാലാം മിനിറ്റില്‍ (90+4) ലാലെങ്മാവിയ റാള്‍ട്ടെ (അപുയ) ഗംഭീര ഗോള്‍ നേടിയതോടെ ബഗാന് 2-0ന് ജയിച്ചുകയറി.
അതേസമയം, ജംഷഡ്പൂരിന് കാര്യമായ ആക്രമണങ്ങൾ നടത്താൻ കഴിഞ്ഞില്ല. അവരുടെ പ്രധാന കളിക്കാർ ഇല്ലാതിരുന്നത് പ്രതിരോധത്തെ ബാധിച്ചു.
ഇനി ഫൈനലിൽ ബംഗളൂരു എഫ്സിയും മോഹൻ ബഗാനും തമ്മിലാണ് മത്സരം. ഈ പോരാട്ടം കടുത്തതാകുമെന്നാണ് പ്രതീക്ഷ.