ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്എൽ) ഭാവി അനിശ്ചിതത്വത്തിലായതോടെ, പ്രശ്നപരിഹാരത്തിനായി ക്ലബ്ബുകളും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനും (എഐഎഫ്എഫ്) സുപ്രീം കോടതിയെ സമീപിക്കുന്നു. ലീഗ് നടത്തിപ്പിലെ തർക്കങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അടുത്ത ആഴ്ച കോടതിയിൽ ഹർജി നൽകാനാണ് സംയുക്ത തീരുമാനം.
ലീഗിന്റെ വാണിജ്യ പങ്കാളികളായ ഫുട്ബോൾ സ്പോർട്സ് ഡെവലപ്‌മെന്റ് ലിമിറ്റഡും (എഫ്എസ്ഡിഎൽ) എഐഎഫ്എഫും തമ്മിലുള്ള മുഖ്യ കരാർ (മാസ്റ്റേഴ്സ് റൈറ്റ്സ് എഗ്രിമെന്റ്) പുതുക്കാൻ കഴിയാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഈ തർക്കം മൂലം 2025-26 സീസൺ എപ്പോൾ ആരംഭിക്കാൻ കഴിയുമെന്ന കാര്യത്തിൽ വ്യക്തതയില്ലാതായി.
ക്ലബ്ബുകളുമായി ചർച്ച നടത്തിയെന്നും വിഷയം സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും എഐഎഫ്എഫ് ഔദ്യോഗികമായി അറിയിച്ചു. സീസൺ വൈകുന്നത് കളിക്കാർക്കും പരിശീലകർക്കും ക്ലബ്ബുകൾക്കും വലിയ സാമ്പത്തിക, പ്രൊഫഷണൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ടെന്ന് കോടതിയെ അറിയിക്കാനാണ് നീക്കം.
പ്രതിസന്ധി രൂക്ഷമായതോടെ, പ്രമുഖ ക്ലബ്ബുകളായ ചെന്നൈയിൻ എഫ്‌സി, ബെംഗളൂരു എഫ്‌സി എന്നിവർ തങ്ങളുടെ സീനിയർ ടീമിന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.
അതേസമയം, പ്രശ്നപരിഹാരത്തിനായി മൂന്ന് കക്ഷികളും തമ്മിലുള്ള ചർച്ചകൾ തുടരുന്നുണ്ട്. എങ്കിലും, ലീഗിന്റെ ഭാവിയിൽ അന്തിമ തീരുമാനം സുപ്രീം കോടതിയുടെ ഇടപെടലോടെ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ഫുട്ബോൾ ലോകം.