ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബാളിന് വീണ്ടും വിലക്ക് ഭീഷണിയുമായി ആഗോള ഫുട്ബാൾ ഫെഡറേഷനായ ഫിഫ. പുതുക്കിയ ഭരണ ഘടന അംഗീകരിക്കുന്നതിലെ ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷന്റെ കാലതാമസത്തിൽ ആശങ്ക അറിയിച്ചുകൊണ്ടാണ് ഫിഫയും ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷനും (എ.എഫ്.സി) അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷന് വിലക്ക് ഭീഷണിയുമായി രംഗത്തെത്തിയത്. ഒക്ടോബർ 30നുള്ളിൽ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ഇന്ത്യൻ ഫുട്ബാളിലെ വിലക്കുമെന്ന് എ.ഐ.എഫ്.എഫ് പ്രസിഡന്റ് കല്യാൻ ചൗബേക്ക് അയച്ച കത്തിൽ ഫിഫയും എ.എഫ്.സിയും മുന്നറിയിപ്പ് നൽകി.
മൂന്നു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഇന്ത്യൻ ഫുട്ബാൾ വിലക്ക് ഭീഷണി നേരിടുന്നത്. നേരത്തെ 2022ൽ ഫെഡറേഷനിലെ ബാഹ്യ ഇടപെടലിന്റെ പേരിൽ ഫിഫ വിലക്ക് പ്രഖ്യാപിച്ചിരുന്നു. അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷന്റെ ഭരണത്തിൽ പുറത്തുനിന്നുണ്ടായ ഇടപെടൽ ഗുരുതര വീഴ്ചയായി ചൂണ്ടികാട്ടിയാണ് അന്ന് വില വിലക്കിയത്. പത്തു ദിവസത്തിനു ശേഷമാണ് ആ വിലക്ക് നീക്കിയത്.
വീണ്ടും വിലക്ക് പ്രാബല്ല്യത്തിൽ വരികയാണെങ്കിൽ ഇന്ത്യൻ ഫുട്ബാൾ ടീമിനും, ക്ലബുകൾക്കും രാജ്യാന്തര മത്സരങ്ങരങ്ങളിൽ പങ്കെടുക്കാൻ കഴിയില്ല. രാജ്യാന്തര മത്സരങ്ങൾക്ക് വേദിയൊരുക്കുന്നതിലും ഇന്ത്യക്ക് തടസ്സമായി മാറും.
വിലക്ക് ഭീഷണിക്ക് കാരണം
അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ ഭരണവുമായി ബന്ധപ്പെട്ട സുപ്രീം കോടതിയിലെ കേസു കെട്ടുകളുടെ തുടർച്ചയാണ് ഇേപ്പാഴത്തെ ഫിഫ-എ.എഫ്.സി വിലക്ക് ഭീതിയും. എ.ഐ.എഫ്.എഫ് ഭരണഘടന സംബന്ധിച്ച് സുപ്രീം കോടതിയിൽ നിന്ന് അന്തിമ ഉത്തരവ് നേടിയെടുക്കാനും, നടപ്പാക്കാനുമുള്ള സമയം അതിക്രമിച്ചെന്നും ഒക്ടോബർ 30നുള്ളി പരിഹാരം വേണമെന്നുമാണ് ഫിഫ എ.ഐ.എഫ്.എഫ് പ്രസിഡന്റിന് അയച്ച കത്തിൽ ആവശ്യപ്പെടുന്നത്. കൂടാതെ ഭരണഘടന ഫിഫയുടെയും എ.എഫ്.സിയുടെയും ചട്ടങ്ങൾക്ക് അനുസൃതമായിരിക്കണമെന്നും ആവശ്യപ്പെടുന്നു.
പുതുക്കിയ ഭരണഘടനക്ക് അന്തിമരൂപം നൽകുന്നതിലും നടപ്പിലാക്കുന്നതിലും ഫെഡറേഷൻ പരാജയപ്പെട്ടതിൽ ആശങ്കയും പ്രകടിപ്പിച്ചു. 2017ൽ സുപ്രീം കോടതിയുടെ മുമ്പാകെയുള്ള വിഷയം ഇതുവരെ പരിഹരിക്കപ്പെടാത്തതിൽ രാജ്യാന്തര ഫെഡറേഷൻ ആശങ്ക പങ്കുവെച്ചു. ഭരണ ചട്ടക്കൂടിന്റെ അഭാവം ഇന്ത്യൻ ഫുട്ബോളിൽ അനിശ്ചിതത്വവും പ്രതിസന്ധിയും സൃഷ്ടിക്കുന്നതായും ഫിഫ കത്തിൽ വ്യക്താമക്കി. കോടതിയിലെ കേസ് കാരണം ഭരണം പ്രതിസന്ധിയിലായ ഇന്ത്യൻ ഫുട്ബാളിൽ ക്ലബുകളുടെയും കളിക്കാരുടെയും ഭാവിയും ടൂർണമെന്റ് സംഘാടനവും അനിശ്ചിതത്വത്തിലായി. സാമ്പത്തിക സ്ഥിരതയില്ലായ്മ ഇന്ത്യൻ ഫുട്ബാളിനെ പ്രതികൂലമായി ബാധിച്ചുവെന്നും എ.ഐ.എഫ്.എഫിനുള്ള കത്തിൽ ഫിഫയും എ.എഫ്.സിയും ചൂണ്ടികാട്ടി.
ഐ.എസ്.എൽ സംഘാടനവുമായി ബന്ധപ്പെട്ട് തുടരുന്ന പ്രശ്നങ്ങൾക്ക് കഴിഞ്ഞ ദിവസം താൽകാലിക ആശ്വാസം കണ്ടെത്തിയ വാർത്തക്കു പിന്നാലെയാണ് ഫെഡറേഷനെ കൂടുതൽ പ്രതിസന്ധിയിലാക്കികൊണ്ട് വിലക്ക് ഭീഷണിയെത്തുന്നത്.
കഴിഞ്ഞ ദിവസം ഐ.എസ്.എൽ സംഘാടകരായ ഫുട്ബാൾ സ്പോർട്സ് ഡെവലപ്മെന്റ് ഫെഡറേഷനുമായി നടത്തിയ ചർച്ചയിൽ ഐ.എസ്.എൽ മത്സരങ്ങൾ ഒക്ടോബർ 24ന് ആരംഭിക്കാമെന്ന് ധാരണയായിരുന്നു.
വിലക്ക് ഭീതി അർജന്റീനാ മത്സരത്തിനും ഭീഷണി
ഒക്ടോബർ 30നുള്ളിൽ പ്രശ്നങ്ങൾക്ക് പരിഹാരമായില്ലെങ്കിൽ വിലക്കുമെന്നാണ് ഫിഫ മുന്നറിയിപ്പ്. അങ്ങനെയെങ്കിൽ ഇന്ത്യൻ ദേശീയ ടീമിന്റെയും ക്ലബുകളുടെയും മത്സരങ്ങൾക്ക് മാത്രമല്ല, വിദേശ ടീമുകളുടെ മത്സരങ്ങൾ വേദിയൊരുക്കുന്നതിലും തിരിച്ചടിയാകും. നവംബറിൽ അർജന്റീനയ ദേശീയ ടീം കേരളത്തിൽ കളിക്കാൻ സന്നദ്ധമായിരിക്കെയാണ് ഫിഫയുടെ മുന്നറിയിപ്പെത്തുന്നത്. അതേസമയം, അതിന് മുമ്പ് പ്രശ്നം പരിഹരിക്കാൻ ഏറെ സാധ്യതയുണ്ടെന്നതാണ് ആരാധകരുടെ ആശ്വാസം. നവംബർ10-18 ഷെഡ്യൂളിലാണ് ലോകചാമ്പ്യന്മാരായ അർജന്റീന കേരളത്തിൽ കളിക്കാനെത്തുന്നത്. തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയമാണ് മത്സര വേദിയായി നിശ്ചയിച്ചത്.