സൂറിച്ച്: എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിലെ മോശം പ്രകടനത്തിനു പിന്നാലെ ഫിഫ റാങ്കിങ്ങിൽ ഇന്ത്യ കൂപ്പുകുത്തി. ഏറ്റവും പുതിയ ഫിഫ റാങ്കിങ്ങിൽ ആറ് സ്ഥാനം നഷ്ടപ്പെട്ട ഇന്ത്യ 142-ാം സ്ഥാനത്തേക്ക് വീണു. ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിലെ അഞ്ച് മത്സരങ്ങളിൽ ഒന്നിൽ പോലും ജയിക്കാൻ ഇന്ത്യക്കായില്ല. മൂന്ന് മത്സരങ്ങള്‍ തോല്‍ക്കുകയും ചെയ്തു. 2015ൽ 173-ാം സ്ഥാനത്ത് എത്തിയതാണ് ഫിഫ റാങ്കിങ്ങിൽ ഇന്ത്യയുടെ ഏറ്റവും മോശം പ്രകടനം.
കഴിഞ്ഞ മാസം ഏഷ്യൻ കപ്പ് യോഗ്യതാ പോരാട്ടത്തില്‍ സിംഗപ്പൂരിനെതിരെയുള്ള മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിന് തോറ്റാണ് ഇന്ത്യ പുറത്തായത്. ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനോടും ഇന്ത്യ എതിരില്ലാത്ത ഒരു ഗോളിന് തോറ്റു. ഒരു പതിറ്റാണ്ടിനിടെ ഇന്ത്യൻ ഫുട്ബാളിന്‍റെ ഏറ്റവും മോശം റാങ്കാണ് നിലവിലത്തേത്.
അതേസമയം, ലോക ഫുട്ബാളിൽ അപരാജിതരായി മുന്നേറുന്ന സ്പെയിൻ ഫിഫ റാങ്കിങ്ങിൽ ഒന്നാംസ്ഥാനം നിലനിർത്തി. തുടർച്ചയായ 31 മത്സങ്ങളിൽ തോൽവി അറിയാതെ അടുത്ത വർഷത്തെ ലോകകപ്പിന് അവർ യോഗ്യത നേടുകയും ചെയ്തു. അർജന്‍റീന, ഫ്രാൻസ്, ഇംഗ്ലണ്ട് എന്നിവയാണ് രണ്ട് മുതൽ നാല് വരെ സ്ഥാനങ്ങളിൽ. രണ്ടുസ്ഥാനം മെച്ചപ്പെടുത്തി ബ്രസീൽ അഞ്ചാം റാങ്കിലേക്കുയർന്നു. പോർച്ചുഗൽ, നെതർലൻഡ്സ്, ബെൽജിയം, ജർമനി, ക്രൊയേഷ്യ എന്നിവരാണ് ആദ്യ പത്തിലെ മറ്റ് ടീമുകൾ. മൂന്ന് സ്ഥാനം നഷ്ടമായ ഇറ്റലി പതിമൂന്നാം റാങ്കിലേക്ക് വീണു. പതിനെട്ടാം സ്ഥാനത്തുള്ള ജപ്പാനാണ് ഉയർന്ന റാങ്കുള്ള ഏഷ്യൻ ടീം.
