കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് (ISL) 2025-26 സീസണിലെ കിരീട ജേതാക്കളെ മെയ് 21 വ്യാഴാഴ്ച നടക്കുന്ന അവസാന റൗണ്ട് മത്സരങ്ങൾ തീരുമാനിക്കും. ഞായറാഴ്ച സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ചിരവൈരികളായ മോഹൻ ബഗാൻ സൂപ്പർ ജയന്റും ഈസ്റ്റ് ബംഗാളും 1-1 സമനിലയിൽ പിരിഞ്ഞതോടെയാണ് ലീഗിലെ കിരീടപ്പോരാട്ടം കൂടുതൽ ആവേശകരമായത്.
സമനിലയോടെ കൊൽക്കത്തയിലെ രണ്ട് വമ്പൻ ക്ലബ്ബുകളും 23 പോയിന്റുമായി ഒപ്പത്തിനൊപ്പമാണ്. മികച്ച ഗോൾ ശരാശരിയുടെ അടിസ്ഥാനത്തിൽ ഈസ്റ്റ് ബംഗാൾ പോയിന്റ് പട്ടികയിൽ ഒന്നാമത് തുടരുന്നു. ഒരു മത്സരം കൂടുതൽ കളിച്ച ബംഗളൂരു എഫ്സിക്കും 23 പോയിന്റുണ്ട്.
ഈസ്റ്റ് ബംഗാളിന് എങ്ങനെ കിരീടം നേടാം?
മെയ് 21-ന് നടക്കുന്ന അവസാന മത്സരത്തിൽ ഇന്റർ കാശിയെ തോൽപ്പിക്കുകയും, അതേസമയം എസ്സി ഡൽഹിക്കെതിരെ മോഹൻ ബഗാൻ ആറ് ഗോൾ വ്യത്യാസത്തിൽ വിജയിക്കാതിരിക്കുകയും ചെയ്താൽ ഈസ്റ്റ് ബംഗാളിന് കന്നി കിരീടം സ്വന്തമാക്കാം. മോഹൻ ബഗാൻ വിജയിക്കാതിരിക്കുകയും മുംബൈ സിറ്റി എഫ്സി – പഞ്ചാബ് എഫ്സി മത്സരം സമനിലയിൽ അവസാനിക്കുകയും ചെയ്താൽ ഈസ്റ്റ് ബംഗാളിന് സമനില കൊണ്ട് കിരീടം നേടാനാകും. അവസാന മത്സരത്തിൽ ഈസ്റ്റ് ബംഗാൾ പരാജയപ്പെടുകയാണെങ്കിൽ, മോഹൻ ബഗാൻ തോൽക്കുകയും പഞ്ചാബ് – മുംബൈ സിറ്റി മത്സരം സമനിലയിൽ പിരിയുകയും ചെയ്താൽ മാത്രമേ അവർക്ക് സാധ്യതയുള്ളൂ.
മോഹൻ ബഗാന്റെ സാധ്യതകൾ
എസ്സി ഡൽഹിക്കെതിരായ മത്സരത്തിൽ വിജയിക്കുകയും, ഈസ്റ്റ് ബംഗാൾ ഇന്റർ കാശിയോട് സമനില വഴങ്ങുകയോ തോൽക്കുകയോ ചെയ്താൽ മോഹൻ ബഗാന് കിരീടം നിലനിർത്താം. ഇരു ടീമുകളും അവസാന മത്സരത്തിൽ വിജയിക്കുകയാണെങ്കിൽ, ഗോൾ വ്യത്യാസം മറികടക്കാൻ മോഹൻ ബഗാൻ വലിയ മാർജിനിൽ ജയിക്കേണ്ടി വരും. ഈസ്റ്റ് ബംഗാൾ 1-0 ന് ജയിച്ചാൽ മോഹൻ ബഗാന് ആറ് ഗോൾ വ്യത്യാസത്തിലുള്ള വിജയം അനിവാര്യമാണ്. ഈസ്റ്റ് ബംഗാൾ പരാജയപ്പെടുകയും മുംബൈ സിറ്റി – പഞ്ചാബ് എഫ്സി മത്സരം സമനിലയിലാവുകയും ചെയ്താൽ മോഹൻ ബഗാന് സമനില മതിയാകും.
പഞ്ചാബ് എഫ്സിക്കും മുംബൈ സിറ്റിക്കും മുന്നിലുള്ള വഴികൾ
ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും പോയിന്റുകൾ നഷ്ടപ്പെടുത്തുകയും, തങ്ങളുടെ മത്സരത്തിൽ വിജയിക്കുകയും ചെയ്താൽ പഞ്ചാബ് എഫ്സിക്കോ മുംബൈ സിറ്റിക്കോ കിരീടത്തിൽ മുത്തമിടാം.
ജംഷഡ്പൂർ എഫ്സിയുടെ സാധ്യത
ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും പരാജയപ്പെടുകയും പഞ്ചാബ്, മുംബൈ സിറ്റി ടീമുകൾ ജയിക്കാതിരിക്കുകയും ചെയ്താൽ, അവസാന മത്സരത്തിൽ ഒഡീഷയെ തോൽപ്പിച്ചാൽ ജംഷഡ്പൂർ എഫ്സിക്ക് ട്രോഫി നേടാം. ബഗാനും ഈസ്റ്റ് ബംഗാളും തങ്ങളുടെ മത്സരങ്ങളിൽ സമനില വഴങ്ങുകയാണെങ്കിൽ, ബഗാന്റെ ഗോൾ വ്യത്യാസത്തേക്കാൾ ആറ് ഗോളിന്റെയും ഈസ്റ്റ് ബംഗാളിനേക്കാൾ 12 ഗോളിന്റെയും കുറവ് മറികടന്നാൽ മാത്രമേ ജംഷഡ്പൂരിന് കിരീടം നേടാൻ കഴിയൂ.
പ്രസിദ്ധീകരിച്ചത്: മെയ് 17, 2026
