കംഗാരുനാട്ടിൽ കടുവകളുടെ വേട്ട; കന്നി സെഞ്ച്വറിയുമായി ചരിത്രം കുറിച്ച് തൻസിദ് ഹസൻ



ഡാർവിൻ: ആസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ തകർപ്പൻ പ്രകടനവുമായി ബംഗ്ലാദേശ്. ഓപ്പണർ തൻസിദ് ഹസന്റെ കന്നി ടെസ്റ്റ് സെഞ്ച്വറിയുടെ മികവിൽ ഒന്നാം ഇന്നിങ്‌സിൽ ബംഗ്ലാദേശ് നിർണായക ലീഡ് സ്വന്തമാക്കി. കരിയറിലെ തന്റെ രണ്ടാം ടെസ്റ്റ് മത്സരം കളിക്കുന്ന തൻസിദ്, ഓസീസ് മണ്ണിൽ ടെസ്റ്റ് സെഞ്ച്വറി നേടുന്ന ആദ്യ ബംഗ്ലാദേശ് ബാറ്റർ എന്ന ചരിത്രനേട്ടവും ഡാർവിനിൽ സ്വന്തമാക്കി.

ഒന്നാം ഇന്നിങ്‌സിൽ ഓസ്‌ട്രേലിയയെ 198 റൺസിന് എറിഞ്ഞൊതുക്കിയ ശേഷം മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ്, ഒടുവിൽ വിവരം ലഭിക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 297 റൺസ് എന്ന ശക്തമായ നിലയിലാണ്. നിലവിൽ 41 റൺസിന്റെ ലീഡാണ് സന്ദർശകർക്കുള്ളത്.

188 പന്തിൽ നിന്നാണ് 25-കാരനായ തൻസിദ് തന്റെ കന്നി ടെസ്റ്റ് ശതകം പൂർത്തിയാക്കിയത്. എട്ട് ഫോറുകളും ഒരു സിക്‌സും ഉൾപ്പെടെ 197 പന്തിൽ 101 റൺസെടുത്ത താരം മികച്ച പോരാട്ടവീര്യമാണ് പുറത്തെടുത്തത്. ഓപ്പണർ ഷദ്മാൻ ഇസ്‌ലാമിനെ (20) തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും, മൊമിനുൽ ഹഖിനൊപ്പം ചേർന്ന് തൻസിദ് ബംഗ്ലാദേശിനെ മുന്നോട്ട് നയിച്ചു. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 102 റൺസാണ് ബോർഡിൽ കൂട്ടിച്ചേർത്തത്. മൊമിനുൽ ഹഖ് 49 റൺസെടുത്തു പുറത്തായി. തുടർന്നെത്തിയ ക്യാപ്റ്റൻ നജ്മുൽ ഹുസൈൻ ഷാന്റോ മികച്ച പിന്തുണ നൽകിയതോടെ ബംഗ്ലാദേശ് ലീഡിലേക്ക് കുതിച്ചു. ഷാന്റോ 50 റൺസുമായി പുറത്താകാതെ നിൽക്കുകയാണ്.

നേരത്തെ, പേസർ ഹസൻ മഹ്മൂദിന്റെ കരിയറിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണ് (6/55) ഓസീസിനെ ചെറിയ സ്കോറിലൊതുക്കിയത്. 109 പന്തിൽ 71 റൺസെടുത്ത സ്റ്റീവ് സ്മിത്ത് മാത്രമാണ് ഓസീസ് നിരയിൽ പിടിച്ചുനിന്നത്. ട്രാവിസ് ഹെഡ് (22), ജേക്ക് വെതറാൾഡ് (23) എന്നിവർക്കൊഴികെ മറ്റാർക്കും തിളങ്ങാനായില്ല. ഇതോടെ 53 ഓവറിൽ ഓസ്‌ട്രേലിയ 198 റൺസിന് ഓൾ ഔട്ടായി. 2006-ൽ ഫത്തുള്ളയിൽ ആസ്‌ട്രേലിയക്കെതിരെ മഷ്‌റഫെ മൊർത്താസ കുറിച്ച അഞ്ച് വിക്കറ്റ് നേട്ടത്തെ (5/62) മറികടക്കുന്നതാണ് ഹസൻ മഹ്മൂദിന്റെ ഈ തകർപ്പൻ പ്രകടനം.

മത്സരത്തിൽ മറ്റൊരു നാഴികക്കല്ല് കൂടി ബംഗ്ലാദേശ് പിന്നിട്ടു. ഓസീസ് ഇന്നിങ്സിൽ രണ്ട് വിക്കറ്റ് വീഴ്ത്തിയ പേസർ ടാസ്‌കിൻ അഹമ്മദ് അന്താരാഷ്ട്ര ക്രിക്കറ്റിൽ 300 വിക്കറ്റുകൾ തികയ്ക്കുന്ന ആറാമത്തെ ബംഗ്ലാദേശ് ബൗളറായി മാറി. ഷാക്കിബ് അൽ ഹസൻ (712), മഷ്‌റഫെ മൊർത്താസ (389), മുസ്തഫിസുർ റഹ്മാൻ (384), മെഹിദി ഹസൻ മിറാസ് (369), തൈജുൽ ഇസ്ലാം (302) എന്നിവർ മാത്രമാണ് വിക്കറ്റ് വേട്ടയിൽ ഇനി ടാസ്‌കിന് മുന്നിലുള്ളത്.



© Madhyamam