ബ്വേനസ്ഐയ്റിസ്: കൈയിലെ വലിയ സഞ്ചിയിൽ നിറച്ച അൽഫാജോ കുക്കീസും ബിസ്കറ്റുകളും ബ്വേനസ്ഐയ്റിസിലെ മൊറിനോ തെരുവിൽ വിറ്റു നടക്കുമ്പോൾ ആ 20 കാരന്റെ മനസ്സിലും കാലിലും തുടിച്ചത് കാൽപന്തായിരുന്നു.
ഏതൊരു അർജന്റീനക്കാരനെയും പോലെ, അരപ്പട്ടിണിക്കിടയിലും ഫുട്ബാളിനെ പ്രണയിച്ച്, രാവിലെയും വൈകുന്നേരങ്ങളിലും പന്തു തട്ടി നടന്നവൻ, പകൽ സമയങ്ങളിൽ അഞ്ച് സഹോദരങ്ങൾ അടങ്ങിയ വലിയ കുടുംബത്തിന്റെ വിശപ്പ് മാറ്റാൻ തെരുവ് കച്ചവടക്കാരനായി മൊറീനോയിലേക്കിറങ്ങും. ഉച്ചവെയിലിലും തളരാത്ത അധ്വാനത്തിലൂടെ കിട്ടുന്ന കാശിന് വീട്ടുസാധാനങ്ങൾ വാങ്ങി കുടംബത്തിലെത്തിച്ച ശേഷം വീണ്ടും കളിക്കളത്തിലേക്ക്.
കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെ കളിക്കളത്തിലും തെരുവിലുമായി തുടർന്ന കഠിനാധ്വാനം ഇപ്പോൾ സ്വപ്നത്തിലെന്ന പോലെ സാക്ഷാത്കരിക്കപ്പെടുന്നതിന്റെ അവിശ്വസനീയതയിലാണ് 21കാരനായ ലൗതാരോ റിവേരോ എന്ന പ്രതിഭാധനനായ യുവഫുട്ബാളർ. 2026 ലോകകപ്പിനായി ടീമിനെ ഒരുക്കുന്ന ലയണൽ സ്കലോണിയുടെ സീനിയർ ടീമിലേക്കുള്ള വിളി കഴിഞ്ഞ ദിവസമാണ് അവനെ തേടിയെത്തിയത്. ഒരു തെരുവ് കച്ചവടക്കാരനിൽ നിന്നും ലയണൽ മെസ്സിയുടെ സഹതാരമായി മാറാൻ ഒരുങ്ങുന്ന ലൗതാരോ റിവേരോയാണ് ഇപ്പോൾ അർജന്റീന ഫുട്ബാളിന്റെ ഏറ്റവും പുതിയ വിശേഷം.
2026 ലോകകപ്പിന് ഇതിനകം തന്നെ യോഗ്യത ഉറപ്പിച്ച അർജന്റീന ഒക്ടോബർ 10ന് വെനിസ്വേലക്കെതിരെ സൗഹൃദ മത്സരം കളിക്കാനൊരുങ്ങുമ്പോഴായിരുന്നു കോച്ച് സ്കലോണിയുടെ 28 അംഗ സംഘത്തിലേക്ക് ലൗതാരോക്കും വിളിയെത്തിയത്.
‘ഒരു വർഷം മുമ്പ് ഇത്തരത്തിലൊരു നിമിഷം പോലും എനിക്ക് അവിശ്വസനീയമായിരുന്നു’ -ടീമിലേക്ക് വിളിയെത്തിയ വാർത്തക്കു പിന്നാലെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ തെരുവിലെ കച്ചവടത്തിരക്കിനിടയിലുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ലൗതാരോ കുറിച്ചത് ഇങ്ങനെ.
‘കുടുംബം നന്നായി ജീവിക്കണം; അതാണ് എന്റെ സ്വപ്നം’
‘ഏറ്റവും വലിയ ആഗ്രഹം എന്റെ കുടുംബം നന്നായി ജീവിക്കുന്നത് കാണണമെന്നാണ്. ഞങ്ങളെല്ലാവരും എളിമയുള്ളവരും കഠിനാധ്വാനികളുമാണ്’ -2022ൽ നൽകിയ ഒരു അഭിമുഖത്തിൽ കൗമാരക്കാരനായ ലൗതാരോ റിവേരയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു.
‘അൽഫജോസ് മാത്രമല്ല. പൂക്കളും, നോട്ട് ബുക്കുകളും വരെ ഞാൻ വിറ്റു. റിവർ േപ്ലറ്റ് അകാദമി കാലത്ത് അവധിയും ഇടവേളയും ലഭിക്കുമ്പോഴെല്ലാം ഞങ്ങളുടെ തെരുവിലെത്തി കച്ചവടത്തിനിറങ്ങും’.
‘എന്റെ ജീവിതത്തെ രൂപപ്പെടുത്തിയതായിരുന്നു ആ നാളുകൾ. എന്നാൽ ഈ തിരക്കിനിടയിലും പരിശീലനവും റിവറിലേക്കുള്ള യാത്രയും ഒരിക്കലും നിർത്തിയില്ല. ഒരു ഘട്ടത്തിൽ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്ന് എനിക്കറിയാമായിരുന്നു’ -ഫോക്സ് സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.
ലൗതാരോ റിവേരോ അർജന്റീന ടീമിനൊപ്പം പരിശീലനത്തിനിറങ്ങുന്നു
പട്ടിണിയോടും ദാരിദ്ര്യത്തോടും പടവെട്ടി, ചെറിയ ചുവടുകളായി ഫുട്ബാളിലെ ഓരോ നേട്ടങ്ങൾ സ്വന്തമാക്കി മുന്നേറുമ്പോഴും അവന് കുടുംബവും സഹോദരങ്ങളും തന്നെയായിരുന്നു വലുത്. കുടുംബത്തെ നന്നായി നോക്കാൻ അവസരം നൽകിയ അർജന്റീനയിലെ പ്രമുഖ ക്ലബ് റിവർേപ്ലറ്റിന് അവൻ നന്ദിയും പറഞ്ഞു.
അതിശയകരമായിരുന്നു ലൗതാരോ റിവേരോ എന്ന ഫുട്ബാളറുടെ വളർച്ച. ബ്വേനസ്ഐയ്റിസിൽ നിന്നും 40 കിലോമീറ്റർ അകലെ ചെറു പട്ടണമായ മൊറിനോയിലായിരുന്നു ലൗതാരോ റിവേരോയുടെ ജനനം. അഞ്ച് സഹോദരങ്ങൾ അടങ്ങിയ കുടുംബത്തിൽ ഫുട്ബാളും കൂട്ടിന് പട്ടിണിയുമായിരുന്നു ആദ്യം. പന്തിനെ നന്നായി അടക്കി നിർത്തിയ ഉയരക്കാരനായ ലൗതാരോയുടെ പ്രതിഭ 14ാം വയസ്സിൽ റിവർ േപ്ലറ്റിന്റെ സ്കൗട്ട് സംഘത്തിന്റെ കണ്ണിലുടിയത് വഴിത്തിരിവായി. പ്രാദേശിക ക്ലബായ ലോസ് ഹൽകോൺസിന്റെ താരമായിരുന്ന അവനെ അവർ റിവർ അകാദമിയിലേക്ക് കൂട്ടി.
ലെഫ്റ്റ് മിഡ്ഫീൽഡറായി കളിച്ച കൗമാരക്കാരനെ ഇടതു കാലിലെ കരുത്തും ആറടി ഉയരവും കണ്ടറിഞ്ഞ് സെന്റർ ബാക്കിലേക്ക് മാറ്റുന്നത് അകാദമി കാലമാണ്. പതിയെ കോച്ചുമാരുടെ വിശ്വാസം നേടിയെടുത്തവൻ യൂത്ത് ടീമുകളിൽ കളിച്ചു. ശേഷം, റിസർവ് ടീമിലും ഇടം നേടി. 2021 റിവറുമായി കരാറിൽ ഒപ്പിട്ടു.
ആദ്യം റിവർ കൈവിട്ടു; പിന്നെ ചേർത്തുപിടിച്ചു
സ്ഥിരതയാർന്ന പ്രകടനവും പ്രതിരോധത്തിലെ മികവും ശ്രദ്ധയിൽ പെട്ട കോച്ച് മാർടിൻ ഡെമിഷലിസ് 2024ൽ സീനിയർ ടീമിലേക്കും വിളിച്ചു. കോപ ലിബർറ്റഡോറസ് ടീമിൽ ഇടം നേടിയെങ്കിലും താരപ്പട നിറഞ്ഞ റിവർ ലൈനപ്പിലെത്താൻ കഴിഞ്ഞില്ല. ഇതോടെയാണ് അർജന്റീന പ്രീമിയർ ഡിവിഷൻ ക്ലബായ സെൻട്രൽ കൊർദോബക്ക് ലോണിൽ നൽകുന്നത്. പുതിയ ക്ലബിൽ അവസരങ്ങൾ ലഭിച്ചു തുടങ്ങിയ താരം അവിടെ െപ്ലയിങ് ഇലവനിലെ സ്ഥിര സാന്നിധ്യമായി മാറി. കോപ ലിബർറ്റഡോറസ് സീസണിലെ ഗ്രൂപ്പ് മത്സരത്തിൽ ബ്രസീലിയൻ കരുത്തരായ െഫ്ലമിങോയെ സെൻട്രൽ കൊർദോബ 2-1ന് അട്ടിമറിക്കുമ്പോൾ പ്രതിരോധത്തിൽ നിറഞ്ഞു നിന്ന ലൗതാരോ ഏവരുടെയും മനസ്സുകൾ കീഴടക്കിയ താരമായി മാറി.
വായ്പയിലെത്തി ചുരുങ്ങിയ കാലത്തിനുള്ളിൽ കൊർദോബക്കായി 30 മത്സരങ്ങളിൽ കളത്തിലിറങ്ങി രണ്ട് ഗോളും ഒരു അസിസ്റ്റുമുള്ള താരത്തെ എങ്ങനെയും തിരിച്ചു വിളിക്കണമെന്നായി റിവർ േപ്ലറ്റിന്. പൊസിഷനൽ സെൻസിലെ കൃത്യതയും, സമ്മർദ സാഹചര്യങ്ങളിൽ മിന്നുന്ന പ്രകടന ശേഷിയുമെല്ലാം താരത്തെ ലീഗിലെ ശ്രദ്ധേയനാക്കി. അർജന്റീനയുടെ ഭാവി പ്രതിരോധമെന്ന വിലയിരുത്തൽ കൂടിയായതോടെ ‘ബൈ ഔട്ട് ക്ലോസ്’ ഉപയോഗപ്പെടുത്തി തിരിച്ചു വിളിക്കാൻ തീരുമാനിച്ചു. അങ്ങനെ കഴിഞ്ഞ ജൂലായിൽ മൂന്നു വർഷത്തെ കരാർ വെച്ചു നീട്ടി റിവർ താരത്തെ സ്വന്തം നിരയിലെത്തിച്ച് െപ്ലയിങ് ഇലവനിൽ സ്ഥാനം നൽകി.
ഈ അവിശ്വസനീയ യാത്രയുടെ സൂപ്പർ ൈക്ലമാക്സാണ് ഇപ്പോൾ ലയണൽ സ്കലോണിയുടെ പട്ടികയിലേക്കും ലൗതാരോ റിവേരക്ക് ഇടം നൽകുന്നതിലെത്തിയത്. വെള്ളിയാഴ്ച വെനിസ്വേലയെയും, 13ന് പ്യൂട്ടോറികയെയും നേരിടുന്ന അർജന്റീന ടീമിൽ ലയണൽ മെസ്സിയും എമിലിയാനോ മാർടിനസും ഹൂലിയൻ അൽവാരസും ഉൾപ്പെടുന്ന താരനിരയോട് തോളോട് തോൾ ചേർന്ന് ലൗതാരോയും അണിനിരക്കുമ്പോൾ പിറക്കുന്നത് മറ്റൊരു ഫുട്ബാൾ ചരിത്രമാവും.
അർജന്റീനക്കു വേണ്ടി ജൂനിയർ-യൂത്ത് തലത്തിൽ ഒരു മത്സരം പോലും കളിക്കാതെയും ദേശീയ ക്യാമ്പിൽ ഇടം പിടിക്കാതെയുമാണ് ലൗതാരോ റിവേരോയുടെ സീനിയർ ടീമിലേക്കുള്ള ലാറ്ററൽ എൻട്രിയെന്നതാണ് അതിശയം.
‘കുടുംബത്തെ സഹായിക്കുകയാണ് എന്റെ ആദ്യ ലക്ഷ്യം. അവർക്ക് വേണ്ടതെല്ലാം ചെയ്ത് നൽകുന്നതാണ് എന്റെ സന്തോഷം. അമ്മയും അച്ഛനും സഹോദരീസഹോദന്മാരും നന്നായി ജീവിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നു. ഞാൻ ഇവിടെയുണ്ട്, ഓരോ ദിവസവും പോരാടുന്നു’ -കുടുംബത്തിന് താങ്ങാവാൻ പോരാടിയ ചെറുപ്പക്കാരൻ ദേശീയ ടീമിന്റെ നിറപ്പകിട്ടിലെത്തുമ്പോൾ സന്തോഷങ്ങൾക്കും അതിരില്ല.