എൽ ക്ലാസിക്കോ തോൽവി: റയൽ മാഡ്രിഡ് അടിയന്തര യോഗം വിളിച്ചു; ഫ്ലോറന്റീനോ പെരസ് നേരിട്ട് ഇടപെടുന്നു


റയൽ മാഡ്രിഡിൽ വൻ അഴിച്ചുപണിക്ക് നീക്കം: പരിശീലകനായി മൗറീഞ്ഞോ എത്താൻ സാധ്യത

ലാ ലിഗ കിരീടപ്പോരാട്ടത്തിൽ തിരിച്ചടി നേരിട്ടതോടെ റയൽ മാഡ്രിഡിൽ നിർണ്ണായക മാറ്റങ്ങൾക്ക് കളമൊരുങ്ങുന്നു. ബാഴ്സലോണയോട് പരാജയപ്പെട്ടതോടെ കിരീടമില്ലാത്ത സീസൺ ഉറപ്പായ സാഹചര്യത്തിൽ, ക്ലബ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരസ് നേരിട്ട് കാര്യങ്ങൾ നിയന്ത്രിക്കുകയാണ്.

സ്പാനിഷ് മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം, ക്ലബ്ബിന്റെ ഭാവി തീരുമാനിക്കാൻ വാൽഡെബെബാസിൽ വെച്ച് പെരസ് അടിയന്തര ബോർഡ് മീറ്റിംഗ് വിളിച്ചുചേർത്തു. പുതിയ പരിശീലകനെ നിയമിക്കുന്നതിനാണ് ഈ യോഗത്തിൽ മുൻഗണന നൽകുന്നത്. 2026/27 സീസണിലേക്ക് ജോസ് മൗറീഞ്ഞോയെ പരിശീലകനാക്കാനാണ് റയൽ മാഡ്രിഡ് ലക്ഷ്യമിടുന്നത്. നിലവിൽ ബെൻഫിക്കയുമായുള്ള കരാർ അവസാനിക്കുന്ന മുറയ്ക്ക് മൗറീഞ്ഞോയുടെ തിരിച്ചുവരവ് സംബന്ധിച്ച ചർച്ചകൾ വരും ദിവസങ്ങളിൽ വേഗത്തിലാകും.

ഡ്രസ്സിംഗ് റൂമിലെ അസ്ഥിരതയെക്കുറിച്ചുള്ള ആശങ്കകളും ബോർഡ് മീറ്റിംഗിൽ ചർച്ചയാകും. ഫെഡറിക്കോ വാൽവെർഡെ, ഓറിലിയൻ ചുവാമെനി എന്നിവരുമായി ബന്ധപ്പെട്ട അച്ചടക്ക ലംഘനങ്ങൾ കാരണം കഴിഞ്ഞ കുറച്ച് ആഴ്ചകളായി ടീമിനുള്ളിലെ ഭിന്നത രൂക്ഷമായതായാണ് റിപ്പോർട്ട്.

ടീമിനുള്ളിൽ നിന്ന് നിരന്തരം വിവരങ്ങൾ പുറത്തുപോകുന്ന സംഭവത്തിൽ അന്വേഷണം തുടരാനും ക്ലബ്ബ് തീരുമാനിച്ചു. പ്രക്ഷുബ്ധമായ ഈ സാഹചര്യത്തിൽ ടീമിൻ്റെ നിയന്ത്രണം വീണ്ടെടുക്കാനാണ് റയൽ മാഡ്രിഡ് മാനേജ്‌മെൻ്റിൻ്റെ ശ്രമം.

© Madhyamam