ദോഹ: ആസ്പയർ സോണിലെ മൈതാനങ്ങളെ ചൂടുപിടിപ്പിക്കാൻ ഫിഫ അണ്ടർ 17 പ്രീ ക്വാർട്ടർ മത്സരം ഇന്ന്. ഫുട്ബാൾ ആരാധകർക്ക് ആവേശമായി പ്രീ ക്വാർട്ടറിൽ വമ്പൻ പോരാട്ടങ്ങൾക്കാണ് വേദിയാകുന്നത്. അത്ഭുതപ്പെടുത്തുന്ന സ്ട്രൈക്കുകൾ, പെനാൽറ്റി ഷൂട്ടൗട്ടുകൾ തുടങ്ങിയവ കൊണ്ട് നാടകീയമായ നോക്കൗട്ട് ഘട്ടം അവസാനിച്ചപ്പോൾ കരുത്തരായ അർജന്റീനയെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ മെക്സികോയും മുൻ ചാമ്പ്യന്മാരായ ജർമനിയെ ബുർകിന ഫാസോയും അട്ടിമറിച്ചത് ഏറെ ശ്രദ്ധിക്കപ്പെടുന്നതാണ്. അതേസമയം, നോക്കൗട്ട് റൗണ്ടിൽ വിജയിച്ച് ബ്രസീൽ, പോർചുഗൽ, ഫ്രാൻസ്, ഇറ്റലി, ഇംഗ്ലണ്ട് എന്നിവർ പ്രീ ക്വാർട്ടർ അങ്കത്തിനിറങ്ങും. ഫിഫ അണ്ടർ 17 ലോകകപ്പിലെ അരങ്ങേറ്റക്കാരായ അയർലൻഡ്, യുഗാണ്ട എന്നിവരും പ്രീ ക്വാർട്ടർ ഉറപ്പാക്കിയിട്ടുണ്ട്.
ബെൽജിയത്തിനെതിരെ അനായാസ ജയം നേടിയ പോർചുഗലിന് പ്രീക്വാർട്ടറിൽ മെക്സികോ ആണ് എതിരാളിയായെത്തുന്നത്. ബെൽജിയത്തിനെതിരായ ടൂർണമെന്റിൽ രണ്ടുഗോൾ നേടിയ അനിസിയോ കാബ്രലിന്റെ മികച്ച പ്രകടനം പോർചുഗലിന് മുതൽക്കൂട്ടാകും. ടൂർണമെന്റിലുടനീളം അഞ്ച് ഗോളുകളാണ് യുവതാരം നേടിയത്. അതേസമയം, നോക്കൗട്ട് റൗണ്ടിൽ കരുത്തരായ അർജന്റീനയെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ അട്ടിമറിച്ച മെക്സികോ ഏറെ പ്രതീക്ഷയോടെയാണ് ഇറങ്ങുന്നത്. പെനാൽറ്റിയിൽ അഞ്ചും ലക്ഷ്യസ്ഥാനത്തെത്തിച്ചാണ് മെക്സികോ പ്രീ ക്വാർട്ടർ യോഗ്യത നേടിയത്.
കൊളംബിയക്കെതിരായ ശക്തമായ പോരാട്ടത്തിൽ എതിരില്ലാത്ത രണ്ടുഗോളിന്റെ വിജയം നേടിയ ഫ്രാൻസ് ബ്രസീലിന് കനത്ത വെല്ലുവിളിയാകും. അതേസമയം, പരാഗ്വേയെ പെനാൽറ്റി ഷൂട്ടൗട്ടിൽ തളച്ചാണ് ബ്രസീൽ പ്രീ ക്വാർട്ടർ പ്രവേശനം ഉറപ്പാക്കിയത്. നിർണായക നോക്കൗട്ട് മത്സരത്തിൽ റെഡ് കാർഡ് വഴങ്ങി 10 പേരായി ചുരുങ്ങിയിട്ടും പരാഗ്വേക്കെതിരെ പ്രതിരോധം തീർത്ത് ബ്രസീലിന്റെ നെടുംതൂണായത് ഗോൾകീപ്പർ ജാവോ പെഡ്രോയാണ്. കളിയുടെ എട്ടാം മിനിറ്റിൽ തന്നെ പ്രതിരോധ താരം വിക്ടർ ഹുഗോ റെഡ് കാർഡ് കണ്ട് പുറത്തായതോടെ ഗോൾ വഴങ്ങാതിരിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ബ്രസീൽ 90 മിനിറ്റും കളിച്ചത്. എന്നാൽ 90ാം മിനിറ്റും കഴിഞ്ഞ് അധിക സമയത്തിൽ പരാഗ്വേക്ക് ലഭിച്ച ഗോളെന്ന് ഉറപ്പിച്ച ഷോട്ട് തടുത്ത ജാവോ പെഡ്രോ, നിർണായകമായ മൂന്ന് പെനാൽറ്റിയാണ് തടഞ്ഞിട്ടത്.
നിലവിലെ ചാമ്പ്യന്മാരായ ജർമനിക്കെതിരെ അട്ടിമറി വിജയം നേടിയ ബുർക്കിന ഫാസോ പ്രീക്വാർട്ടറിൽ യുഗാണ്ടെയെ നേരിടും. ശക്തരായ ഇറ്റലിയും ഏഷ്യൻ കരുത്തരായ ഉസ്ബക്കിസ്ഥാനും തമ്മിലുള്ള പോരാട്ടവും കനക്കും.
സ്വിറ്റ്സർലൻഡിനെ അയർലൻഡും മൊറോകോ മാലിയെയും ഇംഗ്ലണ്ട് ഓസ്ട്രിയയെയും നേരിടും.
അതേസമയം, പ്രീ ക്വാർട്ടർ മത്സരങ്ങൾ ആസ്പയർ സോണിലെ എട്ട് മൈതാനങ്ങൾ വേദിയായതിനാൽ ആരാധകർക്ക് ഒരു പിച്ചിൽ നിന്ന് മറ്റൊന്നിലേക്ക് എളുപ്പമെത്താൻ സാധിക്കും. ആരാധകർക്കായി ഫാൻസോണുകൾ, ലൈവ് പെർഫോമൻസുകളും മ്യൂസിക് ഷോയും കുട്ടികൾക്കായി ഫോർസ് മത്സരങ്ങൾ, ആർട്ട്, ക്രാഫ്റ്റ്, ഇ-സ്പോർട്സ്, ഗെയിം തുടങ്ങിയവയും ഫാൻസോണിൽ നടക്കും. ടൂർണമെന്റ് ടിക്കറ്റുകൾ www.roadtoqatar.qa എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
ഇന്നത്തെ മത്സരങ്ങൾ
3.30 -ഇറ്റലി vs ഉസ്ബക്കിസ്ഥാൻ
3:30 -യുഗാണ്ട vs ബുർക്കിന ഫാസോ
4:00 -മെക്സികോ vs പോർചുഗൽ
4:30 -ബ്രസീൽ vs ഫ്രാൻസ്,
5:45 -സ്വിറ്റ്സർലൻഡ് vs അയർലൻഡ്,
6:15 -ഉത്തര കൊറിയ vs ജപ്പാൻ
6:45 -ഓസ്ട്രിയ vs ഇംഗ്ലണ്ട്,
6:45 -മൊറോകോ vs മാലി
