ദോഹ: ഫിഫ അണ്ടർ 17 നോക്കൗട്ട് റൗണ്ടിൽ ദക്ഷിണ കൊറിയക്കെതിരെ ഇംഗ്ലണ്ടിന് അനായാസ ജയം. സേത്ത് റിഡ്ജന്റെ ക്രോസ് കട്ട് ചെയ്യാനുള്ള ദക്ഷിണ കൊറിയയുടെ ഡിഫൻഡർ ജങ് ഹുയ്സോപ്പിന്റെ ശ്രമം അബദ്ധത്തിൽ ഇംഗ്ലണ്ടിന് ആദ്യ ഗോൾ നേടിക്കൊടുത്തു. തുടർന്ന്, 35ാം മിനിറ്റിൽ ടൂർണമെന്റിലെ തന്റെ നാലാമത്തെ ഗോൾ നേടിയ റീഗൻ ഹെസ്കി ഇംഗ്ലണ്ടിന്റെ വിജയമുറപ്പാക്കുകയും ചെയ്തു. തുടർന്ന് കളിയുടെ നിയന്ത്രണമെറ്റെടുത്ത ഇംഗ്ലണ്ട് ദക്ഷിണ കൊറിയയുടെ എല്ലാ ശ്രമങ്ങളെയും ദുർബലപ്പെടുത്തി കളി വിജയപ്പിച്ചു.
അതേസമയം, നോക്കൗട്ട് റൗണ്ടിൽ എതിരില്ലാത്ത ഒരു ഗോളിന് സെനഗലിനെ പരാജയപ്പെടുത്തി യുഗാണ്ട. കളിയുടെ 15ാം മിനിറ്റിൽ അബൂബക്കലി വാലുസിംബിയാണ് യുഗാണ്ടയുടെ വിജയഗോൾ നേടിയത്. തുടർന്ന് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും സെനഗലിന്റെ എല്ലാ ശ്രമങ്ങളും യുഗാണ്ടയുടെ പ്രതിരോധത്തിൽ നിഷ്പ്രഭമാകുകയായിരുന്നു. ചെക് റിപ്പബ്ലിക്കിനെതിരെ ഇറ്റലി (2-0) വിജയം നേടി. കളിയുടെ ആദ്യ പകുതിയിൽ ഇരു ടീമുകളും ഗോളുകളൊന്നും നേടാനാകാതെ പിരിയുകയായിരുന്നു. തുടർന്ന് ഇടവേളക്കുശേഷം കളിയുടെ നിയന്ത്രണമേറ്റെടുത്ത ഇറ്റലി, അന്റോണിയോ അരീന (52), വലേരിയോ മക്കറോണി (78) എന്നിവർ തുടർച്ചയായി ചെക് റിപ്പബ്ലിക്കിന്റെ വല കുലുക്കുകയായിരുന്നു. ജയത്തോടെ ഇറ്റലി പ്രീ ക്വാർട്ടറിലേക്ക് പ്രവേശിച്ചു.
ഇറ്റാലിയൻ താരങ്ങളുടെ ആഹ്ലാദം
മറ്റൊരു കളിയിൽ ആദ്യ പാതിയിൽ മികച്ച പ്രകടനത്തിനും പ്രതിരോധത്തിനും പിന്നാലെ, രണ്ടാം പാതിയിൽ ദക്ഷിണാഫ്രിക്കക്കെതിരെ കടന്നാക്രമണം നടത്തിയ ജപ്പാന് എതിരില്ലാത്ത മൂന്ന് ഗോളിന്റെ മിന്നുന്ന വിജയം. ഹിരോട്ടോ അസാഡ 48), മിനാറ്റോ യോഷിദ (59), ഫുജി (72) എന്നിവർ തുടർച്ചയായി ദക്ഷിണാഫ്രിക്കയുടെ പോസ്റ്റിലേക്ക് ഗോളടിച്ചു കയറ്റി മികച്ച വിജയം സ്വന്തമാക്കി. ജയത്തോടെ അണ്ടർ 17 ലോകകപ്പിൽ നോക്കൗട്ട് റൗണ്ടിലേക്ക് പ്രവേശിച്ചു.രണ്ടു ദിവസങ്ങളിലായി 32 ടീമുകൾ ആസ്പയർ മൈതാനത്ത് ഏറ്റുമുട്ടി നോക്കൗട്ട് റൗണ്ട് മത്സരങ്ങൾ പൂർത്തിയായിട്ടുണ്ട്.
18ന് പ്രീ ക്വാർട്ടർ മത്സരങ്ങൾ നടക്കും. പെനാൽറ്റി ഷൂട്ടൗട്ടിൽ മെക്സികോയോട് പരാജയപ്പെട്ട അർജന്റീനയും മൊറോക്കോയോട് പരാജയപ്പെട്ട അമേരിക്കയും അയർലൻഡിനോട് പരാജയപ്പെട്ട കാനഡയും ടൂർണമെന്റിൽ നിന്ന് പുറത്തായിട്ടുണ്ട്. അതേസമയം, പെനാൽറ്റി ഷൂട്ടൗട്ടിൽ പരാഗ്വേക്കെതിരെ വിജയിച്ച ബ്രസീൽ പ്രീ ക്വാർട്ടറിൽ ഫ്രാൻസുമായി ഏറ്റുമുട്ടും.
