ന്യൂഡൽഹി: ഏഷ്യൻ കപ്പ് യോഗ്യത പോലുമില്ലാതെ തകർന്നടിഞ്ഞ ഇന്ത്യൻ ഫുട്ബാളിന് ഫിഫ റാങ്കിങ്ങിലും തിരിച്ചടി. ഏറ്റവും പുതിയ റാങ്കിങ്ങിൽ രണ്ടു സ്ഥാനം നഷ്ടമായി 136ലേക്ക് പതിച്ച ഇന്ത്യ കഴിഞ്ഞ ഒമ്പതു വർഷത്തിനിടയിലെ ഏറ്റവും മോശം റാങ്കിലെത്തി.
ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിൽ സ്വന്തം ഗ്രൗണ്ടിൽ സിംഗപ്പൂരിനോട് 2-1ന് തോറ്റതിനു പിന്നാലെയാണ് റാങ്കിങ്ങിലും ഇന്ത്യക്ക് തിരിച്ചടി ലഭിച്ചത്. ഒരാഴ്ച മുമ്പ് സിഗപ്പൂരിനെ സമനിലയിൽ പിടിച്ച ശേഷം, രണ്ടാം പാദത്തിൽ ഗോവയിൽ നടന്ന മത്സരത്തിൽ തോറ്റതോടെ 2027 ഏഷ്യൻ കപ്പ് യോഗ്യതാ സ്വപ്നവും അസ്തമിച്ചിരുന്നു.
2016 നവംബറിന് ശേഷം ഇന്ത്യൻ ഫുട്ബാളിന്റെ ഏറ്റവും മോശം റാങ്കിങ്ങാണിത്. 2016 ഒക്ടോബറിൽ 137ാം റാങ്കായിരുന്നെങ്കിൽ ഡിസംബറിൽ 135ലെത്തി പതിയെ മികച്ച റാങ്കിങ്ങിലേക്കുള്ള യാത്രയിലായിരുന്നു ടീം ഇന്ത്യ.
2017 ജൂലായിൽ നൂറിനുള്ളിലുമെത്തി. 96ൽ വരെയെത്തിയ നീലക്കടുവകൾ, 2023 ജൂലായ് വരെ കയറിയും ഇറങ്ങിയും നൂറിനുള്ളിലെ സ്ഥാനം നിലനിർത്തി. എന്നാൽ, 2023ഡിസംബർ മുതൽ തിരിച്ചിറങ്ങിയുള്ള തുടക്കമാണ് ഇപ്പോൾ ഒന്നര വർഷത്തിനുളിൽ നാണംകെട്ട നിലയിലുമെത്തിയത്.
പുതിയ പരിശീലകൻ ഖാലിദ് ജമീലിനു കീഴിൽ ടീം ഇന്ത്യ പുത്തനുണർവുമായി തിരികെയെത്താൻ ശ്രമിക്കുന്നതിനിടെയാണ് റാങ്കിങ്ങിലെ വീഴ്ച.
135ാം സ്ഥാനത്ത് കുവൈത്തും, 137ാം സ്ഥാനത്ത് ബോട്സ്വാനയുമാണുള്ളത്. ഏറ്റവും പുതിയ ഫിഫ റാങ്കിങ്ങിൽ സ്പെയിൻ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ, അർജന്റീന ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തേക്ക് കയറി. കഴിഞ്ഞ മാസം രണ്ടിലെത്തിയ ഫ്രാൻസ് ലോകകപ്പ് യോഗ്യതാ മത്സരത്തിലെ സമനിലയുമായി മൂന്നിലേക്ക് വീണു. ഇംഗ്ലണ്ട് (4), പോർചുഗൽ (5), നെതർലനഡ്സ് (6), ബ്രസീൽ (7), ബെൽജിയം (8), ഇറ്റലി (9), ജർമനി (10) ടീമുകളാണ് ആദ്യ പത്ത് സ്ഥാനങ്ങളിലുള്ളത്.
