ഒരർഥത്തിൽ, ആധുനിക ഫുട്ബാളിലെ ഏറ്റവും അണ്ടർറേറ്റഡ് ആയ കളിക്കാരനാവും ഫെഡറികോ വാൽവെർദെ. പക്ഷേ, അനിവാര്യമായ സന്ദർഭത്തിൽ അയാൾ അവസരത്തിനൊത്തുയർന്നപ്പോൾ തകർന്നുവീണത് പല മുൻധാരണകളുമാണ്. ജൂഡ് ബെലിങ്ഹാമും കിലിയൻ എംബാപ്പെയും റോഡ്രിഗോയുമൊക്കെ പരിക്കുകാരണം പുറത്തായ റയൽ മഡ്രിഡിന്റെ മുന്നണിയിൽ ആ ഉറുഗ്വെക്കാരൻ കഴിഞ്ഞ രാവിൽ കാഴ്ചവെച്ചതു മുഴുവൻ സ്വയം വെളിപ്പെടുത്തലായിരുന്നു. തന്റെ കഴിവിൽ സംശയമുന്നയിച്ചവർക്ക് തകർപ്പൻ ഹാട്രിക്കുകൊണ്ടൊരു വായടപ്പൻ മറുപടി. മൂന്നു ഗോളും പാഞ്ഞുകയറിയത് മാഞ്ചസ്റ്റർ സിറ്റിയെന്ന അതികായരുടെ നെഞ്ചത്തേക്കായിരുന്നുവെന്നതാണ് ആ പ്രഹരത്തിന്റെ വിലയേറ്റുന്നത്. ഒരുപക്ഷേ, അയാളുടെ ജീവിതത്തിലെ തന്നെ ഏറ്റവും ഗംഭീരമായ ഗെയിം.
ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ പോരാട്ടങ്ങളുടെ പൊള്ളുന്ന ഘട്ടത്തിലേക്ക് കടന്നപ്പോൾ റയൽ കുപ്പായമിട്ടിറങ്ങിയത് സ്വന്തം തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിലായിരുന്നു. റയലിന്റെ സ്റ്റാർട്ടിങ് ലൈനപ്പ് കണ്ടപ്പോൾ സിറ്റി ആരാധകരുടെ മനസ്സിൽ ലഡു പൊട്ടിയിട്ടുണ്ടാകണം. ബ്രാഹിം അയസും ആർദാ ഗുലേറും വിനീഷ്യസ് ജൂനിയറും അണിനിരക്കുന്ന മുന്നേറ്റനിരക്കു പിന്നിലായി മധ്യനിരയിൽ വാൽവെർദെയും ഔറോലിൻ ഷുവാമെനിയും 18കാരനായ തിയാഗോ പിറ്റാർക്കും. സ്ട്രൈക്കിങ് ഫോഴ്സിൽ എംബാപ്പെയും മിഡ്ഫീൽഡിൽ ജൂഡ് ബെല്ലിങ്ഹാമുമില്ലാത്ത ഈ റയൽ നിരയിലൂടെ തേരോട്ടം നടത്താമെന്ന് സിറ്റി കരുതിയെങ്കിൽ തെറ്റ് പറയുന്നതെങ്ങനെ?
പക്ഷേ, നടന്നതു മറ്റൊന്നാണ്. വലതു മിഡ്ഫീൽഡിൽനിന്ന് വാൽവെർദെയെന്ന 27കാരൻ മാഞ്ചസ്റ്ററുകാരുടെ നെഞ്ചിൻകൂട് തകർത്ത് തീയായിപ്പടർന്നു. കേളികേട്ട സിറ്റി പ്രതിരോധം വിങ്ങുകളിൽൽനിന്ന് ദിശ മാറിക്കയറിയെത്തിയ അയാളുടെ ഒളിപ്പോരിനുമുന്നിൽ ആയുധംവെച്ചു കീഴടങ്ങി. 20, 27, 42 മിനിറ്റുകളിൽ വാൽവെർദെ വല കുലുക്കിയപ്പോൾ മാഞ്ചസ്റ്റർ സിറ്റി മാത്രമല്ല, ലോകവും അയാളുടെ പ്രതിഭയുടെ ആഴമറിഞ്ഞു. അപ്പുറത്ത് ആധുനിക ഫുട്ബാളിലെ മിന്നും സ്ട്രൈക്കറായ എർലിങ് ഹാലാൻഡ് ഗതികിട്ടാതുഴറി നടക്കുമ്പോഴാണ് വാൽവെർദെ ഗോളടിയുടെ മേളവുമായി ബെർണബ്യൂവിൽ അരങ്ങുവാണത്. ആ മൂന്നടിയിൽ പാതിവഴി പിന്നിടുംമുമ്പേ തന്നെ സിറ്റിയുടെ കഥ കഴിഞ്ഞിരുന്നു.
മിഡ്ഫീൽഡറെന്നതാണ് ഇഷ്ടമെങ്കിലും റയൽനിരയിൽ റൈറ്റ് ബാക്ക് പൊസിഷനിലും കളിക്കുന്ന വാൽവെർദെ ഗോളുകളുടെ മാലപ്പടക്കം തീർക്കുമെന്ന് സിറ്റി കരുതാൻ ന്യായമൊന്നുമില്ലല്ലോ. ഡാനി കാർവഹാലും അലക്സാണ്ടർ-അർനോൾഡും പരിക്കിലായ സന്ദർഭങ്ങളിൽ സീസണിൽ പലകുറി ഫുൾബാക്ക് സ്ഥാനത്ത് ബൂട്ടണിഞ്ഞു. പിന്നിലും മധ്യനിരയിലുമൊക്കെയായി യൂട്ടിലിറ്റി െപ്ലയറായി റയൽ ഉപയോഗിക്കുന്ന വാൽവെർദെ സ്കോററായി ഇത്തരമൊരു പകർന്നാട്ടം നടത്തുമെന്ന് റയൽ പോലും കരുതിയിട്ടുണ്ടാവില്ല. ഗോൾസ്കോറിങ് മികവിൽ ആരും അടയാളപ്പെടുത്തിയിട്ടില്ലാത്ത തന്നിലെ ഫിനിഷറെ പക്ഷേ, വാൽവെർദെ ഉജ്ജ്വലമായി തുറന്നുകാട്ടുകയായിരുന്നു. ആ മൂന്നുഗോളിനും സാങ്കേതികത്തികവും കൃത്യമായ കണക്കുകൂട്ടലുമൊക്കെ ചേർന്ന വ്യക്തിഗത മികവിന്റെ പിൻബലമുണ്ടായിരുന്നു.
ആദ്യം, തിബോ കോർട്ടുവോയുടെ ലോങ് പാസ് പിടിച്ചെടുത്ത് ഇടതുവിങ്ങിൽനിന്നുള്ള കുതിപ്പ്. വീണുകിടന്നു തടയാൻ ശ്രമിച്ച സിറ്റി ഗോളി ജിയാൻലൂയിജി ഡൊണാരുമ്മയെ വെട്ടിയൊഴിഞ്ഞ് വലയിലേക്ക് തള്ളിയ ആംഗുലർ ഗ്രൗണ്ടർ. പിന്നാലെ വിനീഷ്യസിന്റെ പാസ് കൗശലപൂർവം കൈക്കലാക്കി വലതുപാർശ്വത്തുനിന്ന് മനക്കണക്കിൽ കിറുകൃത്യമായ അളവെടുത്ത് നിലംപറ്റെ തൊടുത്ത ആ ഷോട്ട്. ഒടുവിൽ ഡയസ് കോരിയിട്ട പന്ത് ബോക്സിനുള്ളിലേക്ക് കയറി എത്തിപ്പിടിച്ച്, നീട്ടിവെച്ച ബൂട്ടിന്റെ മെയ്‍വഴക്കത്തിലൂടെ സിറ്റി ഡിഫൻഡർ മാർക് ഗുയേഹിയുടെ തലക്ക് മുകളിലൂടെ ഉയർത്തിയിട്ടു. ശേഷം മുന്നോട്ടാഞ്ഞ് ക്ലോസ് റേഞ്ചിൽനിന്ന് പൊള്ളുന്നൊരു ഷോട്ട്. ഹാട്രിക് പൂർത്തിയായ ആ ഗോളിന്റെ മനോഹാരിതക്ക്, ഗാലറിയിൽ കളികാണുകയായിരുന്ന എംബാപ്പെയും ബെലിങ്ഹാമും സീറ്റിൽനിന്നെഴുന്നേറ്റ് ആർപ്പുവിളിച്ചു.
കഴിഞ്ഞ 26 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ ഒരു ഗോൾ പോലും നേടിയിട്ടാത്ത താരമായിരുന്നു. ചാമ്പ്യൻഷിപ്പിൽ ഇന്നേവരെ ഒരു മത്സരത്തിൽ ഒന്നിൽ കൂടുതൽ ഗോൾ അയാളുടെ പേരിലില്ല. എന്നിട്ടും ആദ്യപകുതിയിലെ ആ 42 മിനിറ്റുകളിൽ വാൽവെർദെ കരിയറിലെ ആദ്യ ഹാട്രിക് കുറിച്ചിട്ടു, രാജകീയമായിത്തന്നെ. ക്യാപ്റ്റന്റെ ആംബാൻഡ് അണിഞ്ഞായിരുന്നു ആ പടയോട്ടമെന്നത് ആ അജയ്യതക്ക് ആധികാരികതയേകുന്നു.
2017ൽ റയലിലെത്തിയശേഷം ടീമിന്റെ നിശബ്ദ പോരാളിയായി തുടരുന്ന വാൽവെർദെയുടെ കരിയറിന് ഈ ഹാട്രിക്കിന്റെ അലങ്കാരം നൽകുന്ന ആഘോഷം ഇനിയുള്ള നാളുകളിൽ അയാളുടെ നീക്കങ്ങൾക്കൊപ്പമുണ്ടാകും. തങ്ങളുടെ നീക്കങ്ങളെ തടയാനെത്തുന്നയാളുടെ കുതിപ്പുകളെ ഇനി ഏതുവിധം തടയിടണമെന്നതിലേക്കുകൂടി എതിരാളികളുടെ ചിന്തകൾ മാറുന്ന കാലമാകും മുന്നിൽ. മാർച്ച് 18ന് രണ്ടാം പാദത്തിൽ മാഞ്ചസ്റ്ററിലെത്തുമ്പോൾ റയലിന്റെ ക്വാർട്ടർ പ്രതീക്ഷകൾ കൂടിയാകും വാൽവെർദെയുടെ ബൂട്ടടികൾ ആവാഹിക്കുക.
