പരിശീലനത്തിനിടെ സഹതാരവുമായി തർക്കം; ഫെഡറിക്കോ വാൽവെർദെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു: റിപ്പോർട്ട്


ക്ലബ്ബിന്റെ വാൽഡെബബാസ് പരിശീലന കേന്ദ്രത്തിന് സമീപമുള്ള ആശുപത്രിയിൽ വാൽവെർദെയെ എത്തിച്ചത് കോച്ച് അൽവാരോ അർബലോവയാണ്. താരത്തിന്റെ മുഖത്തുണ്ടായ മുറിവിന് തുന്നിക്കെട്ടേണ്ടി വന്നതായും റിപ്പോർട്ടുകളുണ്ട്.

ബുധനാഴ്ചത്തെ പരിശീലനത്തിനിടെയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. വ്യാഴാഴ്ചത്തെ പരിശീലന സെഷനിലും ഈ തർക്കം തുടരുകയായിരുന്നു.

സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ റയൽ മാഡ്രിഡോ താരങ്ങളുടെ ഏജന്റുമാരോ തയ്യാറായിട്ടില്ല.

ചൗമേനിയുമായുള്ള ഹസ്തദാനം വാൽവെർദെ നിരസിച്ചെന്നും, തുടർന്ന് വ്യാഴാഴ്ചത്തെ പരിശീലനത്തിനിടെ ചൗമേനിയെ ഫൗൾ ചെയ്തെന്നും സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനുശേഷം ഡ്രസ്സിംഗ് റൂമിൽ വെച്ച് ഇരുവരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. അപ്പോഴാണ് വാൽവെർദെയ്ക്ക് പരിക്കേറ്റത്.

തുടർച്ചയായ രണ്ടാം സീസണിലും പ്രധാന കിരീടങ്ങളൊന്നും നേടാൻ സാധിക്കാത്ത സാഹചര്യത്തിൽ റയൽ മാഡ്രിഡിൽ സമ്മർദ്ദം ശക്തമാണ്.

ഞായറാഴ്ച നടക്കുന്ന ലാ ലിഗ എൽ ക്ലാസിക്കോയിൽ റയൽ മാഡ്രിഡ് ചിരവൈരികളായ ബാഴ്‌സലോണയെ നേരിടും. നിലവിൽ പോയിന്റ് പട്ടികയിൽ 11 പോയിന്റ് മുന്നിലുള്ള ബാഴ്‌സലോണയ്ക്ക്, ഈ മത്സരത്തിൽ പരാജയപ്പെട്ടില്ലെങ്കിൽ കിരീടം നിലനിർത്താൻ സാധിക്കും.

© Madhyamam