പ്രീമിയര്‍ ലീഗില്‍ ഇഞ്ച്വറി ടൈം ത്രില്ലറുകൾ; ലിവർപൂളിനും സിറ്റിക്കും സമനിലക്കുരുക്ക്


ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തുടർച്ചയായ മത്സരങ്ങൾ സമനിലയിൽ പിരിഞ്ഞു. ഫുൾഹാം – ലിവർപൂർ മത്സരം 2-2നും മാഞ്ചസ്റ്റർ സിറ്റി-ചെല്‍സി പോരാട്ടം 1-1നുമാണ് സമനിലയിലായത്.

ഇഞ്ചുറി ടൈമിൽ രണ്ട് ഗോളുകൾ കണ്ട മത്സരത്തിലാണ് ലിവർപൂളിനെതിരെ ഫുൾഹാം സമനില പിടിച്ചത്. ആദ്യ പകുതിയിൽ ഹാരി വിൽസണിലൂടെ ഫുൾഹാമാണ് ആദ്യം മുന്നിലെത്തിയത്. രണ്ടാം പകുതിയിൽ ഫ്ലോറിയൻ വിറ്റ്സിലൂടെ ലിവർപൂൾ ഒപ്പമെത്തി. ഇഞ്ച്വറി ടൈമിൽ ഗാക്പോ നേടിയ ഗോളിൽ വിജയമുറപ്പിച്ച ലിവർപൂളിനെ ഹാരിസൺ റീഡിന്റെ ലോങ്ങ് റേഞ്ചർ ഗോളിൽ ഫുൾഹാം സമനില പിടിച്ചു. സമനിലയോടെ 20 മത്സരങ്ങളിൽ നിന്ന് 36 പോയിന്റുമായി ലിവർപൂൾ നാലാം സ്ഥാനത്ത് തുടരുന്നു.

ഇത്തിഹാദ് സ്‌റ്റേഡിയത്തില്‍ നടന്ന സിറ്റി-ചെല്‍സി മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോളുകള്‍ വീതമടിച്ച് പിരിയുകയായിരുന്നു. ഇഞ്ച്വറി ടൈമിലാണ് സിറ്റി വിജയം കൈവിട്ടത്. ആദ്യപകുതിയില്‍ ടിജാനി റെയിന്‍ഡേഴ്‌സിന്റെ ഗോളിലൂടെ സിറ്റിയാണ് ആദ്യം മുന്നിലെത്തിയത്. ഇഞ്ച്വറി ടൈമിലാണ് മത്സരത്തിന്റെ ഗതി മാറ്റിയ ഗോള്‍ പിറന്നത്. എന്‍സോ ഫെര്‍ണാണ്ടസിന്റെ തകര്‍പ്പന്‍ ഗോളില്‍ ചെല്‍സി സമനില കണ്ടെത്തി.

© Madhyamam