ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്; സീ​സ​ണി​ലെ ആ​ദ്യ വിജയം നേടി വോ​ൾ​വ്സ്

ലണ്ടൻ: കാത്തിരിപ്പിനൊടുവിൽ അത് സംഭവിച്ചു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിൽ വോൾവ്സ് ആദ്യജയം നേടി. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ വെസ്റ്റ് ഹാമിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് തോൽപിച്ചത്. ജോൺ അറിയാസ് (4), ഹുവാങ് ഹീ ചാൻ (31, പെനാൽറ്റി), മാത്യൂസ് മാനെ (41) എന്നിവർ ആദ്യ പകുതിയിൽ നേടിയ ഗോളുകൾ വിധി നിർണയിച്ചു. ആറ് പോയന്റുമായി ഏറ്റവും താഴെ 20ാം സ്ഥാനത്ത് നിൽക്കുന്ന വോൾവ്സിന്റെ അക്കൗണ്ടിൽ ഒരു ജയവും മൂന്ന് സമനിലയും 16 തോൽവി‍യുമാണുള്ളത്. ടീം തരംതാഴ്ത്തപ്പെടുമെന്ന് ഏറെക്കുറെ ഉറപ്പാണ്.

ആഴ്സനൽ കുതിക്കുന്നു

പോയന്റ് പട്ടികയിൽ ലീഡ് കൂട്ടി ആഴ്സനൽ കിരീടക്കുതിപ്പ് തുടരുന്നു. ബോൺമൗത്തിന്റെ മൈതാനത്ത് പത്താം മിനിറ്റിൽതന്നെ പിറകിൽപ്പോ‍യശേഷം തിരിച്ചുവന്ന് രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ഗണ്ണേഴ്സ് കളി പിടിച്ചത്. 10ാം മിനിറ്റിൽ എവാനിൽസൺ ആതിഥേയരെ മുന്നിലെത്തിച്ചു. 16ാം മിനിറ്റിൽ ഗബ്രിയേലിലൂടെ ആഴ്സനലിന്റെ തിരിച്ചടി. രണ്ടാം പകുതിയിൽ ഡെക്ലാൻ റൈസിന്റെ (54, 71) ഇരട്ടഗോളും പിറന്നു. 76ാം മിനിറ്റിൽ എലി ജൂനിയർ ക്രൂപ്പിയിലൂടെ ബോൺമൗത്ത് ഒരു ഗോൾ കൂടി മടക്കിയെങ്കിലും ജയം ആഴ്സനലിനൊപ്പം നിന്നു. 20 മത്സരങ്ങളിൽ 48 പോയന്റുമായാണ് ഗണ്ണേഴ്സ് മുന്നേറുന്നത്.

ലീഡ്സിൽ കുരുങ്ങി യുനൈറ്റഡ്

കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയെ ലീഡ്സ് സമനിലയിൽ തളച്ചു. 62ാം മിനിറ്റിൽ ബ്രണ്ടൻ ആരോൺസണിലൂടെ ലീഡ്സ് മുന്നിലെത്തി‍യെങ്കിലും തൊട്ടുപിന്നാലെ മാത്യൂസ് കുഞ്ഞ (65) റെഡ് ഡെവിൾസിനായി തിരിച്ചടിച്ചു. മാഞ്ചസ്റ്റർ സിറ്റി-ചെൽസി മത്സരം ഞായറാഴ്ച തന്നെ നടക്കാനിരിക്കെ 31 പോയന്റുമായി അഞ്ചാം സ്ഥാനത്തേക്ക് കയറിയിട്ടുണ്ട് യുനൈറ്റഡ്.



© Madhyamam