എൻഡ്രിക്ക് റയൽ മാഡ്രിഡിലേക്ക് മടങ്ങുമെന്ന് ലിയോൺ പ്രസിഡന്റ്; ലോൺ കാലാവധി അവസാനിച്ചു


റയൽ മാഡ്രിഡിലേക്ക് മടങ്ങാൻ എൻഡ്രിക്ക്; ലിയോണിലെ ലോൺ കാലാവധി അവസാനിച്ചു

ഫ്രാൻസിലെ ക്ലബ്ബായ ഒളിമ്പിക് ലിയോണിലുള്ള ലോൺ കാലാവധി പൂർത്തിയാക്കിയ ശേഷം എൻഡ്രിക്ക് റയൽ മാഡ്രിഡിലേക്ക് മടങ്ങുമെന്ന് ലിയോൺ റിക്രൂട്ട്‌മെന്റ് ചീഫ് മാത്യു ലൂയിസ്-ജീൻ സ്ഥിരീകരിച്ചു.

ലിയോണിന്റെ ഈ സീസണിലെ അവസാന മത്സരത്തിന് ശേഷം ബ്രസീലിയൻ കൗമാരതാരത്തിന്റെ ഭാവിയെക്കുറിച്ച് സംസാരിക്കവെ, “ഇന്ന് എല്ലാം അവസാനിച്ചു, അതെ,” എന്ന് ലൂയിസ്-ജീൻ പറഞ്ഞു.

ജനുവരിയിലാണ് 19-കാരനായ എൻഡ്രിക്ക് റയൽ മാഡ്രിഡിൽ നിന്ന് ലിയോണിൽ ഹ്രസ്വകാല ലോണിൽ ചേർന്നത്. താരത്തെ സ്ഥിരമായി വാങ്ങാനുള്ള ഓപ്ഷൻ കരാറിലില്ലായിരുന്നു. ലിയോണിലെ അഞ്ച് മാസത്തെ വാസത്തിനിടെ മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്.

“തീർച്ചയായും, അവനെ ടീമിൽ നിലനിർത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു, എന്നാൽ ഇപ്പോൾ അത് വളരെ അസാധ്യമാണെന്ന് തോന്നുന്നു,” ലൂയിസ്-ജീൻ വ്യക്തമാക്കി.

ലിയോണിനായി എല്ലാ മത്സരങ്ങളിലുമായി 21 തവണ ബൂട്ടണിഞ്ഞ എൻഡ്രിക്ക് എട്ട് ഗോളുകൾ നേടുകയും എട്ട് ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു.

“അവൻ ശരിക്കും അത്ഭുതപ്പെടുത്തി, ടീമുമായി ഇണങ്ങിചേർന്ന രീതി അത്ഭുതകരമാണ്. അവൻ ഇതിനകം ഫ്രഞ്ച് ഭാഷ സംസാരിക്കുന്നു, അത് അവിശ്വസനീയമാണ്,” ലിയോൺ മേധാവി കൂട്ടിച്ചേർത്തു.

ലിഗ് 1-ലെ തന്റെ അനുഭവത്തെക്കുറിച്ച് അടുത്തിടെ എൻഡ്രിക്കും അനുകൂലമായി പ്രതികരിച്ചിരുന്നു. താൻ ക്ലബ്ബിൽ വളരെ സന്തോഷവാനാണെന്ന് പറഞ്ഞ താരം, തന്റെ ഭാവി കാര്യങ്ങൾ ദൈവത്തിന്റെ കൈകളിലാണെന്നും വ്യക്തമാക്കി.

ലിഗ് 1-ൽ നാലാം സ്ഥാനത്തെത്തിയ ലിയോൺ അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗ് യോഗ്യതാ റൗണ്ടിനായുള്ള ഒരുക്കങ്ങളിലാണ്. അതേസമയം, 2026/27 സീസണിന് മുന്നോടിയായി എൻഡ്രിക്ക് റയൽ മാഡ്രിഡിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

© Madhyamam