​​ക്രൊയേഷ്യക്ക് യോഗ്യത; മോഡ്രിചിന് അഞ്ചാം ലോകകപ്പ്; നെതർലൻഡ്സ് യോഗ്യതക്കരികെ; ജർമനിക്ക് കടുപ്പം

സാഗ്രെബ്:​ ​ലോക ഫുട്ബാളിലെ സ്റ്റാർ ​േപ്ല മേക്കർ ലൂകാ മോഡ്രിചിന്റെ കളിയഴക് ഇത്തവണയും വിശ്വമേളയുടെ മുറ്റത്ത് കാണാം. ഒരു കളി ബാക്കിനിൽക്കെ ഗ്രൂപ്പ് ‘എല്ലിൽ’ നിന്നും ഒന്നാം സ്ഥാനക്കാരായി ക്രൊയേഷ്യ ലോകകപ്പിന് യോഗ്യത നേടുമ്പോൾ മോഡ്രിച് ആരാധകർക്ക് ഇരട്ടി ആഹ്ലാദം.

20ാം വയസ്സിൽ 2006ൽ ആദ്യമായി ലോകകപ്പ് കളിച്ച മോഡ്രിച്, 2014, 2018, 2022 ലോകകപ്പുകൾക്ക് പിന്നാലെ ​ക്രൊയേഷ്യയുമായി വീണ്ടുമൊരു വിശ്വമേളക്ക് എത്തുമ്പോൾ വയസ്സ് 40 കടന്നു. എങ്കിലും, മധ്യനിരയെ തന്റെ തോളിലേറ്റി മോഡ്രിച് ക്രോട്ട് പടയുമായി അടുത്ത വർഷം അമേരിക്കയിലുമുണ്ടാകും.

യൂറോപ്യൻ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് ‘എൽ’ മത്സരത്തിൽ ഫറോ ഐലൻഡിനെ 3-1ന് വീഴ്ത്തിയാണ് ക്രൊയേഷ്യ തങ്ങളുടെ ​ഏഴാം ലോകകപ്പിന് ടിക്കറ്റുറപ്പിച്ചത്. ഗ്രൂപ്പ് റൗണ്ടിൽ ഏഴ് മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ ആറ് ജയവും ഒരു സമനിലയുമായി 19 പോയന്റ് പോക്കറ്റിലാക്കി.

സ്വന്തം നാട്ടിൽ നടന്ന ആവേശകരമായ മത്സരത്തിൽ കളിയുടെ ഇരുപകുതികളിലുമായാണ് ഗോളുകൾ പിറന്നത്. 23ാം മിനിറ്റിൽ ജാസ്കോ ഗ്വാർഡിയോൾ, പീറ്റർ മുസ (57), നികോള വ്ലാസിച് (70) എന്നിവർ ക്രൊയേഷ്യക്കായി സ്കോർ ചെയ്തു.

അതേസമയം, ഗ്രൂപ്പ് റൗണ്ടിൽ മത്സരിക്കുന്ന ജർമനിക്കും, നെതർലൻഡ്സിനും അവസാന മത്സരത്തിലെ ​ൈക്ലമാക്സിനായി കാത്തിരിക്കണം.

ഗ്രൂപ്പ് ‘ജി’യിൽ നിർണായക മത്സരത്തിൽ പോളണ്ടിനോട് 1-1ന് സമനില പാലിച്ച് നെതർലൻഡ്സിന് അടുത്തകളിയുടെ ഫലത്തിനായി കാത്തിരിക്കണം. എന്നാൽ, ഗ്രൂപ്പ് ‘ജി’യിൽ 17 പോയന്റുമായി ലീഡ് ചെയ്യുന്നതിനാൽ സേഫ് സോണിലാണ് ​ഓറഞ്ചു പട. രണ്ടാമതുള്ള പോളണ്ട് 14 പോയന്റുമായി പിന്നിലാണുള്ളത്. അടുത്തകളിയിലെ സമനിലയോടെ തന്നെ നെതർലൻഡ്സിന് ലോകകപ്പിലേക്ക് ടിക്കറ്റുറപ്പിക്കാം.

അതേസമയം, ഗ്രൂപ്പ് ‘എ’യിൽ മുൻ ലോകചാമ്പ്യന്മാരായ ജർമനിക്ക് കടുത്ത വെല്ലുവിളിയുമായി ​െസ്ലാവാക്യയുണ്ട്. ഒരു കളി ബാക്കിനിൽക്കെ ഇരു ടീമുകൾക്കും 12 പോയന്റാണുള്ളത്. 17ന് നടക്കുന്ന അവസാന മത്സരത്തിൽ ജർമനിയും ​​െസ്ലാവാക്യയും ഏറ്റുമുട്ടുമ്പോൾ ഗ്രൂപ്പിലെ ഫൈനൽ പോരാട്ടമായി മാറും. ഈ മത്സരത്തിന്റെ ഫലം പോലെയിരിക്കും ജർമനിയുടെ ലോകകപ്പ് പ്രവേശനം.

ശനിയാഴ്ച പുലർച്ചെ നടന്ന മത്സരത്തിൽ ലക്സംബർഗിനെ 2-0ത്തിനാണ് ജർമനി തോൽപിച്ചത്. നിക് വോൾട്മേഡ് നേടിയ ഇരട്ട ഗോൾ ടീമിന്റെ വിജയമൊരുക്കി. ഇതേ ഗ്രൂപ്പിൽ ​െസ്ലാവാക്യ 1-0ത്തിന് നോർതേൺ അയർലൻഡിനെ തോൽപിച്ചു.

പോളണ്ടിനെതിരെ മെംഫിസ് ഡിപേയുടെ ഗോളാണ് നെതർലൻഡ്സിന് സമനില സമ്മാനിച്ചത്.



© Madhyamam