ലിസ്ബൺ: ഗോളടിമേളവുമായി ലോക സോക്കറിൽ വീരചരിതങ്ങൾ രചിച്ചുകൊണ്ടിരിക്കുന്ന സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പുത്രനും ദേശീയടീമിൽ. 15കാരനായ മൂത്ത മകൻ ക്രിസ്റ്റ്യാനൊ റൊണാൾഡോ ജൂനിയറാണ് അണ്ടർ 16 ദേശീയ ടീമിൽ തുർക്കിക്കെതിരെ ഇറങ്ങിയത്. മത്സരം ഏകപക്ഷീയമായ രണ്ട് ഗോളിന് പോർച്ചുഗൽ ജയിച്ചു. സ്പോർട്ടിങ് താരം സാമുവൽ ടവറെസും ബ്രാഗയുടെ റാഫേൽ കബ്രാളുമായിരുന്നു സ്കോറർമാർ. കളി അവസാനിക്കാനിരിക്കെ ഇറങ്ങിയ റൊണാൾഡോ ജൂനിയറിനെ അത്യാവേശത്തോടെയാണ് കാണികൾ വരവേറ്റത്.
പിതാവ് പന്തുതട്ടുന്ന സൗദി പ്രോ ലീഗിലെ അൽനസ്ർ അണ്ടർ 15 ടീമിലാണ് റോണോ ജൂനിയറും പന്തുതട്ടുന്നത്. തുർക്കിയിൽ നടക്കുന്ന ഫെഡറേഷൻ കപ്പിൽ മൂന്ന് കളികളാണ് പോർച്ചുഗലിനുള്ളത്. വെയിൽസ്, ഇംഗ്ലണ്ട് ടീമുകൾക്കെതിരെയാണ് അടുത്ത മത്സരങ്ങൾ. പോർച്ചുഗൽ അണ്ടർ 15 ടീമിൽ അടുത്തിടെ ഇറങ്ങിയ താരം ഗോളടിച്ചിരുന്നു. 40കാരനായ പിതാവ് റൊണാൾഡോ സീനിയർ കരിയറിൽ 950 ഗോളുകളെന്ന അത്യപൂർവ റെക്കോഡ് കുറിച്ചിരുന്നു.
