തിരുവനന്തപുരം: നവംബറിൽ കൊച്ചിയിൽ നടക്കുന്ന അർജന്റീനിയൻ ഫുട്ബാൾ ടീമിന്റെ സൗഹൃദ മത്സരത്തോടനുബന്ധിച്ച് കലൂർ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
മത്സരത്തിന്റെ തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യാന്‍ ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേർന്ന ഉന്നതതല യോഗത്തിലാണ് നിർദേശം. മത്സരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ ഒരു ഐ.എ.എസ് ഓഫിസറെ നിയമിക്കും. കര്‍ശന സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കണം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കും.
ജില്ലാ തലത്തില്‍ കലക്ടര്‍ക്കായിരിക്കും ഏകോപന ചുമതല. മത്സരത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ ഏകോപിതമായ പ്രവര്‍ത്തനം ഉണ്ടാകണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഫാന്‍ മീറ്റ് നടത്താനുള്ള സാധ്യതകളും യോഗം ചര്‍ച്ച ചെയ്തു. പാര്‍ക്കിങ്ങ്, ആരോഗ്യ സംവിധാനങ്ങള്‍, ശുദ്ധജല വിതരണം, വൈദ്യതി വിതരണം, മാലിന്യ സംസ്ക്കരണം, തുടങ്ങിയ ക്രമീകരണം ഏര്‍പ്പാടാക്കും. യോഗത്തില്‍ കായികമന്ത്രി വി. അബ്ദുറഹിമാന്, വ്യവസായ മന്ത്രി പി. രാജീവ്, തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ്, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ തുടങ്ങിയവരും വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തു.