ക്ലബ് ലോകകപ്പ് വിജയികളുടെ ബാഡ്ജ് നിലനിർത്താൻ അനുമതി തേടി ചെൽസി


2026/27 സീസണിലും ഫിഫ ക്ലബ് വേൾഡ് കപ്പ് വിജയികളുടെ ബാഡ്ജ് അണിയാൻ ചെൽസി; പ്രീമിയർ ലീഗിന് അപേക്ഷ നൽകി

2026/27 സീസണിലും ഫിഫ ക്ലബ് വേൾഡ് കപ്പ് വിജയികളുടെ ബാഡ്ജ് തങ്ങളുടെ ജേഴ്സിയിൽ തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചെൽസി പ്രീമിയർ ലീഗിന് അപേക്ഷ നൽകി. ടെലഗ്രാഫ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2025 ജൂലൈ 13-ന് മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന 32 ടീം ഫിഫ ക്ലബ് വേൾഡ് കപ്പ് ഫൈനലിൽ പാരിസ് സെന്റ് ജെർമെയ്‌നെ (പിഎസ്ജി) 3-0 എന്ന സ്കോറിന് പരാജയപ്പെടുത്തിയതോടെയാണ് ലണ്ടൻ ക്ലബ്ബായ ചെൽസിക്ക് ഈ ബാഡ്ജ് അണിയാനുള്ള അവകാശം ലഭിച്ചത്.

ഒരു സീസണിന് ശേഷവും ചെൽസിക്ക് ഈ ബാഡ്ജ് ഉപയോഗിക്കാൻ അനുവാദം ലഭിക്കുമോ എന്നത് നേരത്തെ വ്യക്തമായിരുന്നില്ല. എന്നാൽ, അടുത്ത സീസണിലും ജേഴ്സിയിൽ ബാഡ്ജ് നിലനിർത്താനുള്ള സജീവമായ ശ്രമത്തിലാണ് ക്ലബ്ബ്.

ഫിഫ ചട്ടങ്ങൾ പ്രകാരം, പ്രധാന ഫിഫ മത്സരങ്ങളിലെ വിജയികൾക്ക് കിരീടം കൈവശം വെക്കുന്ന കാലയളവിൽ ആഭ്യന്തര, യൂറോപ്യൻ മത്സരങ്ങളിൽ ചാമ്പ്യൻമാരുടെ ബാഡ്ജ് അണിയാൻ അനുമതിയുണ്ട്.

© Madhyamam