ലണ്ടൻ: യൂറോപ്പിലും ആഫ്രിക്കയിലും ഏഷ്യയിലുമെല്ലാം 2026 ലോകകപ്പ് ഫുട്ബാൾ യോഗ്യതാ മത്സരങ്ങൾ പുരോഗമിക്കുന്നതിനിടെ അടുത്ത ചാമ്പ്യന്മാരെ പ്രവചിച്ച് ചാറ്റ് ജി.പി.ടി.
നൂറു വർഷത്തിനടുത്ത പരമ്പര്യമുള്ള ലോകകപ്പിൽ നിർമിത ബുദ്ധി സജീവ സാന്നിധ്യമായ കാലത്താണ് 2026 ലോകകപ്പിന് അമേരിക്ക-കാനഡ, മെക്സികോ മണ്ണിൽ പന്തുരുളുന്നത്. അപ്പോൾ, പതിവു പ്രവചന വിദഗ്ധരായ നീരാളിയും മുതലയും പൂച്ചയും ഉൾപ്പെടെ ജീവജാലങ്ങൾക്കു പകരം, ഡാറ്റകൾ വിശകലനം ചെയ്തുകൊണ്ട് ചാറ്റ് ജി.പി.ടി തന്നെ പ്രവചനവുമായി എത്തിയപ്പോൾ ഞെട്ടുന്നത് ആരാധക ലോകം.
96 വർഷത്തെ ചരിത്രമുള്ള ലോകകപ്പിൽ പുതിയ ജേതാക്കളാവും 2026 ജൂലായ് 19ന് ന്യൂജഴ്സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ പിറക്കുന്നതെന്ന് ചാറ്റ് ജി.പി.ടി പ്രവചിക്കുന്നു. അത്, മറ്റാരുമല്ല നൂറ്റാണ്ടിലെ ഫുട്ബാൾ ഇതിഹാസങ്ങളിൽ ഒരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർചുഗൽ തന്നെ. സൂപ്പർതാരത്തിന്റെ പരിചയ സമ്പത്തും, സുവർണ തലമുറയുടെ കളിമികവിന്റെയും മിടുക്കിൽ പോർചുഗൽ ആദ്യമായി ലോകകപ്പ് സ്വന്തമാക്കുമെന്നാണ് പ്രവചനം.
ബ്രൂണോ ഫെർണാണ്ടസ്, റാഫേൽ ലിയോ, ജോ ഫെലിക്സ്, ബെർണാർഡോ സിൽവ എന്നിവർ അണിനിരക്കുന്ന മുന്നേറ്റം ക്രിയേറ്റീവ് ഫുട്ബാളിലും ടെക്നികൽ മികവിലും ലോകോത്തര നിലവാരം പുലർത്തുന്നതായി എ.ഐ നിരീക്ഷിക്കുന്നു. അന്റോണിയോ സിൽവ, വിടീന്യ, ഗോൺസാലോ റാമോസ് എന്നിവരുടെ പുതു തലമുറയും ചേരുമ്പോൾ ടീം ഗോൾഡൻ ജനറേഷനായി മാറുന്നു. പ്രതിരോധത്തിലും ആക്രമണത്തിലും സമീപകാലത്തൊന്നുമില്ലാത്ത ബാലൻസിങ്ങാണ് ടീമിന്റെ മികവെന്നും, കംപ്ലീറ്റ് ടീമായി പോർചുഗൽ മാറുന്നുവെന്ന് എ.ഐ നിരീക്ഷണം.
എന്നാൽ, കിരീടത്തിലേക്ക് പോർചുഗലിന്റെ യാത്ര എളുപ്പമായിരിക്കില്ല. ചാമ്പ്യന്മാരായ അർജന്റീന, മുൻ ചാമ്പ്യൻ ഫ്രാൻസ്, ഇംഗ്ലണ്ട് ടീമുകളും മികച്ച വെല്ലുവിളി ഉയർത്തും.
സെമിയിൽ ഫ്രാൻസായിരിക്കും പോർചുഗലിന്റെ എതിരാളി. ഫൈനലിൽ സ്പെയിനിനെയാവും വീഴ്ത്തുന്നത്. രണ്ടാം സെമിയിൽ അർജന്റീനയെ തോൽപിച്ചാവും സ്പെയിനിന്റെ കുതിപ്പെന്നും പ്രവചനം. പ്രീക്വാർട്ടറിൽ നെതർലൻഡ്സിനെയവും പോർചുഗൽ വീഴ്ത്തുന്നത്. ക്വാർട്ടറിൽ ബ്രസീലിനെയും അട്ടിമറിക്കും.
ഫോം, സ്ക്വാഡ് ഡെപ്ത്, ടാക്ടികൽ മികവ് എന്നിവരാണ് അർജന്റീന, ബ്രസീൽ, ഫ്രാൻസ് ഉൾപ്പെടെ ടോപ് ഫേവറിറ്റുകളേക്കാൾ പോർചുഗലിന് എ.ഐ വോട്ട് വീഴാൻ കാരണം.
യുസേബിയോയുടെ മികവ് ദൃശ്യമായ 1966 ലോകകപ്പിൽ സെമിഫൈനൽ വരെയെത്തി മൂന്നാം സ്ഥാനക്കാരായി മടങ്ങിയതാണ് പോർചുഗലിന്റെ ഏറ്റവും മികച്ച പ്രകടനം. കഴിഞ്ഞ ലോകകപ്പ് ക്വാർട്ടർ പുറത്തായ പോർചുഗൽ, 2016ൽ യൂറോ കിരീടമണിഞ്ഞതും ഈ വർഷം യുവേഫ നാഷൻസ് ലീഗ് കിരീടമണിഞ്ഞതുമാണ് ലോകഫുട്ബാളിലെ ശ്രദ്ധേയ നേട്ടങ്ങൾ.
ചാറ്റ് ജി.പി.ടി പ്രവചനം ഇങ്ങനെ
ലോകകപ്പ് ജേതാക്കൾ: പോർചുഗൽ
റണ്ണേഴ്സ് അപ്പ്: സ്പെയിൻ
മൂന്നാം സ്ഥാനം: അർജന്റീന
ഗോൾഡൻ ബൂട്ട്: കിലിയൻ എംബാപ്പെ
ഗോൾഡൻ ബാൾ: റാഫേൽ ലിയോ
ഗോൾഡൻ ഗ്ലൗ: ഡീഗോ കോസ്റ്റ