ഗാരെത്ത് ബെയ്ൽ ഏറ്റവും മികച്ച കളിക്കാരൻ: റിയോ ഫെർഡിനൻഡിനോട് വെളിപ്പെടുത്തി കസെമിറോ


താൻ കളി ജീവിതത്തിൽ ഒപ്പമുണ്ടായിരുന്ന താരങ്ങളിൽ ഏറ്റവും പൂർണ്ണതയുള്ള കളിക്കാരൻ ഗാരെത് ബെയ്ലാണെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്‌ഫീൽഡർ കാസെമിറോ. റിയോ ഫെർഡിനാൻഡിന്റെ യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിലാണ് ബ്രസീലിയൻ താരം ഇക്കാര്യം വ്യക്തമാക്കിയത്. ഗോൾ അടിക്കുന്നതിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് കേമനെന്ന് സമ്മതിക്കുമ്പോഴും, കളിയുടെ എല്ലാ മേഖലകളിലും തിളങ്ങുന്ന ബെയ്ലിന്റെ മികവ് തന്നെ അത്ഭുതപ്പെടുത്താറുണ്ടെന്ന് കാസെമിറോ പറഞ്ഞു.

റിയൽ മാഡ്രിഡിൽ ഒൻപത് സീസണുകൾ ബെയ്ലിനൊപ്പം ചെലവഴിച്ച കാസെമിറോ അദ്ദേഹത്തിന്റെ കഴിവുകളെക്കുറിച്ച് ഇങ്ങനെ പ്രതികരിച്ചു: “ക്രിസ്റ്റ്യാനോയാണ് ഏറ്റവും മികച്ചവൻ, അത് സംശയമില്ലാത്ത കാര്യമാണ്. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം ബെയ്ലാണ് ഏറ്റവും പൂർണ്ണനായ കളിക്കാരൻ. അദ്ദേഹം ആക്രമിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്നു, ഹെഡ്ഡറുകളിലും ഗോൾ നേടുന്നതിലും അദ്ദേഹം മിടുക്കനാണ്. അദ്ദേഹം ചെയ്യുന്നതെല്ലാം വളരെ മികച്ചതാണ്; വേഗതയും കരുത്തും ബെയ്ലിന്റെ പ്രത്യേകതയാണ്.”

ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു സീസണിൽ കുറഞ്ഞത് 15 ഗോളുകളെങ്കിലും നേടുമെന്നും, എന്നാൽ ബെയ്ലിന്റെ സംഭാവനകൾ കളിക്കളത്തിൽ വളരെ വലുതാണെന്നും കാസെമിറോ കൂട്ടിച്ചേർത്തു. ഇദ്ദേഹത്തിന്റെ പരാമർശം റിയോ ഫെർഡിനാൻഡിനെപ്പോലും അമ്പരപ്പിച്ചു. ക്രിസ്റ്റ്യാനോ, ലൂക്കാ മോഡ്രിച്ച്, സെർജിയോ റാമോസ്, ടോണി ക്രൂസ് തുടങ്ങിയ ഇതിഹാസതാരങ്ങൾക്കൊപ്പം കളിച്ചിട്ടും ബെയ്ലിനെ തിരഞ്ഞെടുത്തതാണ് ഫെർഡിനാൻഡിനെ അത്ഭുതപ്പെടുത്തിയത്.

റിയൽ മാഡ്രിഡ് ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ഗാരെത് ബെയ്ല്. സ്പെയിനിലെ തന്റെ കാലയളവിൽ 106 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്. 2013-ൽ ടോട്ടൻഹാമിൽ നിന്ന് ലോക റെക്കോർഡ് തുകയ്ക്കാണ് ബെയ്ല് റിയൽ മാഡ്രിഡിലെത്തിയത്. റിയലിനൊപ്പം മൂന്ന് ലാ ലിഗ കിരീടങ്ങളും അഞ്ച് ചാമ്പ്യൻസ് ലീഗ് വിജയങ്ങളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

© Madhyamam