ബ്രസീൽ ഫുട്ബോൾ ടീം പരിശീലകനായി കാർലോ ആഞ്ചലോട്ടി 2030 വരെ തുടരും


കാർലോ ആൻസലോട്ടി ബ്രസീൽ പരിശീലകനായി തുടരും; കരാർ 2030 വരെ നീട്ടി

ബ്രസീൽ ദേശീയ ഫുട്ബോൾ ടീമിന്റെ പരിശീലകനായി കാർലോ ആൻസലോട്ടി 2030 വരെ തുടരുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതോടെ ഒരു മുഴുവൻ ലോകകപ്പ് സൈക്കിളിലും ആൻസലോട്ടി ടീമിനെ നയിക്കുമെന്ന് ഉറപ്പായി.

2030-ലെ ഫിഫ ലോകകപ്പ് വരെ ആൻസലോട്ടി ടീമിന്റെ ചുമതലയിൽ തുടരുമെന്ന് ഈ പുതിയ കരാർ വ്യക്തമാക്കുന്നു. ഇറ്റാലിയൻ പരിശീലകന്റെ ദീർഘകാല പദ്ധതിയിൽ ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷന് (സിബിഎഫ്) വലിയ വിശ്വാസമാണുള്ളത്.

2025 മെയ് മാസത്തിൽ ചുമതലയേറ്റ ശേഷം പത്ത് മത്സരങ്ങളിൽ ആൻസലോട്ടി ടീമിനെ പരിശീലിപ്പിച്ചു. ഇതിൽ അഞ്ച് ജയവും രണ്ട് സമനിലയും മൂന്ന് തോൽവിയും ടീം നേടി. ഈ മത്സരങ്ങളിൽ നിന്ന് 18 ഗോളുകൾ അടിച്ചുകൂട്ടിയപ്പോൾ എട്ട് ഗോളുകളാണ് വഴങ്ങിയത്.

ടീമിന് സ്ഥിരതയും തുടർനടപടികളും ഉറപ്പാക്കുന്നതിനും ദേശീയ ടീമിന്റെ ഘടന വികസിപ്പിക്കുന്നതിനുമുള്ള തന്ത്രപരമായ തീരുമാനമാണിതെന്ന് സിബിഎഫ് നേതൃത്വം അറിയിച്ചു. ബ്രസീലിയൻ ഫുട്ബോളിനെ വീണ്ടും ലോകത്തിന്റെ നെറുകയിൽ എത്തിക്കുകയെന്ന ലക്ഷ്യത്തിൽ താൻ സംതൃപ്തനാണെന്ന് ആൻസലോട്ടി പ്രതികരിച്ചു.

കളിക്കാരും ആരാധകരുമായുള്ള ആൻസലോട്ടിയുടെ ബന്ധം വളർന്നുവരികയാണെന്നും, അദ്ദേഹത്തിന്റെ നേതൃത്വം അന്താരാഷ്ട്ര വേദിയിൽ ടീമിന്റെ മത്സരശേഷിയും വ്യക്തിത്വവും വർദ്ധിപ്പിക്കാൻ സഹായിച്ചെന്നും ഫെഡറേഷൻ ചൂണ്ടിക്കാട്ടി.

കരാർ നീട്ടിയതിൽ സന്തോഷം പ്രകടിപ്പിച്ച കാർലോ ആൻസലോട്ടി ഇങ്ങനെ പറഞ്ഞു: “ഒരു വർഷം മുൻപാണ് ഞാൻ ബ്രസീലിലെത്തിയത്. ഫുട്ബോൾ ഈ രാജ്യത്തിന് എന്താണെന്ന് ആദ്യ മിനിറ്റിൽ തന്നെ ഞാൻ തിരിച്ചറിഞ്ഞു. കഴിഞ്ഞ ഒരു വർഷമായി ബ്രസീൽ ദേശീയ ടീമിനെ ലോക ഫുട്ബോളിന്റെ ഉന്നതിയിലേക്ക് തിരിച്ചുകൊണ്ടുവരാൻ ഞങ്ങൾ പ്രവർത്തിക്കുകയാണ്.”

“എങ്കിലും, സിബിഎഫിനും എനിക്കും കൂടുതൽ വിജയങ്ങളും കൂടുതൽ സമയവും ആവശ്യമാണ്. 2030 ലോകകപ്പ് വരെ നാല് വർഷത്തേക്ക് കൂടി ഞങ്ങൾ ഒന്നിച്ചുപോകുമെന്ന് അറിയിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്.”

“എന്റെ മേൽ വിശ്വാസമർപ്പിച്ച സിബിഎഫിന് നന്ദി പറയുന്നു. ഊഷ്മളമായ സ്വീകരണത്തിനും സ്നേഹത്തിനും നന്ദി ബ്രസീൽ,” കാർലോ കൂട്ടിച്ചേർത്തു.

© Madhyamam