മാറാക്കാനയിൽ ചിലിയെ ചാരമാക്കി കാനറികൾ, 3-0


റിയോ ഡെ ജനീറോ: ലോകകപ്പ് യോഗ്യത മത്സരത്തിൽ ചിലിയെ മൂന്ന് ഗോളിന് കീഴടക്കി ബ്രസീൽ (3-0). മാറാക്കാനയിലെ സ്വന്തം കാണികൾക്ക് മുൻപിൽ കാനറികൾ ഒരിക്കൽ പോലും ചിലിയെ തലപൊക്കാൻ അനുവദിച്ചില്ല.

38ാം മിനിറ്റിൽ എസ്റ്റോവിയോയും 72 ൽ ലൂക്കാസ് പാക്വറ്റയും 76ൽ ബ്രൂണോ ഗ്വിമറസുമാണ് ബ്രസീലിന് വേണ്ടി ഗോൾ നേടിയത്. ജയത്തോടെ ഫിഫ ലോകകപ്പ് യോഗ്യതക്കായുള്ള പോരാട്ടത്തിൽ പോയിന്റ് പട്ടികയിൽ ബ്രസീൽ രണ്ടാമതെത്തി. 17 കളിയിൽ 28 പോയിന്റുമായി അർജന്റീനക്ക് പിറകിൽ (38 പോയിന്റ്) രണ്ടാമതാണ് ബ്രസീൽ. 27 പോയിന്റുമായി യുറുഗ്വായ് മൂന്നാമതും 26 പോയിന്റുമായി ഇക്വഡോർ നാലാമതുമാണ്. അതേസമയം, പോയിന്റ് പട്ടികയിൽ 10ാം സ്ഥാനത്തുള്ള ചിലി നേരത്തെ തന്നെ യോഗ്യതകാണാതെ പുറത്തായിരുന്നു.

മറ്റൊരു മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിന് അർജന്റീന വെനിസ്വേലയെ (3-0) കീഴടക്കി. സ്വന്തം മണ്ണിൽ ലയണൽ മെസ്സിയുടെ അവസാന ലോകകപ്പ് യോഗ്യത മത്സരമാകുമെന്ന വിലയിരുത്തപ്പെട്ട പോരാട്ടത്തിൽ ഇതിഹാസ താരം കളംനിറഞ്ഞാടുകയായിരുന്നു.

ഇരട്ടഗോൾ നേടിയ മെസ്സിയും ഒരു ഗോൾ നേടിയ ലൗട്ടാരോ മാർട്ടിനസുമാണ് അർജന്റീനയക്ക് അനായാസ ജയം സമ്മാനിച്ചത്. ബ്യൂണസ് ഐറിസിലെ എസ്റ്റാഡിയോ മോണുമെന്റൽ സ്റ്റേഡിയത്തിൽ നിറഞ്ഞുനിന്ന 80,000 ത്തോളം വരുന്ന ആരാധർക്ക് മുന്നിൽ ഒരിക്കല്‍ കൂടി മെസ്സി നിറഞ്ഞാടുകയായിരുന്നു.

39ാം മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്. ഹൂലിയൻ ആൽവാരസ് നീട്ടി നൽകിയ പന്ത് മെസ്സി തന്റെ ഇടങ്കാലൻ ഷോട്ടിലൂടെ ലക്ഷ്യത്തിലെത്തിച്ചു.(1-0). 76ാം മിനിറ്റിൽ ലൗട്ടാരോ മാർട്ടിനസിലൂടെ അർജന്റീന ഗോൾ ഇരട്ടിയാക്കി. നിക്കോ ഗോൺസാലസിന്റെ ഉറച്ചൊരു ക്രോസ് മനോഹരമായി ഹെഡ് ചെയ്ത് മാർട്ടിനസ് വലയിലാക്കുകയായിരുന്നു (2-0). 80ാം മിനിറ്റിൽ അൽമാഡയുടെ പാസിൽ നിന്ന് ഇതിഹാസ താരം വീണ്ടും ലക്ഷ്യം കണ്ടതോടെ 3-0ത്തിെൻറ വ്യക്തമായ ലീഡിലൂടെ അർജന്റീന വിജയം ഉറപ്പിക്കുകയായിരുന്നു.

© Madhyamam