കൊച്ചി: വിവിധ പ്രായവിഭാഗങ്ങളിലായി നടക്കുന്ന അന്താരാഷ്ട്ര മത്സരങ്ങൾക്കുള്ള ഇന്ത്യൻ ദേശീയ ടീമുകളിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി താരങ്ങൾ ഇടംപിടിച്ചു. മാർച്ച് 31ന് കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഹോങ്കോങ്ങിനെതിരെ നടക്കുന്ന 2027 എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യത മത്സരത്തിനുള്ള ഇന്ത്യൻ സീനിയർ ടീമിൽ മിഡ്ഫീൽഡർ ഡാനിഷ് ഫാറൂഖിനെ ഉൾപ്പെടുത്തി. ഹെഡ് കോച്ച് ഖാലിദ് ജമീൽ പ്രഖ്യാപിച്ച ടീമിലാണ് ഡാനിഷ് ഇടംപിടിച്ചത്.
അണ്ടർ 23 തലത്തിൽ, അരുണാചൽ പ്രദേശിലെ യുപ്പിയയിൽ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിലേക്ക് മുഹമ്മദ് അജ്‌സലിനെയും എബിദാസ് യേശുദാസിനെയും തെരഞ്ഞെടുത്തു. ഹെഡ് കോച്ച് നൗഷാദ് മൂസയുടെ കീഴിൽ ഭൂട്ടാൻ, താജിക്കിസ്ഥാൻ എന്നിവക്കെതിരെ മാർച്ച് 25 മുതൽ 31 വരെ നടക്കുന്ന മത്സരങ്ങൾക്കുള്ള ടീമിലാണ് ഇരുവരും ഉൾപ്പെട്ടത്. ആഭ്യന്തര മത്സരങ്ങളിലെ ഇവരുടെ സ്ഥിരതയാർന്ന പ്രകടനമാണ് ദേശീയ ടീമിലേക്കുള്ള വഴിതുറന്നത്.
യൂത്ത് തലത്തിൽ, മാലിദ്വീപിൽ പുരോഗമിക്കുന്ന സാഫ് അണ്ടർ-20 ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ മലേംഗൻബസിങ് തോക്ചോം, പ്രണവ് സുന്ദരരാമൻ, അൽ സാബിത്ത് എന്നിവർ ഇടംനേടി. ഏപ്രിൽ മൂന്നുവരെ നടക്കുന്ന ടൂർണമെന്റിൽ പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവയാണ് ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയുടെ എതിരാളികൾ.
റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്‌മെന്റ് ലീഗിലെ മികച്ച പ്രകടനമാണ് ഈ യുവതാരങ്ങൾക്ക് തുണയായത്. ഇതിൽ ക്ലബിന്റെ യൂത്ത് സിസ്റ്റത്തിലൂടെ വളർന്നുവന്ന് ദേശീയ ടീമിലെത്തിയ അൽ സാബിത്തിന്റെ നേട്ടം ശ്രദ്ധേയമാണ്.
