കൊച്ചി: പുതിയ ഐ.എസ്.എൽ സീസണിൽ മത്സരിക്കാൻ കേരള ബ്ലാസ്റ്റേഴ്സിൽ അവശേഷിച്ചിരുന്ന മൂന്ന് വിദേശ താരങ്ങളിൽ രണ്ടുപേരും ടീം വിട്ടു. ഈ സീസണിൽ വന്ന സ്പാനിഷ് സ്ട്രൈക്കർ കോൾദോ ഒബിയേറ്റകഴിഞ്ഞ സീസണിലെത്തിയ മിഡ്ഫീൽഡർ ദുഷാൻ ലാഗറ്റർ എന്നിവരാണ് ടീമിൽനിന്ന് പടിയിറങ്ങിയത്.
സെന്റർ ബാക്കായ യുവാൻ റോഡ്രിഗസ് മാത്രമാണ് നിലനിൽക്കുന്നത്. ഒബിയേറ്റയും ലാഗറ്ററുമായുള്ള കരാർ പരസ്പരധാരണയോടെ അവസാനിപ്പിച്ചതായി ക്ലബ് അറിയിച്ചു.
കോൽഡോ ഒബിയേറ്റ ഇന്ത്യക്ക് പുറത്തുള്ള ക്ലബിലേക്ക് ചേക്കേറും. ദുഷാൻ ലാഗറ്ററുമായുള്ള കരാറും ക്ലബ് പരസ്പര സമ്മതപ്രകാരം റദ്ദാക്കി.
അടുത്തിടെയാണ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയും പിന്നാലെ സ്റ്റാർ സ്ട്രൈക്കർ നോഹ സദോയിയും ടീമിൽനിന്നിറങ്ങിയത്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഗോളടി യന്ത്രമായിരുന്ന ജീസസ് ജെമിനിസ്, പ്രതിരോധ ഭടൻ മിലോസ് ഡ്രിൻസിച്ച്, ഈ സീസണിൽ സൂപ്പർകപ്പിനായി എത്തിച്ച പോർചുഗൽ താരം തിയാഗോ ആൽവസ് എന്നിവർ അടുത്തിടെ ടീം വിട്ട മറ്റു വിദേശതാരങ്ങളാണ്. ഫെബ്രുവരി 14ന് ഐ.എസ്.എൽ ആരംഭിക്കാനിരിക്കെ എന്തുചെയ്യുമെന്ന ചോദ്യമാണ് ആരാധകരെ അലട്ടുന്നത്.
