ആർത്തലച്ച ആക്രമണങ്ങളുടെ ആദ്യപകുതി, ബാഴ്സലോണയെ നാണംകെടുത്തി അത്‍ലറ്റികോ; നാലുഗോളിന്റെ കടം വീട്ടാൻ കാറ്റലോണിയക്കാർക്കാവുമോ?

മഡ്രിഡ്: കേളികേട്ട തങ്ങളുടെ ഗോൾമുഖം എതിരാളികളുടെ നിരന്തര ആക്രമണങ്ങളിൽ ആടിയുലഞ്ഞ സന്ധ്യയിൽ ബാഴ്സലോണയെന്ന അതികായസംഘത്തിന് നാണംകെട്ട തോൽവി. കോപ ​ഡെൽ റേ സെമിഫൈനലിന്റെ ആദ്യപാദത്തിൽ മറുപടിയില്ലാത്ത നാലുഗോളുകൾക്ക് അത്ലറ്റികോ മഡ്രിഡാണ് ബാഴ്സയെ നിലംപരിശാക്കിയത്.

സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ അത്‍ലറ്റികോ നാലുവട്ടം ബാഴ്സലോണയുടെ വലയിൽ പന്തെത്തിച്ചത് ഇടവേളക്കുമുമ്പായിരുന്നു. രണ്ടാം പകുതിയിൽ പോ കുബാർസി നേടിയ ഗോൾ എട്ടുമിനിറ്റ് നീണ്ട വാർപരിശോധനയിൽ റദ്ദാക്കിയതോടെ ആശ്വാസഗോൾ പോലുമില്ലാതെ കാറ്റലൻ ടീമിന് മടക്കമായി. കഴിഞ്ഞ തവണ തങ്ങളെ സെമിയിൽ തോൽപിച്ച് കിരീടത്തിലേക്ക് മുന്നേറിയ ബാഴ്സലോണക്കാരോട് ആദ്യപാദത്തിൽതന്നെ ഗംഭീരമായി കണക്കുതീർക്കാനും അത്‍ലറ്റികോക്ക് കഴിഞ്ഞു.

റഫീഞ്ഞ, പെഡ്രി, മാർകസ് റാഷ്ഫോർഡ് എന്നിവർ ഇല്ലാതെ കളത്തിലിറങ്ങിയ ബാഴ്സലോണക്ക് കടലാസിൽ കരുത്തിനൊട്ടും കുറവില്ലായിരുന്നു. എന്നാൽ, അന്റോയിൻ ഗ്രീസ്മാനും ഹൂലിയൻ ആൽവാരെസും അഡെമോള ലുക്മാനും നയിച്ച അത്‍ലറ്റികോ മുന്നേറ്റങ്ങളിൽ ആദ്യപകുതിയിലുടനീളം ബാ​ഴ്സാ ഗോൾമുഖം വിറകൊണ്ടു. ആറാം മിനിറ്റിൽ തന്നെ അവർ ഗോൾ നേടുകയും ചെയ്തു. എറിക് ഗാർഷ്യയുടെ ബാക് പാസ് സ്വീകരിക്കുന്നതിൽ ഗോളി യോവാൻ ഗാർഷ്യക്ക് പിഴച്ചപ്പോൾ പന്ത് സ്വന്തം വലയിലേക്ക് ഉരുണ്ടുകയറി.

രണ്ടാമത്തെ പ്രഹരം മുൻ ബാഴ്സാ താരം കൂടിയായ ഗ്രീസ്മാന്റെ വകയായിരുന്നു. 14-ാം മിനിറ്റിൽ ബോക്സിന്റെ ഓരത്തുനിന്ന് ഫ്രഞ്ചുകാരന്റെ നിലംപറ്റെയുള്ള ​​േപ്ലസിങ് ഷോട്ട് ​ബാഴ്സ ഡിഫൻഡറുടെ കാലിനിടയിലൂടെ വലക്കുള്ളിലേക്ക്. 33-ാം മിനിറ്റിൽ വലതുവിങ്ങിൽ ജിയൂലിയാനോ സിമിയോണിയിൽനിന്ന് പന്ത് ആൽവാരെസിലേക്ക്. അർജന്റീന സ്ട്രൈക്കറുടെ ഒന്നാന്തരം പാസ് അഡെമോള ലുക്മാന്. നൈജീരിയൻ താരത്തിന്റെ ഷോട്ട് വലയിലെത്തിയതോടെ അത്‍ലറ്റികോയുടെ ആധിപത്യമായി. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ ഇതിന് ‘പകര’മായി ആൽവാരെസിന് ലുക്മാന്റെ പാസ്. ആൽവാരെസിന്റെ തകർപ്പൻ ഡ്രൈവ് വലയി​ലേക്ക് പാഞ്ഞുകയറിയപ്പോൾ 11 മത്സരങ്ങളിലെ താരത്തിന്റെ ഗോൾവരൾച്ചക്ക് അവസാനമായി. ആദ്യപകുതിയിൽ ലഭിച്ച സുവർണാവസരങ്ങൾ പലതും പാഴാക്കിയിരുന്നില്ലെങ്കിൽ ബാഴ്സയുടെ പതനത്തിന് ആഴം കൂടിയേനേ.

രണ്ടാം പകുതിയിൽ തിരിച്ചുവരാനുള്ള ബാഴ്സ നീക്കങ്ങളൊന്നും അത്ലറ്റികോയെ ആധി പിടിപ്പിക്കാൻ പോന്നതായിരുന്നില്ല. ലമീൻ യമാലും റോബർട്ട് ലെവൻഡോവ്സ്കിയും ഫെർമിൻ ലോപസുമടക്കമുള്ള പ്രതിഭാസമ്പന്നർ അണിനിരന്നിട്ടും കാറ്റലോണിയക്കാർക്ക് മൂർച്ചയുണ്ടായില്ല. 85-ാം മിനിറ്റിൽ എറിക് ഗാർഷ്യ ചുകപ്പുകാർഡ് കണ്ട് പുറത്തായതോടെ പത്തുപേരുമായാണ് ബാഴ്സ കളി അവസാനിപ്പിച്ചത്. മാർച്ച് മൂന്നിന് നടക്കുന്ന രണ്ടാം പാദത്തിൽ അഞ്ചു ഗോൾ മാർജിനെങ്കിലും ജയിച്ചാൽ മാത്രമേ ബാഴ്സക്ക് ഇനി ഫൈനലിലെത്താൻ കഴിയൂ.



© Madhyamam