ആദ്യമൊന്ന് വിറച്ചു, പിന്നീടങ്ങ് അടിച്ചുകയറി; ലാലിഗയിൽ വിജയകുതിപ്പ് തുടർന്ന് ബാഴ്സലോണ

ഒവിഡോ(സ്പെയിൻ): ലാലിഗയിൽ വിജയകുതിപ്പ് തുടർന്ന് ബാഴ്സലോണ. താരതമ്യേന ദുർബലരായ റിയൽ ഒവിഡോക്കെതിരെ കടുത്ത പോരാട്ടത്തിനൊടുവിലാണ് ബാഴ്സ ജയം പിടിച്ചെടുത്തത്. ഒരുഗോളിന് പിന്നിട്ട് നിന്ന ശേഷം മൂന്ന് ഗോൾ തിരിച്ചടിച്ചാണ് (1-3) സ്പാനിഷ് വമ്പന്മാരുടെ ജയം.

അനായാസ ജയം തേടി ഇറങ്ങിയ ബാഴ്സയുടെ കണക്ക് കൂട്ടൽ തെറ്റിച്ച് ഹോം ഗ്രൗണ്ടിന്റെ അനൂകൂല്യം മുതലെടുത്തായിരുന്നു ഒവിഡോ തുടങ്ങിയത്. ആദ്യ പകുതിയിൽ ഉടനീളം ഇരുടീമും ഇഞ്ചോടിച്ച് പൊരുതിയതോടെ കളി ത്രില്ലർമോഡിലേക്ക് നീങ്ങി. ബാഴ്സയെ ഞെട്ടിച്ച് 33ാം മിനിറ്റിൽ ഒവിഡോ ലീഡെടുത്തു. ആൽബർട്ടോ റെയ്ന ബാഴ്സ ഗോൾകീപ്പർ ജോവാൻ ഗാർഷ്യയുടെ പിഴവ് മുതലെടുത്ത് ഗോൾ നേടുകയായിരുന്നു.

തുടർന്നങ്ങോട്ട് ബാഴ്സയുടെ തിരിച്ചടിക്കാനുള്ള ശ്രമങ്ങളാണ് കണ്ടത്. ആദ്യ പകുതിയിലെ ശ്രമങ്ങളെല്ലാം പാഴായെങ്കിലും രണ്ടാം പകുതിയിൽ എറിക് ഗ്രാഷ്യയിലൂടെ ബാഴ്സ ലക്ഷ്യം കണ്ടു. 56ാം മിനിറ്റിലാണ് മറുപടി ഗോൾ നേടുന്നത് (1-1).

70ാം മിനിറ്റിൽ റോബർട്ട് ലെവൻഡോവ്സ്കിയിലൂടെ കാറ്റാലൻസ് ലീഡെടുക്കുകയും ചെയ്തു (2-1). 88ാം മിനിറ്റിൽ റോണാൾഡ് അരൗഹോയും ഗോൾ കണ്ടെത്തിയതോടെ ബാഴ്സ 3-1ന് വിജയം ഉറപ്പിച്ചു. ജയത്തോടെ ബാഴ്സലോണ പോയിന്റ് പട്ടികയിൽ റയൽ മഡ്രിഡിനോട് ഒരുപടികൂടി അടുത്തു. 18 പോയിന്റുമായി റയൽ ഒന്നാമതും 16 പോയിന്റുമായി ബാഴ്സ രണ്ടാമതുമാണ്.

അൽവാരസിന് ഹാട്രിക്; വയ്യേകാനോയെ വീഴ്ത്തി അത്ലറ്റികോ മാഡ്രിഡ്, 3-2

മഡ്രിഡ്: സൂപ്പർ സ്ട്രൈക്കർ ഹൂലിയൻ അൽവാരസിന്റെ ഹാട്രിക് മികവിൽ ലാലിഗയിൽ അത്ലറ്റികോ മാഡ്രിഡ് വിജയ വഴിയിലെത്തി. റയോ വയ്യേകാനോയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് (2-3) അത്ലറ്റിക്കോ തോൽപ്പിച്ചത്.

15, 80, 88 മിനിറ്റുകളിലാണ് ആൽവാരസിന്റെ ഗോളുകൾ. വല്ലേക്കാനോക്ക് വേണ്ടി 45ാം മിനിറ്റിൽ പെപ് കാവറിയയും 77ാം മിനിറ്റിൽ ആൽവാരോ ഗ്രാഷ്യ റിവേരയുമാണ് ഗോൾ നേടിയത്.

റിയാദ് എയർ മെട്രോപൊളിറ്റൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 15ാം മിനിറ്റിലാണ് അത്ലറ്റികോ ലീഡെടുക്കുന്നത്. ലൊറന്റോ ബോക്സിന്റെ ഇടതുമൂലയിലേക്ക് ഉയർത്തി നൽകിയ ഒന്നാന്തരം ക്രോസ് പന്ത് നിലംതൊടും മുൻപെ ഇടങ്കാലൻ വോളിയിലൂടെ അൽവാരസ് വലയിലാക്കി. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് വയ്യേകാനോക്ക് വേണ്ടി പെപ് കാവറിയ ഗോൾ മടക്കി. ഗോൾ പോസ്റ്റിന്റെ 30 മീറ്റർ അകലെ നിന്നും കാവറിയ തൊടുത്തുവിട്ട ഇടങ്കാലൻ ബുള്ളറ്റ് അത്ലറ്റിക്കോയുടെ വല തുളച്ചുകയറി.

77ാം മിനിറ്റിൽ ഗ്രാഷ്യയിലൂടെ വയ്യേകാനോ ലീഡെടുത്തു(2-1). എന്നാൽ 80ാം മിനിറ്റിൽ അൽവാരസ് വീണ്ടും വല ചലിപ്പിച്ചതോടെ സ്കോർ തുല്യമായി (2-2). 88ാം മിനിറ്റിലാണ് അൽവാരസ് ഹാട്രിക് തികച്ച അത്ലറ്റികോയുടെ വിജയഗോൾ എത്തുന്നത്. ബോക്സിന് പുറത്ത് നിന്ന് തൊടുത്ത മറ്റൊരു ബുള്ളറ്റ് ഷോട്ട് വല്ലേക്കാനോ വലയിൽ ചെന്ന് വീണു.

ജയത്തോടെ അത്ലറ്റികോ മാഡ്രിഡ് ഒന്‍പത് പോയിന്റുമായി ഒന്‍പതാം സ്ഥാനത്തേക്ക് ഉയർന്നു. 18 പോയിന്റുള്ള റയൽ മാഡ്രിഡും 13 പോയിന്റ് വീതമുള്ള ബാഴ്സലോണയും വിയ്യ റയലുമാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്.



© Madhyamam