റയൽ മാഡ്രിഡിനെ വീഴ്ത്തി ബാഴ്സലോണയ്ക്ക് സ്പാനിഷ് സൂപ്പർ കപ്പ്

ജിദ്ദ: ജിദ്ദയിലെ കിങ് അബ്ദുള്ള സ്പോർട്സ് സിറ്റിയിലെ അൽഇന്മ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ ചിരവൈരികളായ റയൽ മാഡ്രിഡിനെ 3-2ന് തകർത്ത് ബാഴ്സലോണ സ്പാനിഷ് സൂപ്പർ കപ്പ് കിരീടം നിലനിർത്തി. നിശ്ചിത സമയത്തിന്റെ അവസാന നിമിഷം വരെ ആവേശം പതഞ്ഞുനിന്ന മത്സരത്തിൽ റാഫിഞ്ഞയുടെ ഇരട്ട ഗോളുകളാണ് ബാഴ്സയ്ക്ക് വിജയം സമ്മാനിച്ചത്.

ആദ്യ പകുതിയുടെ 36-ാം മിനിറ്റിൽ റാഫിഞ്ഞയിലൂടെ ബാഴ്സയാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ മത്സരം നാടകീയമായ വഴിത്തിരിവിലൂടെ കടന്നുപോയി. 45+2-ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറിലൂടെ റയൽ സമനില പിടിച്ചെങ്കിലും, തൊട്ടടുത്ത മിനിറ്റിൽ തന്നെ റോബർട്ട് ലെവൻഡോവ്സ്കി ബാഴ്സയെ വീണ്ടും മുന്നിലെത്തിച്ചു. എന്നാൽ വിട്ടുനൽകാൻ തയ്യാറാവാതിരുന്ന റയൽ മാഡ്രിഡ്, 45+6-ാം മിനിറ്റിൽ ഗോൺസാലോയിലൂടെ വീണ്ടും സമനില (2-2) പിടിച്ചു.

രണ്ടാം പകുതിയിൽ ഇരു ടീമുകളും വിജയത്തിനായി പൊരുതിയെങ്കിലും 73-ാം മിനിറ്റിൽ റാഫിഞ്ഞ തന്റെ രണ്ടാം ഗോൾ കണ്ടെത്തിയതോടെ ബാഴ്സലോണ 3-2ന് മുന്നിലെത്തി. കളിയുടെ അവസാന മിനിറ്റുകളിൽ ഫ്രാങ്കി ഡി യോങ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ബാഴ്സ പത്ത് പേരായി ചുരുങ്ങിയെങ്കിലും, റയലിന്റെ ആക്രമണങ്ങളെ പ്രതിരോധിച്ചു അവർ കിരീടം ഉറപ്പിച്ചു. സെമി ഫൈനലിൽ അത്‌ലറ്റിക് ബിൽബാവോയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്താണ് ബാഴ്സ ഫൈനലിലെത്തിയത്. സാവിക്ക് പകരം ഹാൻസി ഫ്ലിക്ക് പരിശീലകനായെത്തിയ ശേഷമുള്ള ബാഴ്സയുടെ കരുത്തുറ്റ പ്രകടനമാണ് ജിദ്ദയിലെ മൈതാനത്ത് കണ്ടത്.



© Madhyamam