ഗോൾഡൻ എസെ! ഗണ്ണേഴ്സിന് തകർപ്പൻ ജയം; ടോട്ടൻഹാമിനെ വീഴ്ത്തിയത് 4-1ന്

ലണ്ടൻ: മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും മൂക്കുകുത്തിയതിനു പിറകെ പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് എതിരാളികളില്ലെന്ന വിളംബരമായി ഗണ്ണേഴ്സിന്റെ തകർപ്പൻ ജയം. ഹാട്രിക് കുറിച്ച് എബറച്ചി എസെയും മനോഹര ഗോളുമായി ട്രോസാർഡും നിറഞ്ഞാടിയ ദിനത്തിൽ കരുത്തരായ ടോട്ടൻഹാം ഹോട്സ്പറിനെയാണ് ആഴ്സനൽ 4-1ന് തകർത്തുവിട്ടത്.

മധ്യവരക്കടുത്തുനിന്ന് ഹോട്സ്പർ താരം റിച്ചാർലിസൺ പായിച്ച ലോങ് റേഞ്ചർ ഗോളും ശ്രദ്ധേയമായി. ആദ്യവസാനം ഗണ്ണേഴ്സ് മയമായിരുന്ന കളിയിൽ ഗോളടി മേളം തുടങ്ങിയത് ട്രോസാർഡാണ്, 36ാം മിനിറ്റിൽ. അഞ്ചു മിനിറ്റ് കഴിഞ്ഞ് എസെ വെടി പൊട്ടിച്ചു. പ്രതിരോധം കോട്ടകെട്ടിയതിനിടെ തന്റേതായ മികവോടെ മനോഹര ഷോട്ടിൽ വലകുലുക്കുകയായിരുന്നു. രണ്ടാം പകുതി തുടങ്ങി 23 സെക്കൻഡ് പിന്നിടുമ്പോൾ എസെ സ്കോർ 3-0 ആക്കി. വൈകാതെ ഹാട്രികും തികച്ചു. 12 മത്സരങ്ങൾ പിന്നിട്ട ലീഗിൽ 29 പോയന്റുമായി ആഴ്സനൽ ബഹുദൂരം മുന്നിലാണ്.

കുരുക്കഴിയാതെ റയൽ മഡ്രിഡ്

മഡ്രിഡ്: കാമ്പ് നൂവിൽ കറ്റാലന്മാർ വമ്പൻ ജയവുമായി ഒപ്പം പിടിച്ച ദിനത്തിൽ ദുർബലരായ എൽച്ചെയോട് സമനിലയുമായി രക്ഷപ്പെട്ട് റയൽ മഡ്രിഡ്. രണ്ടുവട്ടം പിറകിൽ നിന്നശേഷം തിരിച്ചുകയറിയാണ് 2-2ന് സമനിലയുമായി ടീം ലാ ലിഗയിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചത്. ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിനോട് തോൽവിക്ക് പിറകെ ലാ ലിഗയിൽ റയോ വയ്യകാനോയോട് ഗോൾരഹിത സമനിലയിലായ ശേഷമായിരുന്നു റയലിന് വീണ്ടും സമനിലപ്പൂട്ട്.

ഗോളൊഴിഞ്ഞ ആദ്യപകുതിക്ക് ഫിബാസിലൂടെ എൽച്ചെ ആദ്യം മുന്നിൽ കയറി. ഡീൻ ഹ്യൂജ്സെൻ റയലിനെ ഒപ്പമെത്തിച്ച് ഏറെ വൈകാതെ അൽവാരോ റോഡ്രിഗസ് എൽച്ചെക്ക് വീണ്ടും ലീഡ് നൽകി. 84ാം മിനിറ്റിൽ ജൂഡ് ബെല്ലിങ്ഹാം ഗോളടിച്ച് ടീമിന് വിലപ്പെട്ട ഒരു പോയന്റ് സമ്മാനിച്ചു.



© Madhyamam