ദോഹ: ഭാവിയിലെ താരങ്ങളെ വാർത്തെടുക്കുന്ന ഫിഫ അണ്ടർ 17 ലോകകപ്പിന് ആസ്പയർ സോണിലെ മൈതാനങ്ങളിൽ ആവേശോജ്ജ്വല തുടക്കം. ഫുട്ബാൾ ആരാധകർക്ക് ഒരൊറ്റ ഫാൻസോണിൽ ഉത്സവാന്തരീക്ഷമൊരുക്കിയാണ് ലോകകപ്പ് മത്സരങ്ങൾക്ക് തുടക്കമായത്. ഗാലറിയിൽ ഫുട്ബാൾ ആരാധകരുടെ ആവേശവും അർമാദവുമായിരുന്നു.
മുഖത്ത് ചായം തേച്ചും ഈഷ്ട ടീമുകളുടെ ജഴ്സിയണിഞ്ഞും ആസ്പയർ സോൺ ആരാധകരാൽ നിറഞ്ഞു. ടൂർണമെന്റിൽ ആദ്യ മത്സരത്തിനിറങ്ങിയ അർജന്റീന, ബെൽജിയത്തിനെതിരെ (3-2) ഗോളിന്റെ വിജയവുമായി അണ്ടർ 17 ലോകകപ്പിന് വിജയത്തോടെ തുടക്കം കുറിച്ചു. മികച്ച പ്രകടനം കാഴ്ചവെച്ച ഡീഗോ പ്ലാസെന്റെയുടെ ടീം റാമിറോ ടുലിയന്റെ മികച്ച ഫിനിഷിലൂടെയാണ് ആദ്യഗോൾ നേടിയത്. തുടർന്ന് ജെയ്നിക്കോസ്കി (68), എസ്ക്വിവൽ (71) മിനിറ്റിലും ബെൽജിയത്തിന്റെ വല കുലുക്കി അർജന്റീനയെ വിജയത്തിലേക്ക് നയിച്ചു. മറ്റൊരു മത്സരത്തിൽ ന്യൂകോലിഡോണിയയെ 6-1 ന് തകർത്ത പോർചുഗൽ ഗ്രൂപ് ബിയിൽ വിജയത്തോടെ അരങ്ങേറ്റം കുറിച്ചു. ഗ്രൂപ് ബിയിൽ തന്നെ, ഏകപക്ഷീയമായ രണ്ട് ഗോളുകൾ നേടിയ ജപ്പാൻ-മൊറോക്കോയെ തരിപ്പണമാക്കി, തുടർച്ചയായ ആറാമത്തെ അണ്ടർ 17 ലോകകപ്പ് വിജയത്തോടെ ആരംഭിച്ചു.
ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ബൊളീവിയയെ 3-1ന് പരാജയപ്പെടുത്തിയാണ് സൗത്ത് ആഫ്രിക്ക ടൂർണമെന്റിലെ ആദ്യ ജയം സ്വന്തമാക്കിയത്. ആദ്യ പകുതിയുടെ മധ്യത്തിൽ തന്നെ സൗത്ത് ആഫ്രിക്കയുടെ സിവ് പാമ ചുവപ്പ് കാർഡ് കണ്ട് പുറത്തായിരുന്നു. തുടർന്ന് 10 കളിക്കാരുമായി കളിച്ച ടീമിന് 38ാം മിനിറ്റിൽ ആദ്യ ഗോൾ നൽകി വിറ്റ്ബൂയി കരുത്തേകി. തുടർന്ന് ബൊഹ്ലോകോ (50), എൽസ് (90+5) മിനുറ്റുകളിൽ ഗോളുകൾ നേടി സൗത്ത് ആഫ്രിക്കയെ വിജയത്തിലെത്തിച്ചു. ബൊളീവിയയുടെ ആശ്വാസ ഗോൾ 72ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ മറൗഡ് പെൻ നേടി.
അതേസമയം, ഇരു ടീമുകളും ഓരോ ഗോൾ നേടി കോസ്റ്ററീക-യു.എ.ഇ മത്സരവും ഗോളുകളൊന്നും നേടാതെ സെനഗൽ-ക്രൊയേഷ്യ മത്സരവും സമനിലയിൽ പിരിഞ്ഞു. ആതിഥേയരായ ഖത്തറിനെതിരെ ഇറ്റലിയുടെ സാമുവൽ ഇനാസിയോ 19 ാം മിനുറ്റിൽ നേടിയ ഗോളിന്റെ കരുത്തിൽ ഇറ്റലി ജേതാക്കളായി. ഗാലറിയിൽ നിന്നുള്ള ആരാധക പിന്തുണയിൽ ഖത്തർ മികച്ച മുന്നേറ്റം നടത്തിയെങ്കിലും ഇറ്റലിയുടെ പ്രതിരോധത്തിൽ ഗോളുകൾ നേടാൻ സാധിച്ചില്ല.
ഫിഫ അണ്ടർ 17: പുതിയ സ്റ്റാമ്പ് പുറത്തിറക്കി
ഫിഫ അണ്ടർ 17 ലോകകപ്പ് ആഘോഷങ്ങളുടെ ഭാഗമായി ഖത്തർ പോസ്റ്റ് ഓഫിസ് പുതിയ സ്റ്റാമ്പ് പുറത്തിറക്കി. അണ്ടർ 17 ലോകകപ്പിന്റെ ലോഗോയും തീം സോങ്ങിന്റെ കവർ പേജ് ഉൾക്കൊള്ളുന്ന രീതിയിലാണ് സ്റ്റാമ്പ് പുറത്തിറക്കിയിരിക്കുന്നത്. പൗരന്മാർക്കും താമസക്കാർക്കും ജനറൽ പോസ്റ്റ് ഓഫിസിൽ നിന്നോ http://qatarpostsouq.com എന്ന വെബ്സൈറ്റിൽ ഖത്തർ പോസ്റ്റ് സൂക്ക് വഴി ഓൺലൈനായോ സ്റ്റാമ്പ് വാങ്ങാം.
ഇന്നത്തെ മത്സരങ്ങൾ
3:30 pm ഐവറികോസ്റ്റ് -സ്വിറ്റ്സർലൻഡ് (ഗ്രൂപ് എഫ്)
3:30 pm ബ്രസീൽ -ഹോണ്ടുറാസ് (ഗ്രൂപ് എച്ച്)
4:00 pm മെക്സികോ – സൗത്ത് കൊറിയ (ഗ്രൂപ് എഫ്)
4:30 pm ഹെയ്തി -ഈജിപ്ത് (ഗ്രൂപ് ഇ)
5:45 pm ജർമനി -കൊളംബിയ (ഗ്രൂപ് ഇ)
6:15 pm ഇംഗ്ലണ്ട് -വെനസ്വേല (ഗ്രൂപ് ഇ)
6:45 pm നോർത്ത് കൊറിയ -എൽ സാൽവഡോർ (ഗ്രൂപ് ജി)
6:45 pm ഇന്തോനേഷ്യ -സാംബിയ (ഗ്രൂപ് എച്ച്)
