റയൽ ബെറ്റിസിലേക്കുള്ള തന്റെ മാറ്റം കളിക്കളത്തിനകത്തും പുറത്തും വലിയൊരു മാറ്റമാണ് ഉണ്ടാക്കിയതെന്ന് ബ്രസീലിയൻ താരം ആന്റണി തുറന്നുപറഞ്ഞു. റയൽ ബെറ്റിസിലെ തന്റെ പുനരാഗമനത്തെക്കുറിച്ച് ഗ്ലോബോ എസ്പോർട്ടെയോട് സംസാരിക്കുകയായിരുന്നു ഇരുപത്തിയാറുകാരനായ താരം.
മാഞ്ചസ്റ്റർ യുണൈറ്റഡിലെ തന്റെ പ്രകടനത്തെ ബാധിച്ച കാര്യങ്ങളെക്കുറിച്ച് ആന്റണി മനസ്സ് തുറന്നു. “ഫുട്ബോളിന് പുറത്തുള്ള ചില പ്രശ്നങ്ങൾ എന്നെ വല്ലാതെ ബാധിച്ചിരുന്നു. അത് വളരെ സങ്കീർണ്ണമായ ഒരു സമയമായിരുന്നു. എന്നാൽ, ആ അനുഭവങ്ങൾ എനിക്ക് പാഠങ്ങളും പക്വതയും നൽകി,” അദ്ദേഹം പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിച്ചതിൽ തനിക്ക് ഒട്ടും പരാതിയില്ലെന്നും, ആ ക്ലബ്ബിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.
ബെറ്റിസിലെത്തുന്നതിന് മുൻപ് തന്നെ താൻ മാനസികമായി തയ്യാറെടുപ്പുകൾ നടത്തിയിരുന്നതായും ആന്റണി പറഞ്ഞു. കുറഞ്ഞ സമയം കൊണ്ട് മികച്ച പ്രകടനം പുറത്തെടുക്കണമെന്ന് തനിക്ക് നിർബന്ധമുണ്ടായിരുന്നു. ഇതിന്റെ ഫലമായി ബ്രസീൽ ടീമിലേക്ക് വീണ്ടും വിളി ലഭിച്ചത് തനിക്ക് വലിയൊരു നേട്ടമാണെന്നും താരം കൂട്ടിച്ചേർത്തു.
ഓൾഡ് ട്രാഫോർഡിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുമായുള്ള അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു. “ഒരിക്കൽ സോനയിൽ വെച്ച് റൊണാൾഡോ തമാശരൂപേണ തന്റെ ശരീരപ്രകൃതി കാണിച്ചുതന്നിട്ട്, താൻ ഇരുപത്തിമൂന്നുകാരനെ പോലെ തോന്നുന്നുണ്ടോ എന്ന് ചോദിച്ചിരുന്നു. നാല്പതാം വയസ്സിലും അദ്ദേഹം തന്റെ ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്ന രീതി എല്ലാവർക്കും വലിയൊരു മാതൃകയാണ്,” ആന്റണി പറഞ്ഞു.
2025 സെപ്റ്റംബർ ഒന്നിനാണ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ആന്റണി റയൽ ബെറ്റിസിൽ സ്ഥിരമായി ചേർന്നത്. 2030 വരെയാണ് കരാർ. ബെറ്റിസിനായി ഇതുവരെ വിവിധ മത്സരങ്ങളിലായി 68 തവണ ബൂട്ടണിഞ്ഞ താരം 22 ഗോളുകളും 15 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.
