ലണ്ടൻ: 45 വർഷത്തിനിടെ ആദ്യമായി ഓൾഡ് ട്രാഫോഡിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനെ തോൽപിച്ച് ലീഡ്സ് യുനൈറ്റഡ്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ജയം.
39 വർഷത്തെ കാത്തിരിപ്പിനുശേഷം എഫ്.എ കപ്പ് സെമി ഫൈനലിൽ പ്രവേശിച്ചതിന്റെ ആവേശത്തിലാണ് ലീഡ്സ് ഇറങ്ങിയത്. നോഹ ഒകാഫോർ (5, 29) നേടിയ ഇരട്ടഗോളുകളുടെ കരുത്തിൽ സന്ദർശകർ ജയം പിടിച്ചു. രണ്ടാം പകുതിയോടെ തുടങ്ങി 56ാം മിനിറ്റിൽ കാൽവർട്ട്-ലെവിന്റെ മുടിയിൽ പിടിച്ചുവലിച്ചതിന് വാർ പരിശോധനയിലൂടെ മാഞ്ചസ്റ്റർ യുനൈറ്റഡ് താരം ലിസാൻഡ്രോ മാർട്ടിനെസിന് ചുവപ്പ് കാർഡ് ലഭിച്ചു.
പത്തുപേരായി ചുരുങ്ങിയിട്ടും പോരാട്ടം തുടർന്ന ആതിഥേയർക്ക് 69ാം മിനിറ്റിൽ കാസെമിറോയിലൂടെ ഒരു ഗോൾ മടക്കാൻ സാധിച്ചു. തോൽവിയോടെ 55 പോയന്റുള്ള യുനൈറ്റഡ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് തുടരുന്നു. അതേസമയം, 36 പോയന്റോടെ 15ാം സ്ഥാനത്താണ് ലീഡ്‌സ്.
കേരള വനിത ലീഗ് കിരീടം ഗോകുലത്തിന്
തൃശൂർ: കേരള വനിത ഫുട്ബാൾ ലീഗിൽ പരാജയമറിയാത്ത കുതിപ്പുമായി ഗോകുലം കേരള എഫ്.സിക്ക് വീണ്ടും കിരീടനേട്ടം. ആവേശകരമായ ഫൈനലിൽ ലോർഡ്‌സ് എഫ്.എ കൊച്ചിയെ ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്ക് തകർത്താണ് ഗോകുലം ഹാട്രിക് കിരീടത്തിൽ മുത്തമിട്ടത്.
2023-24 സീസണിലെ ഫൈനലിലേറ്റ പരാജയത്തിന് പകരം ചോദിക്കാനിറങ്ങിയ കൊച്ചിക്ക് മലബാറിയൻസിന്റെ ആക്രമണത്തിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ഈ സീസണിൽ ഫൈനൽ ഉൾപ്പെടെ കളിച്ച പത്ത് മത്സരങ്ങളും ജയിച്ചാണ് ഗോകുലം കേരള കപ്പുയർത്തിയത്.
