ബിൽബാവോ (സ്പെയിൻ): യുവേഫ യൂറോപ്പ ലീഗ് കിരീടം ടോട്ടനം ഹോട്സ്പറിന്. ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയാണ് ടോട്ടനം കിരീടമുയർത്തിയത്. 42-ാം മിനിറ്റിൽ ബ്രെനൻ ജോൺസണാണ് ടോട്ടനത്തിന്‍റെ വിജയഗോൾ നേടിയത്.
കളിയുടെ മൂന്നിലൊന്ന് സമയവും പന്ത് കാലിലുണ്ടായിട്ടും ലക്ഷ്യത്തിലേക്ക് ആറ് ഷോട്ടുകൾ തൊടുത്തിട്ടും യുണൈറ്റഡിന് ഗോൾ കണ്ടെത്താനായില്ല. അതേസമയം, ടോട്ടനത്തിന്‍റെ ഒരേയൊരു ഷോട്ട് വലയിൽ കയറുകയും ചെയ്തു. തുടക്കം മുതൽക്കേ പ്രതിരോധത്തിലൂന്നിയാണ് ടോട്ടനം കളിച്ചത്. കളിയുടെ ഗതിക്ക് വിപരീതമായി 42ാം മിനിറ്റിൽ ടോട്ടനത്തിന് ഗോൾ വീഴുകയായിരുന്നു.
പേപ്പ് സാറിന്റെ ഇടത് വശത്തുനിന്നുള്ള ക്രോസ് ബ്രെനൻ ജോൺസൺ വലയിലേക്ക് തിരിച്ചുവിട്ടു. ഇതോടെ മത്സരത്തിൽ ടോട്ടനത്തിന് നിർണായക മേൽക്കൈ. രണ്ടാംപകുതിയിൽ യുണൈറ്റഡ് ഗോൾ മടക്കാൻ കിണഞ്ഞ് ശ്രമിച്ചെങ്കിലും നടന്നില്ല. അധിക സമയത്ത് ലൂക് ഷായുടെ ഹെഡ്ഡർ ടോട്ടനം ഗോൾകീപ്പർ ഗൂഗ്ലിലെമോ വികാരിയോ തടുത്തു. ഇതിന് പിന്നാലെ കാസിമെറോയുടെ കിക്ക് സൈഡ് നെറ്റിലേക്ക് പോയതോടെ യുണൈറ്റഡിന് നിരാശയുടെ രാത്രി.
കിരീട നേട്ടത്തോടെ ടോട്ടനം അടുത്ത സീസൺ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടി. ഒരുപതിറ്റാണ്ടിലേറെയായി തുടരുന്ന കിരീട വരൾച്ചക്കാണ് ടോട്ടനം അവസാനമിട്ടത്. 2008ലാണ് ഇതിന് മുമ്പ് ടോട്ടനം ഒരു കിരീടം നേടിയത്. 1972, 1984 വർഷങ്ങളിലും ടോട്ടനം യൂറോപ്പ ചാമ്പ്യന്മാരായിട്ടുണ്ട്.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ