ന്യൂയോർക്ക്: മേജർ ലീഗ് സോക്കറിൽ ലയണൽ മെസ്സിയുടെ ഇന്‍റർ മയാമിക്ക് വമ്പൻ തോൽവി. മിനസോട്ട യൂനൈറ്റഡിനോട് ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് മയാമി വീണത്.
വ്യത്യസ്ത ചാമ്പ്യൻഷിപ്പുകളിലായി കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ ടീമിന്‍റെ നാലാം തോൽവിയാണിത്. പരിക്കേറ്റതിനാൽ ലൂയിസ് സുവാരസില്ലാതെയാണ് മയാമി കളിക്കാനിറങ്ങിയത്. ബോംഗോകുഹ്ലെ ഹോങ്‌വാനെയിലൂടെ 32ാം മിനിറ്റിൽ മിനസോട്ടയാണ് ആദ്യം ലീഡെടുത്തത്. ഒന്നാം പകുതിയുടെ ഇൻജുറി ടൈമിൽ ആന്റണി മാർക്കനിച്ചിലൂടെ ലീഡ് വർധിപ്പിച്ചു.
ഇടവേളക്കുശേഷം മെസ്സി ഒരു ഗോൾ (48ാം മിനിറ്റിൽ) മടക്കി ടീമിന് പ്രതീക്ഷ നൽകി. 68ാം മിനിറ്റിൽ മാർസലോ വെഗാൻഡോ സെൽഫ് ഗോൾ വഴങ്ങിയത് മയാമിക്ക് തിരിച്ചടിയായി. അധികം വൈകാതെ റോബിൻ ലോഡ് മയാമിക്കായി വീണ്ടും വലകുലുക്കി.
നിലവിൽ മയാമി ലീഗിൽ നാലാം സ്ഥാനത്താണ്. 11 മത്സരങ്ങളിൽനിന്ന് 21 പോയന്‍റ്. 12 മത്സരങ്ങളിൽനിന്ന് 25 പോയന്റുള്ള സിൻസിനാറ്റിയും കൊളംബസുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ