
കേരള ബ്ലാസ്റ്റേഴ്സ് – ജാംഷഡ്പുർ മത്സരത്തിന്റെ ഒഴിഞ്ഞ ഗാലറി
ഫോട്ടോ: രതീഷ് ഭാസ്കർ
കൊച്ചി: നിർണായക മത്സരത്തിൽ സെൽഫ് ഗോളിൽ വിജയം നഷ്ടപ്പെട്ട കേരള ബ്ലാസ്റ്റേഴ്സിനെ ആരാധകർ ഏറക്കുറെ കൈവിട്ട മട്ടാണ്. പല സീസണിലെ മത്സരങ്ങളിലും പതിനായിരങ്ങൾ നിറഞ്ഞിരുന്ന കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ശനിയാഴ്ചത്തെ ജാംഷഡ്പുർ എഫ്.സിക്കെതിരായ മത്സരം കാണാനുണ്ടായിരുന്നത് വളരെ കുറച്ചുപേർ മാത്രം. ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയുൾപ്പെടെ കൈയടക്കി വെക്കാറുള്ള ഈസ്റ്റ് ഗാലറിയിലാണ് കുറച്ചെങ്കിലും കാണികൾ ഉണ്ടായിരുന്നത്. ചില ഭാഗങ്ങളിൽ ഗാലറി പൂർണമായും ഒഴിഞ്ഞുകിടക്കുകയായിരുന്നു.
ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് ജയത്തേക്കാൾ കൂടുതൽ തോൽവികൾ ഏറ്റുവാങ്ങിയതിനെത്തുടർന്ന് ആരാധകരുടെ എണ്ണം കുത്തനെ കുറഞ്ഞിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ഫുട്ബാൾ ക്ലബാണ് കേരള ബ്ലാസ്റ്റേഴ്സ്. എന്നാൽ, തുടർ തോൽവികളും ഒടുവിൽ പ്ലേഓഫിൽനിന്ന് പുറത്തായതുമെല്ലാം ആരാധകരിൽ അക്ഷരാർഥത്തിൽ ‘കലിപ്പു’കൂട്ടുകയാണ്. ഇതേ വികാരം തന്നെയാണ് ശനിയാഴ്ചത്തെ കളിയിലും സ്വന്തം മുറ്റത്തെ ഗാലറിയിൽ കണ്ടത്. കഴിഞ്ഞ കുറേ കളികളിലായി ആരാധകരുടെ എണ്ണം കുറഞ്ഞുകുറഞ്ഞു വരുകയാണെങ്കിലും അതിലെ ഏറ്റവും കുറവ് ശനിയാഴ്ചത്തെ കളിയിൽ തന്നെയായിരുന്നു. തോൽവിയുടെ രോഷം ബ്ലാസ്റ്റേഴ്സിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പോസ്റ്റുകൾക്കു കീഴെ പോയി കമന്റിട്ട് തീർക്കുകയാണ് പലരും.
മഞ്ഞപ്പടയുടെ പ്രതിഷേധം തടയാൻ നീക്കം
കൊച്ചി: ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ഗാലറിയിൽ ബാനർ ഉയർത്തി പ്രതിഷേധിച്ചത് തടയാൻ നീക്കം. നാണയം നിക്ഷേപിക്കൂ, കെ.ബി.എഫ്.സിയെ രക്ഷിക്കൂ(ഇൻസർട്ട് കോയിൻ, സേവ് കെ.ബി.എഫ്.സി) എന്നെഴുതിയ ബാനറുകൾ ഉയർത്തിയപ്പോഴാണ് സുരക്ഷാ ഗാർഡ് തടയാൻ ശ്രമിച്ചത്. ഇതിന്റെ വിഡിയോ ദൃശ്യം മഞ്ഞപ്പട ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. പൂർണ ഡിസ് പ്ലേയിൽ ഇരട്ടത്താപ്പ്, സമാധാനപരമായ പ്രതിഷേധം സ്വാഗതം ചെയ്യുന്നുവെന്ന് പറയുമ്പോൾതന്നെ ബാനറുകൾ നീക്കാൻ സുരക്ഷാ ജീവനക്കാരനെ അയക്കുന്നു, ക്ലബ് അതിന്റെ ആരാധകരെ ശരിക്കും ബഹുമാനിക്കുന്നുവെങ്കിൽ, അവരുടെ ശബ്ദം എന്തിനാണ് നിശ്ശബ്ദമാക്കുന്നത്? വികാരം നിശ്ശബ്ദമാക്കാൻ കഴിയില്ല… എന്നിങ്ങനെ വിഡിയോക്കൊപ്പം കുറിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റെ പിഴവുകൾക്കെതിരെ കഴിഞ്ഞ പല മത്സരങ്ങൾക്കിടയിലും പ്രതിഷേധം അരങ്ങേറിയിരുന്നു.�
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/5dFcyuf