പ്രായം 40, വരുമാനം 2356 കോടി! ഒന്നാം നമ്പർ ക്രിസ്റ്റ്യാനോ തന്നെ, മെസ്സിയേക്കാൾ ഇരട്ടി…
ലോകത്ത് ഏറ്റവും കൂടുതൽ വാർഷിക വരുമാനമുള്ള കായിക താരങ്ങളിൽ ഒന്നാമനായി വീണ്ടും പോർചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. പ്രമുഖ ധനകാര്യ മാസിക ഫോബ്സ് പുറത്തുവിട്ട പട്ടികയിലാണ് അൽ നസർ സൂപ്പർ താരം തുടർച്ചയായി അഞ്ചാം വർഷവും ഒന്നാമതെത്തിയത്.
കഴിഞ്ഞ 12 മാസത്തെ താരത്തിന്റെ വരുമാനം 2356 കോടി രൂപയാണ് (275 മില്യൺ ഡോളർ). കളിയിൽനിന്ന് ലഭിക്കുന്ന വരുമാനത്തിനു പുറമെ, പരസ്യങ്ങളുൾപ്പെടെയുള്ളവയിലെ വരുമാനം കൂടി കണക്കാക്കിയാണ് പട്ടിക തയാറാക്കിയത്. ഫുട്ബാളിൽനിന്നു തന്നെയാണ് ക്രിസ്റ്റ്യാനോയുടെ ഭൂരിഭാഗം വരുമാനവും. ഓൺ ഫീൽഡിൽനിന്ന് 225 മില്യൺ ഡോളറാണ് താരത്തിന്റെ വരുമാനം. പരസ്യം ഉൾപ്പെടെയുള്ള വരുമാനമായി 50 മില്യൺ ഡോളറും ലഭിച്ചു.
അർജന്റീനൻ ഇതിഹാസം ലയണൽ മെസ്സിയേക്കാൾ ഇരട്ടിയാണ് ക്രിസ്റ്റ്യാനോയുടെ വരുമാനം. പട്ടികയിൽ അഞ്ചാമതുള്ള മെസ്സിയുടെ വാർഷിക വരുമാനം 135 മില്യൺ ഡോളറാണ്. ഇതിൽ ഓൺ ഫീൽഡിൽനിന്ന് 60 മില്യൺ ഡോളറും ഓഫ് ഫീൽഡിൽനിന്ന് 75 മില്യൺ ഡോളറും വരും. അമേരിക്കയുടെ ബാസ്ക്കറ്റ് ബാൾ താരം സ്റ്റീഫൻ കറി (156 മില്യൺ ഡോളർ), യു.കെയുടെ ബോക്സിങ് ഇതിഹാസം ടൈസൺ ഫുറി (145 മില്യൺ ഡോളർ), അമേരിക്കൻ ഫുട്ബാൾ താരം ഡാക് പ്രെസ്കോട്ട് എന്നിവരാണ് പട്ടികയിൽ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളിൽ.
സൗദി ക്ലബ് അൽ നസറിൽനിന്നുള്ള കരാർ തുകയാണ് ക്രിസ്റ്റ്യാനോയെ എതിരാളികളേക്കാൾ ബഹുദൂരം മുന്നിലെത്തിച്ചത്. ഇതിനിടെ താരം സീസണൊടുവിൽ സൗദി ക്ലബ് വിട്ടേക്കുമെന്ന അഭ്യൂഹവും പുറത്തുവരുന്നുണ്ട്.
40കാരനായ റൊണാൾഡോ സീനിയർ പോർചുഗൽ ജഴ്സിയിൽ 136 ഗോൾ നേടി ലോക റെക്കോഡിനുടമയാണ്. 2016ൽ താരം ക്യാപ്റ്റനായിരിക്കെ പോർചുഗൽ യൂറോ കപ്പിലും 2019ൽ നേഷൻസ് ലീഗിലും ചാമ്പ്യന്മാരായി. പിതാവ് മുന്നേറ്റം ഭരിക്കുന്ന സൗദി ക്ലബായ അൽനസ്റിന്റെ ജൂനിയർ ക്ലബിൽ മൂത്ത മകനും കളിച്ചുവരുകയാണ്. ഇതിനിടെയാണ് ദേശീയ ടീമിലേക്ക് വിളിയെത്തിയത്.
കഴിഞ്ഞ ദിവസമാണ് ദേശീയ ജഴ്സിയിൽ 14കാരൻ ദേശീയ ജഴ്സിയിൽ അരങ്ങേറ്റം കുറിച്ചത്. ‘‘പോർചുഗലിനായി അരങ്ങേറിയ മകന് അനുമോദനങ്ങൾ, നിന്നെയോർത്ത് ഏറെ അഭിമാനം’’ എന്നായിരുന്നു ഇൻസ്റ്റഗ്രാമിലെ പിതാവിന്റെ പോസ്റ്റ്. ക്രൊയേഷ്യയിൽ നടന്ന വ്ലാറ്റ്കോ മാർകോവിച് അണ്ടർ 15 ടൂർണമെന്റിൽ ജപ്പാനെതിരെയായിരുന്നു പോർചുഗലിന് മത്സരം. റാഫേൽ കബ്രാൾ ഹാട്രിക് കുറിച്ച് ബഹുദൂരം മുന്നിൽനിൽക്കെ 54ാം മിനിറ്റിലാണ് റൊണാൾഡോ ജൂനിയർ ആദ്യമായി ദേശീയ ജഴ്സിയിൽ ബൂട്ടുകെട്ടിയത്. താരത്തിന്റെ പ്രകടനം നിരീക്ഷിക്കാൻ പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുനൈറ്റഡ്, ബയേൺ, ഡോർട്മുണ്ട്, യുവന്റസ് ടീം മാനേജ്മെന്റ് പ്രതിനിധികൾ എത്തി. ഒപ്പം റൊണാൾഡോ സീനിയറിന്റെ മാതാവ് ഡൊളോറസ് അവീറോയും കൈയടിച്ച് ഗാലറിയിലിരുന്നു. മത്സരത്തിൽ പോർചുഗൽ 4-1ന് ജയിച്ചു.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ