ബാഴ്സലോണ: സ്പാനിഷ് ലാ ലിഗയിലെ ആവേശപ്പോരിൽ സെൽറ്റ ഡി വിഗോയെ 4-3ന് തോൽപിച്ച് ബാഴ്സലോണ. 3-1ന് പിന്നിൽ നിന്ന ശേഷമാണ് ബാഴ്സ ഗംഭീര തിരിച്ചുവരവ് നടത്തിയത്. സൂപ്പർ താരം റാഫിഞ്ഞ (68, 90+8) ഇരട്ട ഗോൾ നേടി. ഇൻജുറി ടൈമിലാണ് വിജയ ഗോൾ.
ഏഴ് ഗോൾ പിറന്ന മത്സരത്തിൽ ആദ്യം ഗോളടിച്ചത് ബാഴ്സയാണ്. ഫെറാൻ ടോറസ് 12ാം മിനിറ്റിൽ പന്ത് വലയിലാക്കി. എന്നാൽ സെൽറ്റാ വിഗോ വളരെ വേഗം തിരിച്ചുവന്നു. 15ാം മിനിറ്റിൽ ബോർജ ഇഗ്ലേസിയാസിന്റെ വകയായിരുന്നു ഗോൾ. പിന്നീട് ബാഴ്സ പ്രതിരോധത്തിലെ പിഴവുകൾ മുതലെടുത്ത് ഇഗ്ലേസിയാസ് ഹാട്രിക് (52’, 62’) ഗോളുകൾ നേടിയതോടെ സെൽറ്റ 3-1ന് മുന്നിൽ.
എന്നാൽ, പിന്നീട് ബാഴ്സ ഉയിർത്തെഴുന്നേൽക്കുന്ന കാഴ്ചയാണ് കണ്ടത്. 64ാം മിനിറ്റിൽ ഡാനിയൽ ഒൽമോ സ്കോർ ചെയ്തു. സ്കോർ 3-2. 68-ാം മിനിറ്റിൽ യമാലിൻ്റെ മികച്ച ക്രോസിൽ നിന്ന് റാഫിഞ്ഞ ഹെഡ്ഡറിലൂടെ ഗോൾ നേടി ബാഴ്സലോണയെ ഒപ്പമെത്തിച്ചു, സ്കോർ 3-3.
മത്സരം സമനിലയാകുമെന്ന ഘട്ടത്തിൽ അവസാന നിമിഷം ലഭിച്ച പെനാൽറ്റി റാഫിഞ്ഞ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ഇതോടെ ബാഴ്സക്ക് 4-3ന്‍റെ തകർപ്പൻ ജയം. 73 പോയിന്‍റോടെ ലാലിഗയിൽ ഒന്നാമതാണ് ബാഴ്സ. രണ്ടാമതുള്ള റയൽ മഡ്രിഡുമായി ഏഴ് പോയിന്‍റ് വ്യത്യാസമുണ്ട്.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ