ശ്രീനഗർ: എതിരാളികളായ റിയൽ കശ്മീരിനെ അവരുടെ തട്ടകത്തിൽ പൂട്ടിക്കെട്ടി ഐ ലീഗ് ചാമ്പ്യൻ പട്ടവും ഐ.എസ്.എൽ യോഗ്യതയും തത്കാലം മാറോടു ചേർത്ത് ചർച്ചിൽ ബ്രദേഴ്സ്. വീറുറ്റ പോര് കണ്ട ശ്രീനഗർ മൈതാനത്ത് ഇരു ടീമും ഓരോ ഗോളടിച്ചാണ് കളി സമനിലയിലായത്.
അതേ സമയം, രണ്ടാം സ്ഥാനക്കാരായ ഇന്റർ കാശിയുടെ മുൻമത്സരത്തെ കുറിച്ച അപ്പീലിൽ അന്തിമ വിധി അനുകൂലമായാൽ ചർച്ചിലിന് ചാമ്പ്യൻപട്ടം നഷ്ടമാകും. എതിരാളികളായ നാംധാരി അയോഗ്യതയുള്ള താരത്തെ കളിപ്പിച്ചുവെന്നായിരുന്നു പരാതി. മത്സരം നാംധാരി 2-0ന് ജയിച്ചിരുന്നെങ്കിലും അയോഗ്യതയുള്ള താരം കളിച്ചുവെന്ന് സ്ഥിരീകരിച്ച ഫെഡറേഷൻ അച്ചടക്ക സമിതി ഇന്റർ കാശിക്ക് അനുകൂലമായി വിധിച്ചിരുന്നു.
ടീം 3-0ന് വിജയിച്ചതായും പ്രഖ്യാപിച്ചു. ഇതിനെതിരെ നാംധാരിയുടെ അപ്പീലിൽ തീരുമാനം സ്റ്റേ ചെയ്ത അപ്പീൽ കമ്മിറ്റി ഏപ്രിൽ 28ന് അന്തിമ തീർപ്പ് പറയും. നിലവിൽ 39 പോയിന്റുള്ള ഇന്റർ കാശി ഈ മത്സരത്തിലെ വിജയിയായി തീരുമാനിക്കപ്പെട്ടാൽ ചാമ്പ്യൻപട്ടം കാശി ടീമിനാകും. സാധ്യത പട്ടികയിൽ ഒന്നിലേറെ പേർ വാശിയോടെ പോരാട്ടം നയിച്ച ദിനത്തിൽ കടുത്ത പോരാട്ടമാണ് കണ്ടത്. എട്ടാം മിനിറ്റിൽ ഗോളടിച്ച് കശ്മീർ ടീം മുന്നിലെത്തിയെങ്കിലും 50ാം മിനിറ്റിൽ ചർച്ചിൽ ഒപ്പമെത്തി. ഇതോടെ 40 പോയിന്റുമായാണ് ടീം ഒന്നാമന്മരായത്. ഗോകുലത്തിന് 37 പോയിന്റാണുള്ളത്.
From: Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/HKxN8TU