ഫ്ലോറിഡ: പരിക്കുകാരണം പുറത്തായിരുന്ന സൂപ്പർ താരം ലയണൽ മെസ്സി കളത്തിലേക്കുള്ള തിരിച്ചുവരവ് ഗോളോടെ ഗംഭീരമാക്കിയപ്പോൾ മേജർ ലീഗ് സോക്കറിൽ ഫിലാഡൽഫിയ യൂനിയനെതിരെ ഇന്റർ മയാമിക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളിന് ജയിച്ച മയാമി പോയന്റ് പട്ടികയിലെ ഒന്നാംസ്ഥാനം ഫിലാഡൽഫിയയിൽനിന്ന് തിരിച്ചുപിടിക്കുകയും ചെയ്തു. 23ാം മിനിറ്റിൽ റോബർട്ട് ടൈലർ മയാമിക്കായി അക്കൗണ്ട് തുറന്നു.
57ാം മിനിറ്റിലായിരുന്നു മെസ്സിയുടെ ഗോൾ. 80ാം മിനിറ്റിൽ ഡാനിയൽ ഗാസ്ഡാഗിലൂടെ ഫിലാഡൽഫിയ ആശ്വാസം കണ്ടെത്തി. അഞ്ച് മത്സരങ്ങളിൽ 13 പോയന്റാണ് മയാമിയുടെ സമ്പാദ്യം. ഫിലാഡൽഫിയക്ക് ആറ് മത്സരങ്ങളിൽ 12 പോയന്റും.
എംബാപ്പെ ഡബിളിൽ റയൽ
മഡ്രിഡ്: സ്പാനിഷ് ലാലിഗയിൽ ലെഗാനെസിനെതിരെ റയൽ മഡ്രിഡിന് ജയം. സ്വന്തം തട്ടകമായ സാൻഡിയാഗോ ബെർണാബ്യൂവിൽ ഒന്നിനെതിരെ രണ്ട് ഗോളിനാണ് റയൽ സന്ദർശകരെ തോൽപിച്ചത്. കിലിയൻ എംബാപ്പെ ഇരട്ട ഗോൾ നേടി. 32ാം മിനിറ്റിലെ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് എംബാപ്പെയാണ് തുടങ്ങിയത്. തൊട്ടടുത്ത മിനിറ്റിൽ ഡീഗോ ഗാർസിയയിലൂടെ ലെഗാനെസ് ഗോൾ മടക്കി. 41ാം മിനിറ്റിൽ ഡാനിയൽ റാബയും സ്കോർ ചെയ്തതോടെ ആദ്യ പകുതിയിൽ ലെഗാനെസ് 1-2ന് മുന്നിൽ. 47ാം മിനിറ്റിൽ ജൂഡ് ബെല്ലിങ്ഹാം റയലിനായി സമനില പിടിച്ചതോടെ ആവേശമേറി. 76ാം മിനിറ്റിൽ എംബാപ്പെയുടെ വിജയ ഗോളുമെത്തി. 29 മത്സരങ്ങളിൽ 63 പോയന്റുമായി രണ്ടാംസ്ഥാനത്ത് തുടരുകയാണ് റയൽ. ബാഴ്സലോണയാണ് ഒന്നാമത്.
From: Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/pA1BM0Q