കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഐ ലീഗ് ഫുട്ബാൾ മത്സരത്തിൽ ഡെംപോ സ്പോട്സ് ക്ലബിനെതിരെ ഗോൾ നേടുന്ന ഗോകുലം എഫ്.സിയുടെ നെൽസൺ ബ്രൗൺ
കോഴിക്കോട്: ഗോൾമഴ പെയ്ത ഐ ലീഗിലെ അവസാന മത്സരത്തിൽ ഡെംപോ ഗോവക്കെതിരെ തോൽവി വഴങ്ങിയ ഗോകുലത്തിന് കിരീടവും ഐ.എസ്.എൽ പ്രവേശനവുമില്ലാതെ മടക്കം. ആദ്യ 10 മിനിറ്റിനിടെ രണ്ടുവട്ടം എതിർവല കുലുക്കി മലബാറിയൻ സ്വപ്നങ്ങൾക്ക് ആയിരം വർണങ്ങൾ നൽകിയ ശേഷമായിരുന്നു 3-4ന് ടീം അടിയറവ് പറഞ്ഞത്. സ്ട്രൈക്കർ താബിസോ ബ്രൗണിന്റെ ഹാട്രിക്കിനും ടീമിനെ രക്ഷിക്കാനായില്ല.
കോർപറേഷൻ സ്റ്റേഡിയത്തിൽ ഇഞ്ചോടിഞ്ചായിരുന്നു പോരാട്ടം. നാലാം മിനിറ്റിൽ താബിസോ ബ്രൗൺ ഡെംപോ ഗോൾകീപ്പർ ആശിഷ് ഷിബിയെ കീഴടക്കി ഗോൾവേട്ടക്ക് തുടക്കമിട്ടു. കളി ചൂടുപിടിക്കുംമുന്നേ വീണ ഗോളിൽ അന്തംവിട്ട ഡെംപോ വലയിൽ 10ാം മിനിറ്റിൽ വീണ്ടും പന്തുകയറി. ഇടതുവിങ്ങിൽനിന്ന് ഗോകുലം മിഡ്ഫീൽഡർ ലബല്ലൈഡോ നൽകിയ പാസ് എടുത്ത താബിസോ ഗ്രൗണ്ട്ഷോട്ടിലായിരുന്നു വല കുലുക്കിയത്. പിന്നീടുള്ള നിമിഷങ്ങളിൽ ഡെംപോ മുന്നേറ്റത്തെ ബോക്സിനുള്ളിൽ കടക്കാൻ അനുവദിക്കാതെ മലബാറിയൻസ് പ്രതിരോധം ശക്തമാക്കി. 17ാം മിനിറ്റിൽ ഡെംപോക്ക് ലഭിച്ച കോർണർ ഗോകുലം ഗോൾ കീപ്പർ രക്ഷിത് ധഗർ മനോഹരമായി സേവ് ചെയ്തു.
എന്നാൽ, കെട്ടുപൊട്ടിച്ച് 21ാം മിനിറ്റിൽ മിഡ്ഫീൽഡർ മാർക്കസ് ഡാമിയൻ ഗോളാക്കിയതോടെ മൈതാനത്ത് നീക്കങ്ങൾക്ക് ചൂടേറി. 33ാം മിനിറ്റിൽ പെനാൽട്ടി ബോക്സിനുള്ളിൽ മാർക്കസ് ജോസഫ് നൽകിയ പന്ത് സ്വീകരിച്ച കപിൽ, ഗോളി രക്ഷിതിന് പിടി നൽകാതെ വലയിലാക്കി. ഇതോടെ സ്കോർ 2-2.
രണ്ടാം പാതിയിൽ ഇരു ടീമുകളും ആക്രമണം കനപ്പിച്ചു. 55ാം മിനിറ്റിൽ പരിക്കിനെത്തുടർന്ന് ഗോകുലം ഗോൾ കീപ്പർ രക്ഷിതിനു പകരം ഷിബിൻ രാജ് ഇറങ്ങി. 62ാം മിനിറ്റിൽ ഗോകുലം പ്രതിരോധ നിരയിലെ മഹഷൂർ ഷെരീഫിന് രണ്ടാം തവണയും ഹാൻഡ് ബാൾ ഫൗളിനെത്തുടർന്ന് ചുവപ്പ് കാർഡ് ലഭിച്ചു. 10 പേരായി ചുരുങ്ങിയ മലബാറിയൻസിന് ജയം പിടിക്കൽ എളുപ്പമല്ലെന്നായി. 70ാം മിനിറ്റിൽ ഡെംപോയുടെ ഡാമിയൻ നൽകിയ പാസ് മിഡ്ഫീൽഡർ ബ്രോസോ ദിദിയർ ഹെഡ് ചെയ്ത് ഗോളാക്കിയതോടെ സ്കോർ 3-2 ആയി. 73ാം മിനിറ്റിൽ കോർണറിൽ ലക്ഷ്യം കണ്ട് താബിസോ ഹാട്രിക് കുറിച്ചു. ഇഞ്ചുറി സമയത്തിന്റെ നാലാം മിനിറ്റിൽ ഡെംപോ താരം ഡാമിയൻ വല നിറച്ചതോടെ ടീം ജയമുറപ്പിച്ചു. താരത്തിന്റെ രണ്ടാം ഗോളായിരുന്നു ഇത്.
From: Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/jnvoOGD