ന്യൂയോർക്ക്: കരിയറിൽ ഇതുവരെ നേടിയതിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗോൾ തെരഞ്ഞെടുത്ത് ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സി. അർജന്‍റീനയുടെ ദേശീയ ജഴ്സിയിലും ബാഴ്സലോണ, പി.എസ്.ജി, ഇന്‍റർ മയാമി ക്ലബുകൾക്കുമായി 800ലധികം ഗോളുകളാണ് മെസ്സി ഇതുവരെ നേടിയത്.
ഇതിൽതന്നെ പ്രതിഭയുടെ കൈയൊപ്പ് ചാർത്തിയ എത്രയെത്ര ഗോളുകൾ…ഇതിൽ നിന്നാണ് മെസ്സി തനിക്ക് ഏറ്റവും പ്രിയപ്പെട്ട ആ ഗോൾ തെരഞ്ഞെടുത്തത്. 2008-09 യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരെ നേടിയ ഹെഡ്ഡർ ഗോളാണ് മെസ്സിക്ക് ഏറെ പ്രിയപ്പെട്ടത്. ഫൈനലിൽ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് യുനൈറ്റഡിനെ വീഴ്ത്തി ബാഴ്സ കിരീടവും നേടി. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മെസ്സി നേടുന്ന ആദ്യ ഗോൾ കൂടിയാണത്.
ഇന്റർ മയാമിയുടെ നേതൃത്വത്തിൽ നടന്ന ഒരു ചാരിറ്റി പരിപാടിയിലാണ് താരം ഈ ഗോൾ തെരഞ്ഞെടുത്തത്. ‘മനോഹരവും പ്രധാനപ്പെട്ടതുമായ നിരവധി ഗോളുകൾ ഞാൻ നേടിയിട്ടുണ്ട്, പക്ഷേ മാഞ്ചസ്റ്റർ യുനൈറ്റഡിനെതിരായ ഫൈനലിൽ നേടിയ ഹെഡ്ഡർ ഗോളാണ് എനിക്ക് പ്രിയപ്പെട്ടത്’ -മെസ്സി പറഞ്ഞു. സാവി ഹെര്‍ണാണ്ടസ് ബോക്‌സിനുള്ളിലേക്ക് ചിപ്പ് ചെയ്ത് നൽകിയ പന്താണ് മികച്ചൊരു ഹെഡ്ഡറിലൂടെ മെസ്സി വലയിലാക്കിയത്.
ഏകദേശം 9 അടി (2.70 മീറ്റര്‍) ഉയരത്തില്‍നിന്നുള്ള മെസ്സിയുടെ ഹെഡ്ഡര്‍ യുനൈറ്റഡ് ഗോള്‍കീപ്പര്‍ എഡ്വിന്‍ വാന്‍ ഡി സാറിനെ മറികടന്ന് വലകുലുക്കി. പിന്നാലെ മെസ്സി നിലത്തു വീഴുകയും ഒരു കാലിലെ ബൂട്ട് ഊരിപോകുകയും ചെയ്തു. ബൂട്ട് കൈയിലെടുത്ത് ഓടി ഗോൾ ആഘോഷിക്കുന്നതിനിടെ ഇടക്ക് അതിൽ ചുംബിക്കുന്നതും കാണാനാകും. മെസ്സി നേടിയ ഈ ഗോള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഒരു കലാസൃഷ്ടിയായി മാറ്റും.
ജൂണ്‍ 11ന് നടക്കുന്ന ചടങ്ങിൽ ഇത് ലേലത്തിന് വെക്കും. കലാസൃഷ്ടിയില്‍ മെസ്സിയും പ്രശസ്ത കലാകാരനായ റെഫിക് അനഡോളും ഒപ്പിടും. ഇതുവഴി ലഭിക്കുന്ന പണം കുട്ടികളുടെ ക്ഷേമത്തിനായി ഉപയോഗിക്കാനാണ് തീരുമാനം.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ