ഫിറോസ് കളത്തിങ്ങലും അബ്ദുസമദും
മഞ്ചേരി: കേരള പ്രീമിയർ ലീഗിൽ (കെ.പി.എൽ) കേരള പൊലീസിനെ തോൽപ്പിച്ച് മുത്തൂറ്റ് ഫുട്ബാൾ അക്കാദമി ജേതാക്കളായപ്പോൾ ആശാനെ വീഴ്ത്തി കിരീടത്തിൽ മുത്തമിട്ടത് ശിഷ്യൻ. മഞ്ചേരി പുല്ലൂർ സ്വദേശി ഫിറോസ് കളത്തിങ്ങൽ പൊലീസിനായി കളത്തിലിറങ്ങിയപ്പോൾ ഫിറോസ് ബ്രാൻഡ് അംബാസഡറായ ഏറനാട് ഫുട്ബാൾ അക്കാദമിയിലൂടെ വളർന്ന അബ്ദുസ്സമദ് മുത്തൂറ്റിനായും ജഴ്സിയണിഞ്ഞു. ഫൈനൽ മത്സരം ആശാനും ശിഷ്യനും തമ്മിലുള്ള പോരാട്ടമായി മാറി.
40 പിന്നിട്ടിട്ടും ഫിറോസ് പൊലീസിന്റെ മിന്നുംതാരമാണ്. യുവതാരങ്ങളെ വെല്ലുന്ന ഫിറ്റ്നസ് നിലനിർത്തി കളിമുറ്റത്ത് സജീവം. 10 വർഷത്തിനുശേഷം കേരള പൊലീസ് വീണ്ടും കെ.പി.എല്ലിൽ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത് ഫിറോസിന്റെ കൂടി കരുത്തിലാണ്. മുമ്പ് 2015ലാണ് പൊലീസ് അവസാനമായി ഫൈനലിന് യോഗ്യത നേടിയത്. അന്നും ഫിറോസ് ടീമിൽ അംഗമായിരുന്നു. 14 വർഷമായി പൊലീസിനായി പന്ത് തട്ടുന്നു. നിലവിൽ പാണ്ടിക്കാട് ഐ.ആർ.ബി ക്യാമ്പിൽ സബ് ഇന്‍സ്പെക്ടറാണ്.
ഏറനാട് സോക്കർ അക്കാദമിയിലൂടെയാണ് അബ്ദുസ്സമദ് പന്തുതട്ടി തുടങ്ങിയത്. നാല് വർഷം അക്കാദമിയുടെ ഭാഗമായി. 2022-23ലെ വൈ.എസ്.എൽ ചാമ്പ്യൻഷിപ്പിൽ ഏറനാട് സോക്കർ അക്കാദമി ജേതാക്കളാകുമ്പോൾ ടീമിന്റെ ക്യാപ്റ്റൻ അബ്ദുസ്സമദായിരുന്നു. ഏറനാടിലൂടെ മുത്തൂറ്റിലെത്തിയ സമദ് 2023ൽ അണ്ടർ 20 ഇന്ത്യൻ ടീമിന്റെ പരിശീലന ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കൊണ്ടോട്ടി ഇ.എം.ഇ.എ കോളജ് ഒന്നാം വർഷ ബിരുദ വിദ്യാർഥിയാണ്. കോളജ് ടീമിനായും കളത്തിലുണ്ട്.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ