അടിമുടി മാറാൻ റയൽ! പുതിയ താരങ്ങളെ അവതരിപ്പിക്കാനൊരുങ്ങി ക്ലബ്
മഡ്രിഡ്: പുതിയ പരിശീലകനു കീഴിൽ വമ്പൻ മാറ്റങ്ങൾക്കൊരുങ്ങി സ്പാനിഷ് ക്ലബ് റയൽ മഡ്രിഡ്. ക്ലബിന്റെ പുതിയ സൈനിങ് താരങ്ങളെ റയൽ ഈയാഴ്ച ആരാധകർക്കു മുമ്പിൽ അവതരിപ്പിക്കുമെന്ന് വിവിധ സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലിവർപൂൾ വിട്ടെത്തിയ ട്രെന്റ് അലെക്സാണ്ടർ അർനോൾഡ്, ബെൻഫിക്കയുടെ അൽവാരോ കരേരസ് എന്നിവരാണ് ക്ലബുമായി പുതുതായി കരാറിലെത്തിയത്.
കാർലോ ആഞ്ചലോട്ടി പടിയിറങ്ങിയ ഒഴിവിലേക്ക് സാവി അലൻസോയെയാണ് റയൽ പരിശീലകനായി എത്തിച്ചത്. കഴിഞ്ഞദിവസം ക്രിസ്റ്റൽ പാലസിനെതിരെ അവസാന മത്സരം കളിച്ചാണ് ട്രെന്റ് അലക്സാണ്ടർ ആൻഫീൽഡിനോട് വിടപറഞ്ഞത്. രണ്ടു ദശകം ലിവർപൂളിനൊപ്പം പന്തു തട്ടിയാണ് താരം സൗജന്യ ട്രാൻസ്ഫറിൽ റയലിലേക്ക് കൂടുമാറിയത്. നിലവിൽ പോർചുഗീസ് ക്ലബ് ബെൻഫിക്കയുടെ പ്രതിരോധ താരമായ കരേരസുമായും റയൽ ധാരണയിലെത്തിയെന്നാണ് പുറത്തുവരുന്ന വിവരം.
സീസണിൽ വ്യത്യസ്ത ചാമ്പ്യൻഷിപ്പുകളിലായി ബെൻഫിക്കക്കായി 50 മത്സരങ്ങൾ കളിച്ച മുൻ മാഞ്ചസ്റ്റർ യുനൈറ്റഡ് താരം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 23കാരാനായ താരം 2017-2020 കാലയളവിൽ റയൽ മഡ്രിഡിന്റെ യൂത്ത് ടീമിനായി കളിച്ചിട്ടുണ്ട്. പിന്നാലെ യുനൈറ്റഡിൽ ചേർന്ന താരം വായ്പാടിസ്ഥാനത്തിൽ ഗ്രാനഡ, പ്രെസ്റ്റൻ, ബെൻഫിക്ക ക്ലബുകൾക്കായും പന്തുതട്ടി. 2024ലാണ് ബെൻഫിക്കയുമായി സ്ഥിരം കരാറിലെത്തുന്നത്. ഇതിനിടെ യുനൈറ്റഡും റയലും യുവതാരത്തെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തി.
തരം താഴ്ത്തൽ ഭീഷണിയിൽ നിൽക്കെ ചുമതലയേറ്റ് തൊട്ടടുത്ത സീസണിൽ ബുണ്ടസ് ലിഗ, ജർമൻ കപ്പ് കിരീടങ്ങൾ ബയേറിലെത്തിച്ച അലൻസോ ഈ സീസണിലും ടീമിന് മികച്ച നേട്ടങ്ങൾ സമ്മാനിച്ചാണ് റയയിലേക്ക് എത്തിയത്. ക്ലബിൽ പുതിയ യുഗത്തിന്റെ തുടക്കമെന്നാണ് സാബി ചുമതലയേറ്റശേഷം പ്രതികരിച്ചത്.
സീസണിൽ ലാ ലിഗയിൽ രണ്ടാമത് ഫിനിഷ് ചെയ്തെങ്കിലും ചിരവൈരികളായ ബാഴ്സലോണയോട് നാലു എൽ ക്ലാസികോയിലും പരാജയപ്പെട്ടത് ടീമിന് വലിയ ക്ഷീണമായി. യുവേഫ ചാമ്പ്യൻഷ് ലീഗിൽ ക്വാർട്ടർ ഫൈനലിൽ ആഴ്സണലിനു മുന്നിലും ക്ലബിന് അടിതെറ്റി.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ