
ന്യൂഡൽഹി: ട്വന്റി20 ക്രിക്കറ്റിൽ 400 വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ ബൗളറെന്ന ചരിത്രം കുറിച്ച് സ്പിന്നർ യുസ്‌വേന്ദ്ര ചഹൽ. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ തമിഴ്നാടിനെതിരായ മത്സരത്തിൽ ഹരിയാനക്കുവേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തിയാണ് 36കാരൻ അപൂർവ നേട്ടത്തിലെത്തിയത്. ഇതോടെ അന്താരാഷ്ട്ര, ആഭ്യന്തര, ഫ്രാഞ്ചൈസി ടി20 മത്സരങ്ങളിലായി ചാഹലിന്റെ വിക്കറ്റ് സമ്പാദ്യം 402 ആയി ഉയർന്നു.
ബുധനാഴ്ച ഇൻഡോറിൽ നടന്ന മത്സരത്തിനിറങ്ങുമ്പോൾ 399 വിക്കറ്റുകളായിരുന്നു ചഹലിന്റെ പേരിലുണ്ടായിരുന്നത്. ആദ്യ ഓവറിൽതന്നെ അമിത് സാത്വിക്കിനെ പുറത്താക്കി ചഹൽ 400 വിക്കറ്റ് നേട്ടം സ്വന്തമാക്കി. പിന്നാലെ രണ്ട് വിക്കറ്റ് കൂടി വീഴ്ത്തിയ താരം നാലോവറിൽ 16 റൺസ് മാത്രം വഴങ്ങിയാണ് മൂന്ന് വിക്കറ്റെടുത്തത്. ചഹലിന്റെ ബൗളിംഗ് മികവിൽ തമിഴ്നാട് 19.5 ഓവറിൽ 124 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹരിയാന ഏഴ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കി.
ഇന്ത്യൻ താരങ്ങളിൽ ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകളുള്ള ബൗളറെന്ന നേട്ടവും ചഹലിനാണ്. 366 വിക്കറ്റുമായി ഭുവനേശ്വർ കുമാറാണ് രണ്ടാമത്. 354 വിക്കറ്റുകളുള്ള ജസ്പ്രീത് ബുംറ മൂന്നാം സ്ഥാനത്തും 329 വിക്കറ്റുകളുമായി പിയൂഷ് ചൗള നാലാം സ്ഥാനത്തുമുണ്ട്. 323 വിക്കറ്റുകളുള്ള ആർ. അശ്വിനാണ് അഞ്ചാമത്.
2023ന് ശേഷം ഇന്ത്യൻ ദേശീയ ടീമിൽ ഇടം ലഭിച്ചിട്ടില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റിലും ഐ.പി.എല്ലിലും മികച്ച പ്രകടനം തുടരുകയാണ് ചാഹൽ. ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, രാജസ്ഥാൻ റോയൽസ് ടീമുകൾക്കുവേണ്ടി കളിച്ചിട്ടുള്ള താരം നിലവിൽ പഞ്ചാബ് കിങ്സിന്റെ ഭാഗമാണ്. 2025 സീസണിനു മുന്നോടിയായി 18 കോടി രൂപക്കാണ് പഞ്ചാബ് ചാഹലിനെ സ്വന്തമാക്കിയത്.
ലോക ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ താരങ്ങളുടെ പട്ടികയിൽ അഫ്ഗാനിസ്താന്റെ റാഷിദ് ഖാനാണ് മുന്നിൽ. 553 മത്സരങ്ങളിൽനിന്ന് 743 വിക്കറ്റുകളാണ് റാഷിദ് സ്വന്തമാക്കിയത്. വെസ്റ്റിൻഡീസിന്റെ സുനിൽ നരെയ്ൻ 658 വിക്കറ്റുകളുമായി രണ്ടാമതും മുൻ ഓൾറൗണ്ടർ ഡ്വെയ്ൻ ബ്രാവോ 631 വിക്കറ്റുകളുമായി മൂന്നാമതുമുണ്ട്.
