
ബിർമിങ്ഹാം (ഇംഗ്ലണ്ട്): വനിത ട്വന്റി20 ലോകകപ്പിൽ കന്നിക്കിരീടം തേടുന്ന ഇന്ത്യക്ക് ഞായറാഴ്ച ആദ്യ അങ്കം. ഗ്രൂപ് ഒന്നിലെ മത്സരത്തിൽ അയൽക്കാരായ പാകിസ്താനാണ് എതിരാളികൾ. കഴിഞ്ഞ വർഷം ഏകദിന കിരീടം നേടിയതിന്റെ ആവേശം കെട്ടടങ്ങും മുമ്പാണ് ഹർമൻപ്രീത് കൗറും സംഘവും കുട്ടി ക്രിക്കറ്റിലെ വിശ്വമേളക്കിറങ്ങുന്നത്. എട്ട് തവണ ട്വന്റി20 ലോകകപ്പ് കളിച്ച ഇന്ത്യ 2020ൽ റണ്ണറപ്പായതാണ് ഏറ്റവും മികച്ച പ്രകടനം.
ദക്ഷിണാഫ്രിക്കയിൽ 1-4നും ഇംഗ്ലണ്ടിൽ 1-2നും പരമ്പരകൾ അടിയറവെച്ച ശേഷമാണ് ഇന്ത്യ ലോകകപ്പിനിറങ്ങുന്നത്. സന്നാഹ മത്സരങ്ങളിൽ വെസ്റ്റിൻഡീസിനെ തോൽപിച്ചപ്പോൾ ഇംഗ്ലീഷുകാരോട് പരാജയം രുചിച്ചു. സ്മൃതി മന്ദാന-ഷഫാലി വർമ ഓപണിങ് ജോടിയിലും പിന്നാലെയെത്തുന്ന ജെമീമ റോഡ്രിഗസ്, ക്യാപ്റ്റൻ ഹർമൻ, ഭാരതി ഫുൾമാലി, റിച്ച ഘോഷ് എന്നിവരിലുമാണ് പ്രധാന ബാറ്റിങ് പ്രതീക്ഷ. പരിക്കുകാരണം പേസർമാരായ അമൻജോത് കൗറും കശ്വീ ഗൗതവുമില്ലാത്തത് ബൗളിങ് നിരയിൽ തിരിച്ചടിയാണ്.
ഫാത്തിമ സനയാണ് പാക് സംഘത്തെ നയിക്കുന്നത്. ട്വന്റി20യിൽ പാകിസ്താനെതിരെ ഇന്ത്യക്ക് വൻ മുൻതൂക്കമുണ്ട്. 16ൽ 13 മത്സരങ്ങളും ജയിച്ചു.
