‘സഞ്ജുവിനോട് എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്‍? ജിതേഷ് ശർമക്കും സമാന അവസ്ഥയുണ്ടാകും…’; ടീം മാനേജ്മെന്‍റിനെതിരെ മുൻ ഇന്ത്യൻ താരം



മുംബൈ: ആസ്ട്രേലിയക്കെതിരായ ട്വന്‍റി20 പരമ്പരയിലെ നാലാമത്തെ മത്സരത്തിലും മലയാളി താരം സഞ്ജു സാംസണെ കളിപ്പിക്കാത്തതിനെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജുവിനെ രണ്ടാമത്തെ മത്സരത്തിൽ മൂന്നാം നമ്പറിലേക്ക് സ്ഥാനം കയറ്റം നൽകി ബാറ്റിങ്ങിന് ഇറക്കിയെങ്കിലും താരത്തിന് തിളങ്ങാനായില്ല. വൺഡൗണായി ഇറങ്ങിയ സഞ്ജു രണ്ട് റൺസ് മാത്രമെടുത്ത് പുറത്തായി. മഴമൂലം ഉപേക്ഷിച്ച ആദ്യ മത്സരത്തിൽ താരം ബാറ്റ് ചെയ്തിരുന്നില്ല.

അതിനുശേഷമുള്ള രണ്ടു മത്സരങ്ങളിലും സഞ്ജുവിന് പകരം യുവതാരം ജിതേഷ് ശർമയാണ് കളിച്ചത്. ട്വന്‍റി20 ഫോർമാറ്റിൽ മികച്ച ഫോമിലുള്ള സഞ്ജുവിനെ തുടർച്ചയായി രണ്ടാം മത്സരത്തിലും പുറത്തിരുത്തിയ തീരുമാനം അമ്പരപ്പിച്ചെന്ന് ചോപ്ര തന്‍റെ യൂട്യുബ് ചാനലിൽ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ട്വന്‍റി20 ലോകകപ്പ് മുതലുള്ള കണക്കെടുത്താൽ, ഈ ഫോർമാറ്റിൽ ഇന്ത്യയുടെ റൺവേട്ടക്കാരിൽ മൂന്നാമനാണ് സഞ്ജു. ഓപ്പണിങ്ങില്‍ അഭിഷേക് ശർമക്കൊപ്പം തകർപ്പൻ ഫോമിൽ ബാറ്റ് ചെയ്തിരുന്ന സഞ്ജു കഴിഞ്ഞ വർഷം മൂന്നു സെഞ്ച്വറികളാണ് നേടിയത്. എന്നാൽ, ട്വന്‍റി20 ടീമിലേക്കുള്ള ശുഭ്മൻ ഗില്ലിന്‍റെ തിരിച്ചുവരവോടെയാണ് സഞ്ജുവിന് ഓപ്പണർ സ്ഥാനം നഷ്ടമായത്. കരിയറിൽ അപൂർവമായി മാത്രം കളിച്ചിട്ടുള്ള മധ്യനിരയിലായി പിന്നീട് താരത്തിന്‍റെ ബാറ്റിങ് സ്ഥാനം.

സ‍ഞ്ജുവിന്റെ കാര്യത്തിൽ മാനേജ്മെന്റ് എന്താണ് ചെയ്തുകൂട്ടുന്നതെന്ന് മനസിലാവുന്നില്ലെന്ന് ചോപ്ര പറഞ്ഞു. ജിതേഷ് ശർമക്കും സമാനമായ അവസ്ഥ നേരിടേണ്ടിവന്നേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ‘സഞ്ജുവിന്‍റെ കാര്യത്തിൽ എന്തു തീരുമാനിച്ചു എന്നതാണ് ഏറ്റവും വലിയ ചോദ്യം. സഞ്ജു കളിക്കാത്തത് വലിയൊരു ചോദ്യമാണ്. എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്. സഞ്ജുവിനെ കളിപ്പിച്ചപ്പൊഴൊക്കെ നന്നായി കളിച്ചു. അസാധാരണ പ്രകടനം കാഴ്ചവെച്ചു എന്ന് ഞാൻ പറയില്ല, പക്ഷേ താരം മോശമല്ലാത്ത രീതിയിൽ കളിച്ചു. ഒമാനെതിരായ മത്സരത്തിൽ ബാറ്റിങ്ങിൽ സ്ഥാനക്കയറ്റം നൽകി, അദ്ദേഹം അർധ സെഞ്ച്വറി നേടി’ -ചോപ്ര പറഞ്ഞു.

സഞ്ജുവിനെ ടീം മാനേജ്മെന്‍റ് കൈകാര്യം ചെയ്യുന്ന രീതം ആരാധകർക്കിടയിൽ അനാവശ്യ ആശ‍യക്കുഴപ്പം സൃഷ്ടിച്ചു. ഏഷ്യ കപ്പിനുശേഷം അദ്ദേഹത്തെ തഴയുകയാണെന്നും ചോപ്ര കൂട്ടിച്ചേർത്തു. സഞ്ജുവിനെ ഏഷ്യാ കപ്പ് ഫൈനലിൽ കളിപ്പിച്ചു. മോശമല്ലാത്ത റൺസെടുത്തു. സഞ്ജുവിന് മധ്യനിരയിൽ ബാറ്റ് ചെയ്യാൻ കഴിയുമെന്ന് ടീം മാനേജ്മെന്റ് തന്നെയാണ് പറഞ്ഞത്. അദ്ദേഹത്തെ ഓപ്പണറായി ഇറക്കുന്നില്ലെങ്കിൽ ജിതേഷിനെ കളിപ്പിക്കണമെന്നായിരുന്നു താൻ പറഞ്ഞിരുന്നത്. എന്നാൽ സഞ്ജുവിന്‍റെ കാര്യം തങ്ങൾ നോക്കിക്കൊള്ളാമെന്നും അദ്ദേഹത്തെ കളിപ്പിക്കുമെന്നുമാണ് പറഞ്ഞിരുന്നതെന്നും ചോപ്ര വ്യക്തമാക്കി.

ഓസീസിനെതിരെ കാൻബറയിൽ അവന് ബാറ്റിങ്ങിന് അവസരം ലഭിച്ചില്ല. മെൽബണിൽ സഞ്ജുവിനെ മൂന്നാം നമ്പറിൽ ഇറക്കി. അത്ഭുതം. എന്നാൽ പിന്നീട് നിങ്ങൾ അദ്ദേഹത്തെ ടീമിൽ നിന്ന് ഒഴിവാക്കി. ഇതും അംഗീകരിക്കണോ? എന്താണ് ചെയ്തുകൂട്ടുന്നതെന്ന് മനസിലാവുന്നില്ല. ജിതേഷ് ശർമക്കും സമാനമായ അവസ്ഥ നേരിടേണ്ടിവന്നേക്കാം. തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെക്കുകയും 20ൽ കൂടുതൽ റൺസ് നേടുകയും ചെയ്താൽ, ജിതേഷ് ടീമിൽ തുടരും. പക്ഷേ അങ്ങനെ ചെയ്യുമോ എന്ന ചോദ്യത്തിന് ഉത്തരമില്ലെന്നും ചോപ്ര കൂട്ടിച്ചേർത്തു.



© Madhyamam